| Monday, 9th February 2026, 8:47 pm

നൊപ്പോവിരുദ്ധ നെപ്പോ പടം; ആശകള്‍ ആയിരത്തിലെ ക്ലൈമാക്‌സ് ഡയലോഗ് കേട്ട് അന്തം വിട്ട് പ്രേക്ഷകര്‍

അശ്വിന്‍ രാജേന്ദ്രന്‍

ജി. പ്രജിത്തിന്റെ സംവിധാനത്തില്‍ ജയറാമും മകന്‍ കാളിദാസ് ജയറാമും പ്രധാനവേഷങ്ങളിലെത്തി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രമായിരുന്നു ആശകള്‍ ആയിരം. സത്യന്‍ അന്തിക്കാട് ചിത്രങ്ങള്‍ പോലെ പ്രേക്ഷകര്‍ക്ക് ഫീല്‍ ഗുഡ് ആയി കണ്ടിരിക്കാന്‍ പറ്റുന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്റെ വീട് അപ്പൂന്റെയും തുടങ്ങിയ ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ച കാളിദാസും ജയറാമും ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഒന്നിക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

സിനിമാ പ്രേമികളായ അച്ഛന്റെയും മകന്റയും കഥ പറയുന്ന ചിത്രം ഉദയനാണ് താരം പോലെ സിനിമക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന മലയാളത്തിലെ മറ്റൊരു ചിത്രമായിരുന്നു. ഇതേ ആശയത്തിലെത്തിയ മറ്റ് ചിത്രങ്ങള്‍ പോലെ തന്നെ സിനിമ എന്ന ആഗ്രഹത്തിലേക്കെത്തിപ്പെടാന്‍ കഥാപാത്രങ്ങള്‍ കടന്നു പോകേണ്ടി വരുന്ന പ്രയാസങ്ങള്‍ പുതിയൊരു രീതിയിലാണ് ആശകള്‍ ആയിരത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

Photo: rift films

സിനിമ എന്ന ആഗ്രഹത്തിനായി ജോലിക്ക് പോകാതെ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ലിറ്റില്‍ പ്രിന്‍സ് എന്ന അജീഷ് ഹരിഹരനെയും അപ്രതീക്ഷിതമായി സിനിമയിലേക്കെത്തുന്ന ജയറാമിന്റെ കഥാപാത്രം ഹരിഹരനെയും ചുറ്റിപ്പറ്റിയാണ് സിനിമ സഞ്ചരിക്കുന്നത്. പ്രതിനായകവേഷത്തിലെത്തുന്ന ഷറഫുദ്ദീന്റെ കഥാപാത്രമായ സൂപ്പര്‍ സ്റ്റാര്‍ സുമിത് കുമാറിന്റെ വരവോടെയാണ് ചിത്രത്തിന്റെ കഥാഗതി മാറുന്നത്.

ഹരിഹരനും മകന്‍ അജീഷ് ഹരിഹരനും സിനിമയിലേക്കെത്തിപ്പെടാനുള്ള തങ്ങളുടെ എല്ലാ പരിശ്രമങ്ങളും ഒരു വശത്ത് നടത്തുമ്പോള്‍ മറുവശത്ത് ഇതിനെയെല്ലാം രഹസ്യമായി തടയുകയാണ് ഷറഫുദ്ദീന്റെ കഥാപാത്രം. ഗോഡ് ഫാദറില്ലാതെ മലയാള സിനിമയിലേക്ക് പ്രവേശിക്കാന്‍ കഴിയില്ലെന്ന ഡയലോഗുകള്‍ ചിത്രത്തില്‍ പലയിടത്തും ഉപയോഗിക്കുന്നുണ്ട്. സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന സ്വജനപക്ഷപാതത്തെ അഥവാ നെപ്പോട്ടിസത്തെയാണ് ഇതിലൂടെ സംവിധായകന്‍ സൂചിപ്പിക്കുന്നത്.

അച്ഛനും മകനും തമ്മിലുള്ള മത്സരം ഇതിവൃത്തമാക്കി നീങ്ങുന്ന ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്ന ഏറ്റവും വലിയ സന്ദേശങ്ങളിലൊന്ന് നൊപ്പോട്ടിസത്തിനെതിരെയാണ്. ക്ലൈമാക്‌സ് രംഗത്ത് സുമിത് കുമാറിനോട് ജയറാമിന്റെയും ആശാ ശരത്തിന്റയും കഥാപാത്രങ്ങള്‍ പറയുന്ന പോലെ മലയാള സിനിമ ആരുടെയും തന്തയുടെ വകയല്ല എന്ന ശക്തമായ പ്രസ്താവന ചിത്രം നല്‍കുന്നുണ്ട്.

