| Tuesday, 4th August 2026, 9:23 am

പ്രധാനമന്ത്രിയുടെ വീഡിയോ: മാപ്പ് പറയാന്‍ തയ്യാറെന്ന് പാര്‍ലമെന്റ് സമിതിയോട് മെറ്റ

റെന്വര്‍ പി

ന്യുദല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദി യുവാക്കളെ അഭിസംബോധന ചെയ്ത് ഫേസ്ബുക്കില്‍ അപ് ലോഡ് ചെയ്ത വീഡിയോ നീക്കം ചെയ്യപ്പെട്ട സംഭവത്തില്‍ മാപ്പ് പറയാന്‍ തയ്യാറാണെന്ന് മെറ്റ അറിയിച്ചു. ഇന്നലെ (ഓഗസ്റ്റ് മൂന്ന്, തിങ്കള്‍) പാര്‍ലമെന്റ് സമിതിക്ക് മുമ്പാകെയാണ് മെറ്റ ഈ കാര്യം വ്യക്തമാക്കിയതെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ മാസം അവസാന വാരമായിരുന്നു പ്രധാന മന്ത്രിയുടെ വീഡിയോ മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടത്. ഈ സംഭവത്തില്‍ മെറ്റ പിന്നീട് ഖേദമറിയിക്കുകയും ചെയ്തിരുന്നു. വീഡിയോ പുനസ്ഥാപിച്ച മെറ്റ സാങ്കേതിക തകരാര്‍ കാരണമാണ് നീക്കം ചെയ്യപ്പെട്ടതെന്ന് വിശദീകരിക്കുകയും ചെയ്തിരുന്നു.

ഈ വിഷയത്തില്‍ ഐ.ടി വകുപ്പുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സമിതി അംഗങ്ങളും മെറ്റ പ്രതിനിധികളും ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. മെറ്റക്കെതിരെ നിയമ നടപടി വേണമെന്ന് സമിതി അംഗങ്ങള്‍ ആവശ്യപ്പെട്ടതായി പി.ടി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

മെറ്റക്ക് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നത് ഇന്ത്യയില്‍ നിന്നായിട്ടും അവര്‍ രാജ്യത്തെ നിയമം പിന്തുടരുന്നില്ലെന്ന് കൂടിക്കാഴ്ചയില്‍ സമിതി അംഗങ്ങള്‍ ആരോപിച്ചു. പോണോഗ്രഫി പോലുള്ള ഉള്ളടക്കങ്ങള്‍ മെറ്റയുടെ പ്ലാറ്റ്‌ഫോമുകളില്‍ ഒരു പ്രശ്‌നവുമില്ലാതെ ലഭിക്കുന്നുണ്ടെന്നും എന്നാല്‍ ‘സത്യസന്ധമായ’ ഉള്ളടക്കങ്ങള്‍ അതില്‍ നിന്നും നീക്കം ചെയ്യപ്പെടുന്നുവെന്നും അവര്‍ ആരോപിക്കുന്നു.

‘നിരവധി ആക്ഷേപകരമായ ഉള്ളടക്കങ്ങള്‍ ഫേസ്ബുക്ക് നീക്കം ചെയ്യാതിരിക്കുമ്പോള്‍, പ്രധാനമന്ത്രിയുടെ വീഡിയോ ആരാണ് നീക്കം ചെയ്തത്,’ സമിതി അംഗമായ ഒരു എം.പി മെറ്റ പ്രതിനിധികളോട് ചോദിച്ചതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

