2026 ഫിഫ ലോകകപ്പില്‍ രണ്ടാം മത്സരവും വിജയിച്ചുകൊണ്ട് അര്‍ജന്റീന റൗണ്ട് ഓഫ് 32ലേക്ക് കടന്നിരിക്കുകയാണ്. ഡാലസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഓസ്ട്രിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീന തകര്‍ത്തത്. ക്യാപ്റ്റന്‍ ലയണല്‍ മെസിയുടെ ഇരട്ട ഗോളിന്റെ മികവിലാണ് അര്‍ജന്റീന തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്.
ആദ്യ മത്സരത്തില്‍ അള്‍ജീരിയക്കെതിരെ ഹാട്രിക് നേടി തിളങ്ങിയ മെസി ഈ മത്സരത്തില്‍ രണ്ട് ഗോളുകള്‍ സ്വന്തമാക്കിയാണ് തന്റെ ഫോം തുടരുന്നത്. മത്സരത്തിന്റെ 38ാംമിനിറ്റിലാണ് മെസിയുടെ ആദ്യ ഗോള്‍ പിറന്നത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ രണ്ടാം ഗോളും സ്വന്തമാക്കി മെസി അര്‍ജന്റീനയുടെ വിജയം ഉറപ്പാക്കി.
മത്സര ശേഷം ഇനിയും കുറച്ചു വര്‍ഷങ്ങള്‍ കൂടി കളി തുടരാന്‍ താങ്കള്‍ക്ക് ഉദ്ദേശമുണ്ടോ എന്ന ചോദ്യത്തോടും 2030 ലോകകപ്പ് കളിക്കാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യത്തോടും മെസി പ്രതികരിച്ചിരുന്നു. ടീമിന് മകച്ച സംഭാവനകള്‍ നല്‍കാന്‍ കഴിയുന്ന കാലത്തോളം താന്‍ കളിക്കുമെന്ന് മെസി പറഞ്ഞു.
‘ടീമിന് മികച്ച സംഭാവനകള്‍ നല്‍കാന്‍ കഴിയുന്നിടത്തോളം, ശാരീരികമായി ബുദ്ധിമുട്ടുകള്‍ ഇല്ലാത്ത കാലത്തോളം, എന്റെ സഹതാരങ്ങളെ സഹായിക്കാന്‍ കഴിയുന്നിടത്തോളം ഞാന്‍ തീര്‍ച്ചയായും കളി തുടരും.
2030 ലോകകപ്പ് കളിക്കുമോ എന്ന് എനിക്കറിയില്ല. സത്യം പറഞ്ഞാല്‍ ഇപ്പോള്‍ ഞാന്‍ അതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. അതൊക്കെ ഇനിയും ഒരുപാട് അകലെയാണല്ലോ… പക്ഷെ ഞാന്‍ നേരത്തെ പറഞ്ഞതുപോലെ, ഓരോ ദിവസമായി മുന്നോട്ട് പോവുക, ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് എന്റെ രീതി,’ മെസി പറഞ്ഞു.
അതേസമയം ഓസ്ട്രിയക്കെതിരായ മത്സരത്തില്‍ നേടിയ ഇരട്ട ഗോളുകള്‍ക്ക് പിന്നാലെ ഒരു ലോക റെക്കോഡും മെസി കൈപ്പിടിയിലാക്കി. ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരനായാണ് മെസി മാറിയത്. ലോകകപ്പില്‍ 18 ഗോളുകള്‍ എതിരാളികളുടെ വലയില്‍ എത്തിച്ചാണ് മെസി തലപ്പെത്തിയത്. 16 ഗോളുകള്‍ നേടിയ ജര്‍മന്‍ ഇതിഹാസം മിറോസ്ലാവ് ക്ലോസെയെ മറികടന്നാണ് മെസിയുടെ കുതിപ്പ്.
ജൂണ്‍ 28നാണ് നിലവിലെ ചാമ്പ്യന്മാര്‍ തങ്ങളുടെ അടുത്ത മത്സരത്തിനിറങ്ങുന്നത്. ജോര്‍ദാനാണ് അര്‍ജന്റീനയുടെ എതിരാളികള്‍.