| Friday, 22nd June 2018, 3:25 pm

പ്രിയ മെസ്സി...മാരക്കാനയെ നിശബ്ദമാക്കിയ വരേലയെ നിങ്ങള്‍ക്ക് ഓര്‍മ്മയില്ലേ ?

ഹരികുമാര്‍ സി

മെസ്സി നിങ്ങള്‍ക്കറിയുമോ ഒരു വരേലയെ ? ലോകം മുഴുവന്‍ , ഒരു രാജ്യം മുഴുവന്‍ , തന്റെ കോച്ച് വരെ, കൂടെ കളിക്കുന്ന സഹതാരങ്ങള്‍ വരെ ഫൈനലിലെ എതിരാളികള്‍ പാട്ടുംപാടി ജയിക്കും എന്ന് വിശ്വസിച്ച , എക്കാലത്തെയും മികച്ച ബ്രസീല്‍ ടീമുകളില്‍ ഒന്നിനെ , അവരുടെ മറക്കാനയില്‍ , മിനിമം നാലു ഗോള്‍ വാങ്ങി തോറ്റാല്‍ , അതൊന്നും വലിയ തോല്‍വിയല്ല എന്ന് ആശ്വസിച്ചിരിക്കെ .. അതേ ടീമിനെ മുന്നില്‍ നിന്നും നയിച്ച് , അവിശ്വസനീയമായി കളി പിടിച്ച വരേലയേ ?

ഫൈനല്‍ ദിനം രാവിലെ കണ്ട പത്രത്തില്‍ വരെ , ഇതാ ഇവരാണ് ഇന്നത്തെ കളിയില്‍ ജയിക്കാന്‍ പോവുന്ന , ലോകചാമ്പ്യന്‍മാര്‍ എന്ന് ബ്രസീല്‍ ടീമിന്റെ ചിത്രം അച്ചടിച്ച് വന്നത് കണ്ടു , തനിക്ക് പറ്റാവുന്നത്രയ്യും പത്രങ്ങള്‍ സ്വന്തം കാശു കൊടുത്ത് വാങ്ങി , കളിക്ക് മുന്‍പ് അതേ പത്രങ്ങളില്‍ തന്റെ കളിക്കാരോട് മൂത്രമൊഴിക്കാന്‍ പറഞ്ഞ വരേലയെ ??

ടീം മീറ്റിംഗില്‍ വെച്ചു, ഗോള്‍ വഴങ്ങി നാണക്കേട് ഉണ്ടാക്കരുത് , അത് കൊണ്ട് ഡിഫെന്‍സ് ശൈലിയില്‍ കളിക്കണം എന്ന് പറഞ്ഞു കോച്ച് പോയപ്പോള്‍, അയാള്‍ നല്ല കോച്ച് ആണ്, ബട്ട് ഇന്നത്തെ കാര്യത്തില്‍ മൂപ്പര്‍ക്ക് തെറ്റി എന്ന് പറഞ്ഞു, നമ്മള്‍ ജയിക്കാനായി കളിക്കും എന്ന് കൂട്ടുക്കാരെ പ്രവേശിപ്പിച്ച വരേലയെ ???

പേടിച്ചു വിറച്ചു കളിക്കാനെത്തിയ തന്റെ കളിക്കാരെ , പ്ലയെര്‍ ടണലില്‍ പിടിച്ചു നിര്‍ത്തി , ചെക്കന്മാരെ , കളി കാണികള്‍ അല്ല കളിക്കുന്നത് , അത് കളത്തില്‍ , മ്മടെ പതിനൊന്നും അവരുടെ പതിനൊന്നും തമ്മിലാണ് എന്ന് പറഞ്ഞ് കൂട്ടുക്കാര്‍ക്ക് യുദ്ധവീര്യം പകര്‍ന്നു നല്‍കിയ വരേലയെ, കപ്പിത്താന്‍ വരേലയെ ..

ഒരു ഗോളിന് പിന്നിട്ടു നില്‍ക്കവേ , ആര്‍ത്തിരമ്പുന്ന കാണികളുടെ മുന്നില്‍ വെച്ചു, ഈ കളി ഇനി നമ്മള്‍ ജയിച്ചിട്ടേ പോകാവൂ എന്ന് ഗര്‍ജിച്ച വരേലയെ?

രണ്ടേ ഒന്നിന് ജയിച്ച കളിയില്‍ , രണ്ടു ഗോളിനും വഴിയൊരുക്കിയ വരേലയെ? ആത്മവിശ്വാസം പോലും ഇല്ലാത്ത ടീമിനെ , സ്വന്തം മനോബലം കൊണ്ട് മാത്രം ജയിപ്പിച്ച ഉറുഗ്വായുടെ നായകന്‍ , കറുത്ത ചീഫ് എന്ന് വിളിക്കുന്ന വരേലയെ ???

എവിടെയായിരുന്നു മെസ്സി ? ടീം നിരന്തരം പിഴവ് വരുത്തിയപ്പോള്‍, പലപ്പോഴും കളി കയ്യാങ്കളിയിലേക്ക് പോയപ്പോള്‍, ഫൈനല്‍ തേര്‍ഡ്ല്‍ പന്തെത്തിയപ്പോള്‍? മധ്യനിരയില്‍ പന്ത് നിരന്തരം കൈമോശം വന്നപ്പോള്‍?എവിടെയായിരുന്നു താങ്കള്‍?

നിങ്ങള്‍ ആ ടീമിന്റെ കപ്പിത്താനല്ലേ? നിങ്ങള്‍ ആ ടീമിന്റെ സീനിയര്‍ പ്ലയെര്‍ അല്ലെ ? നിങ്ങള്‍ മെസ്സിയല്ലേ? നിങ്ങള്‍ മിശിഹാ അല്ലെ ?? എവിടെയായിരുന്നു താങ്കള്‍ ????

റൊസാരിയോവിലെ മുത്തശ്ശിമാരുടെ കഥകളിലെ അത്ഭുദങ്ങള്‍ സമ്മാനിക്കുന്ന മിശിഹായായല്ല , ഇതിഹാസ തുല്യനായ കളിക്കാരനായും , ക്യാപ്റ്റന്‍ ആയും വേണം ഞങ്ങള്‍ക്ക് … കാല്പന്തുകളിയില്‍ കവിത രചിക്കാനും , നഷ്ടപ്പെടുത്തിയ ലാറ്റിന്‍ ഫുട്‌ബോള്‍ ചന്തം വരഞ്ഞിടാനും, കളിയെ കലയായി, കവിതയായി, കണ്‍കെട്ടായി ഉയര്‍ത്താന്‍ താങ്കള്‍ വേണം..

ഇനിയും തിരിച്ചു വരാന്‍ വഴികള്‍ ഉണ്ട്, കളി ഒന്ന് ബാക്കിയുണ്ട്, അത്ഭുദങ്ങള്‍ ഒന്നും വേണ്ട, ഒരല്പം ഭാഗ്യം കൂടി ഉണ്ടായാല്‍ ഇനിയും ഈ ലോകകപ്പില്‍ താങ്കള്‍ക്ക് സാധ്യതയുണ്ട്….

മെസ്സി … മിശിഹയെ പോലെ മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കട്ടെ…

ഹരികുമാര്‍ സി

We use cookies to give you the best possible experience. Learn more