സാങ്കേതിക തകരാര്‍ കാരണമാണ് മോദിയുടെ വീഡിയോ നീക്കം ചെയ്തതെന്ന മെറ്റയുടെ വിശദീകരണം തൃപ്തികരമല്ലെന്ന നിലപാടാണ് ഇലക്ട്രോണിക്‌സ്-ഐ.ടി മന്ത്രാലയം സ്വീകരിക്കുന്നതെന്നാണ് വിവരം. ഒരു മാപ്പ് പറഞ്ഞാല്‍ തീരുന്ന വിഷയമല്ല ഇതെന്ന് ഒരു ബി.ജെ.പി എം.പി അവകാശപ്പെട്ടതായും പി.ടി.ഐയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ബി.ജെ.പി എം.പി നിഷികാന്ത് ദുബെ അധ്യക്ഷനായ സമിതിക്ക് മുന്നിലാണ് മെറ്റ പ്രതിനിധികള്‍ ഇന്നലെ ഹാജരായത്. ഒരു ജനാധിപത്യ രാജ്യത്ത് പ്രധാനമന്ത്രിയുടെ വീഡിയോ പോലും സുരക്ഷിതമല്ലെങ്കില്‍ അത് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിന്റെ ഉത്തരവാദിത്ത ബോധം ശരിപ്പെടുത്തേണ്ടതായ വിഷയമാണെന്ന് ഒരു പാര്‍ലമെന്ററി സമിതി അംഗം ആഭിപ്രായപ്പെട്ടതായും പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തില്‍ ജൂലൈ 28ന് മെറ്റക്ക് ഇലക്ട്രോണിക്‌സ്, ഐ.ടി മന്ത്രാലം നോട്ടീസ് അയച്ചിരുന്നു. ഈ നോട്ടീസില്‍ ആവശ്യപ്പെടുന്ന പ്രകാരമാണ് മെറ്റ പ്രതിനിധികള്‍ പാര്‍ലമെന്റ് സമിതിക്ക് മുമ്പാകെ ഹാജരായത്.

രാജ്യത്തെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് ജൂലൈ 23ന് മോദി ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും വീഡിയോ അപ് ലോഡ് ചെയ്തിരുന്നു. ഈ വീഡിയോ ആയിരുന്നു നീക്കം ചെയ്യപ്പെട്ടത്. മണിക്കൂറുകള്‍ക്കുള്ളില്‍ ഈ വീഡിയോ പുനസ്ഥാപിക്കപ്പെടുകയും ചെയ്യുന്നു.

സി.ജെ.പി പ്രതിഷേധത്തിന്റെ സമയത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്ന് മെറ്റ അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് ജൂലൈ 27ന് കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു മോദിയുടെ വീഡിയോ നീക്കം ചെയ്യപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്.

നേരത്തെ സി.ജെ.പി പ്രതിഷേധ സമയത്ത് ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവച്ച വീഡിയോകളുമായി ബന്ധപ്പെട്ട് മെറ്റ ഇന്ത്യ തലവന്‍ അരുണ്‍ ശ്രീനിവാസിനെതിരെ ഹൈദരാബാദ് സൈബര്‍ ക്രൈം പൊലീസ് കേസെടുത്തിരുന്നു. അരുണ്‍ ശ്രീനിവാസിന് പുറമെ ചില ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളെ കൂടി പ്രതികളാക്കിയായിരുന്നു കേസ്. ബി.ജെ.പി പ്രവര്‍ത്തകന്‍ ടി. സായ് കിരണ്‍ ഗൗഡ്, വ്യവസായിയായ എസ്. അരവിന്ദ് റെഡ്ഡി എന്നിവരുടെ പരാതിയിലായിരുന്നു നടപടി.

മെറ്റക്ക് കീഴിലുള്ള വാട്‌സാപില്‍ യൂസര്‍നെയിം ഫീച്ചര്‍ കൊണ്ടുവരാനുള്ള ശ്രമത്തെ കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ എതിര്‍ക്കുകയും ചെയ്തിരുന്നു. ഫോണ്‍ നമ്പര്‍ വെളിപ്പെടുത്താതെ ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലുമുള്ളത് പോലെ യൂസര്‍ നെയിം മാത്രം വെളിപ്പെടുത്തി സന്ദേശം അയക്കാന്‍ അനുവദിക്കുന്ന ഫീച്ചറായിരുന്നു യൂസര്‍നെയിം. എന്നാല്‍ ഈ ഫീച്ചറിനെതിരെ കേന്ദ്ര സര്‍ക്കാര്‍ മെറ്റക്ക് നോട്ടീസ് അയച്ചിരുന്നു.

Content Highlight: Meta tells parliamentary panel ready to apologise over PM video

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more