എന്നാല്‍ ഇത്തരത്തിലൊരു സന്ദേശം പ്രേക്ഷകരിലേക്കെത്തിക്കാനായി സംവിധായകന്‍ തെരഞ്ഞെടുത്ത അഭിനേതാക്കളാണ് ചിത്രം കാണുന്നവരില്‍ കണ്‍ഫ്യൂഷന്‍ സൃഷ്ടിക്കുന്നത്. പ്രധാന വേഷത്തിലെത്തിയ കാളിദാസ് ജയറാമും, ഇഷാനി കൃഷ്ണയുമാണ് ഇതിന്റെ പ്രധാന കാരണം. നെപ്പോട്ടിസത്തിനെതിരെ കഥ പറയുന്ന ചിത്രത്തില്‍ തന്റെ മകനായി വേഷമിടാന്‍ റിയല്‍ ലൈഫിലെ തന്റെ മകനെയാണ് ജയറാം തെരഞ്ഞെടുത്തിരിക്കുന്നത്. ജയറാമിനൊപ്പം സിനിമയില്‍ കരിയര്‍ തുടങ്ങാന്‍ മറ്റൊരു പുതുമുഖ അഭിനേതാവിന് സാധിച്ചേക്കാവുന്ന വേഷമാണ് ജയറാമിന്റെ മകനെന്ന മെറിറ്റില്‍ കാളിദാസിന് ലഭിച്ചത്.

Photo: screen grab/ dree gokulam movies/ youtube.com

ചിത്രത്തില്‍ ചെറുതെങ്കിലും പ്രധാനപ്പെട്ട വേഷത്തിലെത്തിയ ഇഷാനിയും നെപ്പോ ടിക്കറ്റില്‍ സിനിമയിലെത്തിയ അഭിനേത്രിയാണ്. മലയാളത്തിലെ മുതിര്‍ന്ന നടന്‍ കൃഷ്ണകുമാറിന്റെ മകളും നടി അഹാന കൃഷ്ണയുടെ സഹോദരിയുമെന്ന ഐഡിന്റിറ്റി ഇവര്‍ക്കുണ്ട്. ജൂഡ് ആന്തണി ജോസഫ്, ജയറാം, ആശാ ശരത്ത്, രമേഷ് പിശാരടി, തുടങ്ങി മലയാളസിനിമയിലെ മുന്‍നിര കലാകാരന്മാര്‍ക്കൊപ്പം മറ്റേത് അഭിനേതാക്കള്‍ വന്നാലും ചിത്രത്തിന്റെ കളക്ഷനെ ഇത് വലിയ രീതിയില്‍ ബാധിക്കില്ലായിരുന്നു.

ഇത്തരത്തില്‍ നെപ്പോട്ടിസമില്ല എന്ന് അവകാശപ്പെടാന്‍ സാധിക്കാത്ത ചിത്രമാണ് നെപ്പോട്ടിസത്തിനെതിരെ സംസാരിക്കുന്നത് എന്നത് സംവിധായകന്റെ ഉദ്ദേശശുദ്ധിയെക്കുറിച്ച് പ്രേക്ഷകരില്‍ സംശയം ഉണര്‍ത്തുന്നു. അതേസമയം മറുവശത്ത് ചിത്രത്തിന് ക്ലാഷ് റിലീസായി എത്തിയ ആശാന്‍ അതിന്റെ മേക്കിങ്ങിലൂടെ തന്നെ നെപ്പോട്ടിസത്തിനെതിരെ ശബ്ദമുയര്‍ത്തുന്നുണ്ട്. ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നൂറിലധികം പുതുമുഖങ്ങളെ അവതരിപ്പിച്ചാണ് നെപ്പോട്ടിസത്തിനെതിരെ സന്ദേശം നല്‍കുന്നത്. ആശകള്‍ ആയിരത്തിന് സമാനമായി സിനിമക്കുള്ളിലെ സിനിമ എന്ന ആശയമാണ് ആശാനും കൈകാര്യം ചെയ്യുന്നത്.

Content Highlight: Message against Nepotism in Aashakal Aayiram movie with nepo casting

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more