ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് നഗരത്തില്‍ യാത്രക്കാരുമായി സഞ്ചരിച്ച മെക്‌സിക്കന്‍ നാവിക സേന കപ്പല്‍ നഗരത്തിലെ ബ്രൂക്ലിന്‍ പാലത്തില്‍ ഇടിച്ചുകയറി രണ്ട് പേര്‍ മരിച്ചു. 200 യാത്രക്കാരുമായി പോയ കപ്പലാണ് പാലത്തിലേക്ക് ഇടിച്ചുകയറിയത്.
അപകടത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റതായും ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നും ന്യൂയോര്‍ക്ക് മേയര്‍ എറിക് ആഡംസ് പറഞ്ഞു. കപ്പലിലുണ്ടായിരുന്നു ഭൂരിഭാഗം ആളുകള്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നും അവയെല്ലാം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മെക്‌സിക്കന്‍ നാവികസേനയുടെ പരിശീലന കപ്പലായ കുവാട്ടെമോകാണ് അപകടത്തില്‍പെട്ടത്. 15രാജ്യങ്ങളിലായി 22 തുറമുഖങ്ങള്‍ സന്ദര്‍ശിക്കാനായിരുന്നു കപ്പലിന്റെ ദൗത്യം. ന്യൂയോര്‍ക്ക് ഹാര്‍ബറില്‍ നിന്ന് കാഡറ്റ് പരിശീലന കപ്പല്‍ പുറപ്പെടുമ്പോഴായിരുന്നു സംഭവം നടന്നത്.
അതേസമയം അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ലെന്നും കപ്പലിലുണ്ടായിരുന്ന ആരും തന്നെ നദിയിലേക്ക് വീണിട്ടില്ലെന്നും യു.എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കപ്പല്‍ അപകടത്തില്‍പെടുമ്പോള്‍ പുറത്ത് നിന്നും എടുത്ത വീഡിയോകള്‍ നേരത്തെ തന്നെ വൈറലായിരുന്നു. 147ഓളം അടി ഉയരമുള്ള രണ്ട് കൊടിമരങ്ങള്‍ പാലത്തില്‍ തകര്‍ന്ന് വീഴുന്നതായിരുന്നു ദൃശ്യത്തില്‍ ഉണ്ടായിരുന്നത്.
അപകടം രാത്രി 8.30യോടെയായിരുന്നുവെന്നും വെള്ളവസ്ത്രം ധരിച്ച നാവികര്‍ ബോട്ടിന് മുകളില്‍ നിന്നും വീഴുന്നതും കുറച്ചുപേര്‍ കപ്പലിന്റെ കൊടിമരത്തില്‍ തന്നെ പിടിച്ചുനില്‍ക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കപ്പല്‍ കരയിലേക്കെത്തുമ്പോഴേക്കും ആളുകള്‍ ഓടുന്നതും ദൃശ്യത്തില്‍ കാണാം. അതേസമയം നിലവില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ന്യൂയോര്‍ക്ക് അഗ്നിശമന വകുപ്പ് അറിയിച്ചു.
Content Highlight: Mexican Navy ship crashes into Brooklyn Bridge in New York; two dead