| Thursday, 16th July 2015, 5:54 pm

നിവിന്‍ പോളിക്കൊപ്പം ഫോട്ടോ: വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് മെറിന്‍ ജോസഫ്‌

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൊതുപരിപാടിക്കിടെ എ.എസ്.പി മെറി ജോസഫ് ഐ.പി.എസ് നടന്‍ നിവിന്‍ പോളിക്കൊപ്പം ഫോട്ടോയെടുത്ത് ഫേസ്ബുക്കിലിട്ടത് ചില മാധ്യമങ്ങള്‍ വിവാദമാക്കാന്‍ ശ്രമിച്ചിരുന്നു. ഉത്തരവാദിത്വപ്പെട്ട പോലീസ് ഓഫീസറുടെ ഇത്തരത്തിലുള്ള നടപടി വലിയ പാതകമായിട്ടാണ് മാധ്യമങ്ങള്‍ അവതരിപ്പിച്ചത്. എന്നാല്‍ ഇത്തരം വാര്‍ത്തകളോട് തുടക്കത്തല്‍ പ്രതികരിക്കാതിരുന്ന മെറിന്‍ ജോസഫ് ദിവസങ്ങള്‍ക്ക് ശേഷം മാധ്യമങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ്. തന്റെ ഫേസ്ബുക്കിലാണ് മാധ്യമങ്ങളുടെ നിലപാടിനെ വിമര്‍ശിച്ച് മെറിന്‍ രംഗത്ത് വന്നത്.

മെറിന്റെ പോസ്റ്റ് ഇങ്ങനെ,

എം.എല്‍.എ പങ്കെടുക്കുന്ന, വിദ്യാര്‍ത്ഥികളെ ആദരിക്കുന്ന ചടങ്ങില്‍ നടന്‍ നിവിന്‍ പോളിയ്‌ക്കൊപ്പം താന്‍ ഫോട്ടോയെടുത്തത് വിവാദമായപ്പോള്‍ ഞാന്‍ എന്തുകൊണ്ടാണ് പ്രതികരിക്കാതിരുന്നത്? കാരണം അനാവശ്യ പ്രശ്‌നങ്ങള്‍ക്ക് ഞാന്‍ പ്രതികരിക്കാറില്ല എന്നതുകൊണ്ടുതന്നെ. എന്നാല്‍ ഇപ്പോഴും വിശദീകരണം ആവശ്യമുള്ളവരോട് ഞാന്‍ വ്യക്തമാക്കുന്നു, ആ ചിത്രം എടുത്തത് എം.എല്‍.എ ഹൈബി ഈഡനാണ്. അതും അദ്ദേഹത്തിന്റെ സമ്മതത്തോടെ ഒഴിവുസമയത്ത് തമാശപറഞ്ഞിരിക്കുമ്പോള്‍.

എന്നിട്ടും എന്തുകൊണ്ടാണ് പത്രപ്രവര്‍ത്തനത്തിന്റെ എത്തിക്‌സിനെ കുറിച്ച് യാതൊരു വിവരവുമില്ലാത്ത, ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു ചാനല്‍ എന്തിനാണ് ഉദ്യോഗസ്ഥരുടെ പ്രോട്ടോക്കോള്‍ നിര്‍വ്വചിക്കാന്‍ ശ്രമിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല.

ഇത്തരം വിലകുറഞ്ഞ സെന്‍സേഷണലൈസേഷനുകള്‍ ശ്രദ്ധിക്കുന്നവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവരോട് പറയട്ടെ, ആ പരിപാടിയില്‍ അതിഥിയായാണ് ഞാന്‍ പങ്കെടുത്തത്, യാതൊരുവിധ ഔദ്യോഗിക ചുമതലകളും എനിക്കവിടെ ഉണ്ടായിരുന്നില്ല. പുരസ്‌കാര വിതരണത്തിനായി സംഘാടകര്‍ വേദിയൊരുക്കുന്നതിനിടെയുള്ള സമയത്താണ് ഈ സംഭവം ഉണ്ടായത്.

എന്നെ ഏല്‍പ്പിച്ചിരുന്ന പ്രതിജ്ഞ ചൊല്ലിക്കൊടുക്കല്‍ ഞാന്‍ പൂര്‍ത്തിയാക്കിയിരുന്നു. ആഭ്യന്തര മന്ത്രി അപ്പോള്‍ വേദിവിട്ടു പോയിരുന്നു. മറ്റ് അതിഥികളും അവിടെ നിന്നും മാറിയിരുന്നു. അത്തരം ഒരു അവസരത്തില്‍ ഒന്നും ചെയ്യാനില്ലാതെ വെറും അതിഥിയായിരുന്ന ഞാന്‍ എന്ത് ചെയ്യണമായിരുന്നു? സ്‌റ്റേജില്‍ നിന്നും ചാടിയിറങ്ങണമായിരുന്നോ? കാഴ്ച്ചക്കാരെ സല്യൂട്ട് ചെയ്ത് അനങ്ങാതെ നില്‍ക്കണമായിരുന്നോ? അതോ സ്‌റ്റേജിന്റെ മൂലയില്‍ പോയി ഒന്നും മിണ്ടാതിരിക്കണമായിരുന്നോ?

ഞാന്‍ എന്തോ സുപ്രധാന ജോലി അവഗണിച്ചാണ് ഞാന്‍ അവിടെ നിന്നതെന്ന് കരുതുന്നവരോട്, ഏത് നിയമമാണ് വെറുതെയിരിക്കുമ്പോള്‍ ഒരാള്‍ക്ക് ഫോട്ടോ അപ് ലോഡ് ചെയ്യാന്‍ പറ്റില്ല എന്നു പറയുന്നത്? അവിടെ പരിപാടി തടസപ്പെടുത്തുകയോ ആര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുകയോ ഞാന്‍ ചെയ്തിട്ടില്ല. ആകെയുണ്ടായത് പണിയൊന്നുമില്ലാതിരുന്ന ചില റിപ്പോര്‍ട്ടര്‍മാരുടെ ശ്രദ്ധയാകര്‍ഷിച്ചു എന്നതാണ്. ഇത്തരം ഒളിഞ്ഞു നോട്ടങ്ങളും തരംതാഴ്ന്ന പ്രവര്‍ത്തികളും പ്രോത്സാഹിപ്പിക്കുന്ന ചാനലുകളോട് എനിക്ക് പുച്ഛം തോന്നുന്നു. ഇത്തരക്കാരുടെ ഉപജീവനമാര്‍ഗ്ഗമായി ഇത്തരം വഴികള്‍ മാറരുതേ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ്. മെറിന്‍ ജോസഫ് ഫേസ്ബുക്കിലെഴുതി.

Latest Stories

We use cookies to give you the best possible experience. Learn more