| Wednesday, 7th October 2026, 8:45 pm

ലോകകപ്പ് ഫൈനലില്‍ നേരിട്ട തോല്‍വി; കാരണം വ്യക്തമാക്കി മെസി

ആദർശ് എം.കെ.

2026 ലോകകപ്പ് ഫൈനലില്‍ നേരിട്ട വെല്ലുവിളികളെ കുറിച്ചും സ്‌പെയ്‌നിനോട് പരാജയപ്പെടേണ്ടി വന്നതിന്റെയും കാരണങ്ങള്‍ വ്യക്തമാക്കി ലയണല്‍ മെസി. ദേശീയ ടീമില്‍ നിന്നുള്ള തന്റെ വിടവാങ്ങലിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഫൈനല്‍ തോല്‍വിക്ക് പിന്നിലെ കാര്യങ്ങളെക്കുറിച്ച് മെസി മനസുതുറന്നത്.

സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരായ മത്സരം തങ്ങളെ ശാരീരികമായി തളര്‍ത്തിയെന്നാണ് മെസി പറഞ്ഞത്.

‘ഫൈനലിന് മുന്‍പ് ഇംഗ്ലണ്ടിനെതിരായ സെമിഫെനലില്‍ ഞങ്ങള്‍ വളരെ കഠിനമായ പോരാട്ടമാണ് നടത്തിയത്. തുടര്‍ച്ചയായ നോക്കൗട്ട് മത്സരങ്ങളും അധിക സമയങ്ങളിലേക്ക് നീണ്ട പോരാട്ടങ്ങളും ടീമിനെ ശാരീരികമായും മാനസികമായും തളര്‍ത്തിയിരുന്നു. സ്‌പെയിനിനെതിരെ കളിക്കുമ്പോള്‍ ടീമിലെ പല താരങ്ങളും 100 ശതമാനം കായികക്ഷമതയില്‍ ആയിരുന്നില്ല,’ മെസി പറഞ്ഞു.

‘ലോകകപ്പ് നേടുക എന്നത് എപ്പോഴും വളരെ പ്രയാസമേറിയ കാര്യമാണ്. ഏതൊരു ടീമിനും നിങ്ങളെ ഏത് നിമിഷവും പുറത്താക്കാന്‍ സാധിക്കും. പന്ത് പോസ്റ്റില്‍ തട്ടി പുറത്തുപോകാം അല്ലെങ്കില്‍ അത് ഗോളായി മാറാം, അതോടെ നിങ്ങളുടെ യാത്ര അവസാനിച്ചേക്കാം, പെനാല്‍റ്റി ഷൂട്ടൗട്ടിലും തോല്‍ക്കാം.

കഴിഞ്ഞ ലോകകപ്പില്‍ ഭാഗ്യം ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. നെതര്‍ലന്‍ഡ്‌സിനും ഫ്രാന്‍സിനുമെതിരെ ഞങ്ങള്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും മത്സരങ്ങള്‍ പെനാല്‍റ്റിയിലേക്ക് നീങ്ങി. പെനാല്‍റ്റിയില്‍ എമിലിയാനോ മാര്‍ട്ടിനെസ് ഉണ്ടായതുകൊണ്ടാണ് അന്ന് വിജയിക്കാന്‍ സാധിച്ചത്.

ഇംഗ്ലണ്ടിനോട് തോറ്റിരുന്നെങ്കില്‍ പലരും പലതും വിളിച്ചുപറഞ്ഞേനെ, എന്നാല്‍ ഞങ്ങള്‍ അതിന് അവസരം നല്‍കിയില്ല. സ്‌പെയ്‌നിനോട് തോറ്റെങ്കിലും ഞങ്ങള്‍ കൈവരിച്ച നേട്ടങ്ങള്‍ നിസ്സാരമല്ല.

തുടര്‍ച്ചയായി രണ്ട് ലോകകപ്പ് ഫൈനലുകള്‍ ഉള്‍പ്പെടെ കഴിഞ്ഞ അഞ്ച് പ്രധാന ടൂര്‍ണമെന്റുകളില്‍ ഞങ്ങള്‍ ഫൈനലിലെത്തി. കഴിഞ്ഞ നാല് വര്‍ഷമായി ലോക ഫുട്‌ബോളില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയത് അര്‍ജന്റീനയാണ്,’ അദ്ദേഹം പറഞ്ഞു.

ലോകകപ്പ് നിലനിര്‍ത്താന്‍ സാധിക്കാതെ പോയതില്‍ ഞാന്‍ അര്‍ജന്റീനയിലെ ആരാധകരോട് ക്ഷമ ചോദിക്കുന്നുവെന്നും എന്നാല്‍ ഞാന്‍ സമാധാനത്തോടെയും അഭിമാനത്തോടെയുമാണ് മടങ്ങുന്നതെന്നും മെസി പറഞ്ഞു.

അതേസമയം, ദേശീയ ജേഴ്‌സിയില്‍ തന്റെ അവസാന മത്സരത്തില്‍ ഗോള്‍ നേട്ടത്തോടെയാണ് മെസി പടിയിറങ്ങിയത്. ബെനിനെതിരായ മത്സരത്തില്‍ അര്‍ജന്റീന എതിരില്ലാത്ത മൂന്ന് ഗോളിന് വിജയിച്ചപ്പോള്‍ ആ മൂന്ന് ഗോളിലും മെസിയുടെ കയ്യൊപ്പുണ്ടായിരുന്നു.

48ാം മിനിട്ടില്‍ നിക്കോളാസ് ഒട്ടമെന്‍ഡിയും 61ാം മിനിട്ടില്‍ നിക്കോ പാസും ഗോളടിച്ചപ്പോള്‍ രണ്ടിനും വഴിയൊരുക്കിയത് മെസിയായിരുന്നു. 71ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി വലയിലെത്തിച്ച് മെസി ദേശീയ ജേഴ്‌സിയിലെ 126ാം ഗോളും സ്വന്തമാക്കിയിരുന്നു.

Content Highlight: Messi on losing the 2026 World Cup final

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more