| Wednesday, 12th August 2026, 11:40 am

സര്‍ക്കാര്‍ വിമര്‍ശന വാര്‍ത്തകള്‍ വീണ്ടും അപ്രത്യക്ഷമായി; സപ്ലൈക്കോ സബ്‌സിഡി ഒഴിവാക്കിയ വാര്‍ത്തയും നീക്കി മെറ്റ

ശ്രീലക്ഷ്മി പി.പി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ വിമർശിക്കുന്ന വാർത്താ പോസ്റ്റുകളും വാർത്താ കാർഡുകളും മെറ്റയുടെ പ്ലാറ്റ്ഫോമുകളിൽ നിന്ന് വ്യാപകമായി നീക്കം ചെയ്യപ്പെടുന്നുവെന്ന വിമർശനം വീണ്ടും ശക്തമാകുന്നു. കൈരളി ന്യൂസ്, റിപ്പോർട്ടർ ടിവി തുടങ്ങിയ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച ചില വാർത്താ കാർഡുകൾ കഴിഞ്ഞ ദിവസങ്ങളിൽ മെറ്റ നീക്കം ചെയ്തതായുള്ള വാർത്തകൾ വന്നിരുന്നു.

ഏറ്റവും ഒടുവിൽ, ഓണക്കാലത്തോടനുബന്ധിച്ച് സപ്ലൈകോയുടെ സബ്സിഡി വിതരണവുമായി ബന്ധപ്പെട്ട് കൈരളി ന്യൂസ് പ്രസിദ്ധീകരിച്ച വാർത്താ കാർഡാണ് മെറ്റ നീക്കം ചെയ്തത്. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് സബ്സിഡി നിരക്കിൽ വിതരണം ചെയ്തിരുന്ന അരിയും മറ്റ് അവശ്യസാധനങ്ങളും ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് വെട്ടിക്കുറച്ചുവെന്നായിരുന്നു വാർത്തയുടെ ഉള്ളടക്കം. ഈ വാർത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് കാർഡ് നീക്കം ചെയ്യപ്പെട്ടത്.

ഇതിന് മുൻപ് മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ മുഹമ്മദ് ഹുസ്സൈൻ ഉൾപ്പെടെ മൂന്ന് കോൺഗ്രസ് പ്രവർത്തകർ ‘ഓപ്പറേഷൻ തൂഫാൻ’ നടപടിയുടെ ഭാഗമായി പിടിയിലായെന്ന വിഷയത്തിൽ റിപ്പോർട്ടർ ടിവിയും കൈരളി ന്യൂസും നൽകിയ വാർത്താ കാർഡുകളും മെറ്റ നീക്കം ചെയ്തിരുന്നു. മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുള്ള അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ കോർഡിനേറ്റർ ഉൾപ്പെടെയുള്ള ആളുകൾ ആണ് ലഹരി ഇടപാട് കേസിൽ അറസ്റ്റിൽ ആയിരിക്കുന്നത്.

അതേസമയം, മാധ്യമസ്വാതന്ത്ര്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും ബാധിക്കുന്ന തരത്തിലാണ് ഇത്തരം നടപടികളെന്നാണ് വിമർശനങ്ങൾ ഉയരുന്നത്. സർക്കാരിനെതിരായ വിമർശനങ്ങൾ ഉൾക്കൊള്ളുന്ന വാർത്തകൾ മാത്രമാണ് ലക്ഷ്യമിടപ്പെടുന്നതെന്ന ആരോപണവും വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്.

ഇതിനിടെ, മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള നിയന്ത്രണശ്രമങ്ങളെ വിമർശിച്ച് രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് പ്രതികരിച്ചതുമായി ബന്ധപ്പെട്ട വാർത്താ കാർഡും മെറ്റ നീക്കം ചെയ്തതിരുന്നു. ‘സർക്കാരിന് ഇഷ്ടപ്പെടാത്ത വാർത്തകൾ ഇല്ലാതാക്കാനുള്ള അധികാരം ഒരു ഭരണകൂടത്തിനും നൽകിയിട്ടില്ല. വിമർശനങ്ങളെ നേരിടാൻ കഴിയാതെ വരുമ്പോൾ അവ ഇല്ലാതാക്കാൻ സാങ്കേതിക സംവിധാനങ്ങളെ ഉപയോഗിക്കുന്നത് ജനാധിപത്യത്തിന് തന്നെ ഭീഷണിയാണ്’ എന്നാണ് ജോൺ ബ്രിട്ടാസ് പ്രതികരിച്ചത്.

സാമൂഹ്യമാധ്യമങ്ങളിലെ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ മുൻപ് ഉയർന്ന വിമർശനങ്ങൾക്കു സമാനമായ സാഹചര്യമാണ് കേരളത്തിലും രൂപപ്പെടുന്നത്. ജന്തർ മന്ദറിൽ നടന്ന പ്രതിഷേധ പരിപാടികളുമായി ബന്ധപ്പെട്ട നിരവധി റീലുകളും വീഡിയോകളും മെറ്റ നീക്കം ചെയ്തിരുന്നു.

സംസ്ഥാനത്ത് മാധ്യമങ്ങളുടെയും സാമൂഹ്യമാധ്യമ ഉപയോക്താക്കളുടെയും അഭിപ്രായ സ്വാതന്ത്ര്യം പരിമിതപ്പെടുത്തപ്പെടുന്നുണ്ടോ എന്ന ചർച്ചയാണ് ഇതോടെ വീണ്ടും സജീവമായിരിക്കുന്നത്. സർക്കാർ വിമർശനങ്ങൾ ഉൾക്കൊള്ളുന്ന വാർത്തകൾ തുടർച്ചയായി നീക്കം ചെയ്യപ്പെടുന്നുവെന്ന ആരോപണത്തിൽ മെറ്റയോ ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങളോ ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.

Content Highlights: Meta has removed several  news cards critical of the Kerala government

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more