| Thursday, 26th June 2025, 12:32 pm

റൊണാള്‍ഡോയെ സിംഹാസനത്തില്‍ നിന്നും പടിയിറക്കാന്‍ മെസിയെത്തുന്നു; ഐതിഹാസിക നേട്ടത്തിന് മയാമിയുടെ രാജാവിന് വേണ്ടത്...

സ്പോര്‍ട്സ് ഡെസ്‌ക്

ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പിലെ സൂപ്പര്‍ 16 പോരാട്ടങ്ങള്‍ക്കുള്ള മുന്നൊരുക്കത്തിലാണ് ലയണല്‍ മെസിയും ഇന്റര്‍ മയാമിയും. ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും സുപ്രധാന മുഹൂര്‍ത്തങ്ങളിലൊന്നിലേക്കാണ് മെസി ഇന്റര്‍ മയാമിയെ കൈ പിടിച്ചുനടത്തുന്നത്.

സൂപ്പര്‍ 16ല്‍ തന്റെ പഴയ ടീമായ പി.എസ്.ജിയെയാണ് മെസിക്ക് നേരിടാനുള്ളത്. ജൂണ്‍ 29ന് മെഴ്‌സിഡെസ് ബെന്‍സ് സ്റ്റേഡിയത്തിലാണ് മത്സരം.

ഈ പോരാട്ടത്തില്‍ ഒരു തകര്‍പ്പന്‍ റെക്കോഡിലെത്താനുള്ള അവസരവും മെസിക്ക് മുമ്പിലുണ്ട്. ഇതിനായി വേണ്ടതാകട്ടെ വെറും ഒറ്റ ഗോളും.

ക്ലബ്ബ് വേള്‍ഡ് കപ്പില്‍ ഏറ്റവുമധികം ഗോള്‍ നേടുന്ന താരമെന്ന റെക്കോഡിലേക്കാണ് മെസി കണ്ണുവെക്കുന്നത്. നിലവില്‍ ആറ് ഗോളുമായി മെസി ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ഏഴ് ഗോളടിച്ച ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ഒന്നാമന്‍.

ഇനിയുള്ള മത്സരങ്ങളില്‍ നിന്ന് ഒരു ഗോള്‍ സ്വന്തമാക്കിയാല്‍ റൊണാള്‍ഡോക്കൊപ്പം പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും മറ്റൊന്ന് കൂടി കണ്ടെത്തിയാല്‍ പോര്‍ച്ചുഗല്‍ ഇതിഹാസത്തെ മറികടന്ന് ഒറ്റയ്ക്ക് റെക്കോഡ് ബുക്കിന്റെ തലപ്പത്തിരിക്കാനും മെസിക്ക് സാധിക്കും.

ക്ലബ്ബ് ലോകകപ്പില്‍ ഏറ്റവുമധികം ഗോള്‍ നേടുന്ന താരം

(താരം – ഗോള്‍ എന്നീ ക്രമത്തില്‍)

ക്രിസ്റ്റിയാനോ റൊണാള്‍ഡോ – 7

ലയണല്‍ മെസി – 6

കരീം ബെന്‍സെമ – 6

ഗാരെത് ബെയ്ല്‍ – 6

സീസര്‍ സെല്‍ഗാഡോ – 5

പി.എസ്.ജിക്കെതിരെ ബ്രേസ് നേടിക്കൊണ്ടുതന്നെ മെസി ഈ റെക്കോഡ് തന്റെ പേരിലാക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. റൊണാള്‍ഡോ ഈ ടൂര്‍ണമെന്റിന്റെ ഭാഗമല്ല എന്നതും താരത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു.

ഗ്രൂപ്പ് എ-യില്‍ നിന്നും രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറിന് യോഗ്യത നേടിയതോടെ ഒരു റെക്കോഡും മെസി തന്റെ പേരില്‍ കുറിച്ചിരുന്നു. സീനിയര്‍ കരിയറില്‍ ഒറ്റ മേജര്‍ ടൂര്‍ണമെന്റിന്റെ പോലും ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായിട്ടില്ല എന്ന നേട്ടമാണ് മെസി സ്വന്തമാക്കിയത്.

ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ്, റൗണ്ട് ഓഫ് 16

ജൂണ്‍ 28: പാല്‍മീറസ് vs ബൊട്ടഫോഗോ, ലിങ്കണ്‍ ഫിനാന്‍ഷ്യല്‍ ഫീല്‍ഡ്

ജൂണ്‍ 29: ബെന്‍ഫിക്ക vs ചെല്‍സി, ബാങ്ക് ഓഫ് അരീന സ്റ്റേഡിയം

ജൂണ്‍ 29: പി.എസ്.ജി vs ഇന്റര്‍ മയാമി, മെഴ്‌സിഡെസ് ബെന്‍സ് സ്റ്റേഡിയം

ജൂണ്‍ 30: ഫ്‌ളമെംഗോ vs ബയേണ്‍ മ്യൂണിക്, ഹാര്‍ഡ് റോക്ക് സ്റ്റേഡിയം

ജൂലൈ 1: ഇന്റര്‍ മിലാന്‍ vs ഫ്ളുമിനെന്‍സ്, ബാങ്ക് ഓഫ് അമേരിക്ക സ്റ്റേഡിയം

ജൂലൈ 1: TBD vs TBD, ക്യാമ്പിങ് വേള്‍ഡ് സ്റ്റേഡിയം

ജൂലൈ 2: TBD vs TBD, ഹാര്‍ഡ് റോക്ക് സ്റ്റേഡിയം

ജൂലൈ 2: ബൊറൂസിയ ഡോര്‍ട്മുണ്ട് vs മോണ്ടറേ, മെഴ്‌സിഡെസ് ബെന്‍സ് സ്റ്റേഡിയം

Content Highlight: Messi needs just one goal to become the top scorer in the Club World Cup

We use cookies to give you the best possible experience. Learn more