| Tuesday, 13th October 2026, 3:38 pm

2000 രൂപക്ക് മുകളിലെ വാണിജ്യ യു.പി.ഐ ഇടപാടുകള്‍ക്കുള്ള മര്‍ച്ചന്റ് ഫീ ദീപാവലിക്ക് ശേഷമെന്ന് എന്‍.പി.സി.ഐ

റെന്വര്‍ പി

ന്യൂദല്‍ഹി: 2000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ യു.പി.ഐ ഇടപാടുകള്‍ക്ക് മേലുള്ള മര്‍ച്ചന്റ് ഫീ ദീപാവലിക്ക് ശേഷം ഈടാക്കാന്‍ തുടങ്ങുമെന്ന് നാഷണല്‍ പേയ്മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ). നവംബര്‍ എട്ടിനാണ് ദീപാവലി. നേരത്തെ ഒക്ടോബര്‍ 15 മുതല്‍ മര്‍ച്ചന്റ് ഫീ ഈടാക്കാന്‍ ആരംഭിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വാണിജ്യ യു.പി.ഐ ഇടപാടുകള്‍ക്കുള്ള മര്‍ച്ചന്റ് ഫീ ഉത്സവകാലം കണക്കിലെടുത്ത് ദീപാവലിക്ക് ശേഷമുള്ള ഒരു തീയതി മുതല്‍ നടപ്പിലാക്കാന്‍ യു.പി.ഐ ആന്‍ഡ് സര്‍വീസസ് സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനിച്ചുവെന്ന് എന്‍.പി.സി.ഐ പ്രസ്താവനയില്‍ പറഞ്ഞു.

2,000 രൂപയില്‍ കൂടുതലുള്ള വാണിജ്യ ഇടപാടുകള്‍ക്ക് ഒക്ടോബര്‍ 15 മുതല്‍ 0.4 ശതമാനം ഫീസ് ഈടാക്കുമെന്ന് എന്‍.പി.സി.ഐ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ഈ ഫീസ് വ്യാപാരികളില്‍ നിന്നാണ് ഈടാക്കുക.

യു.പി.ഐ പേയ്‌മെന്റുകള്‍ക്ക് ഫീ ഈടാക്കാനുള്ള നീക്കത്തിനെതിരെ രാജ്യത്ത് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. വിവിധ നഗരങ്ങളില്‍ കച്ചവടക്കാര്‍ തങ്ങള്‍ യു.പി.ഐ പണമിടപാടുകള്‍ സ്വീകരിക്കില്ല എന്നെഴുതിയ ബോര്‍ഡുകളും നോട്ടീസുകളും സ്ഥാപിച്ചിരുന്നു.

0.4 ശതമാനം ചാര്‍ജ് ഈടാക്കുന്നതില്‍ വ്യാപാരികള്‍ ആശങ്ക ഉന്നയിക്കുന്നുണ്ട്. ഈ ഫീസ് അടക്കേണ്ടത് വ്യാപരികളാണെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ഭാവിയില്‍ ഈ അധികഭാരം ഉപഭോക്താക്കളുടെ മേല്‍ തന്നെ എത്തിച്ചേരുമെന്ന ആശങ്കയും ഉയരുന്നു.

ചാര്‍ജ് ഈടാക്കുന്നതിനെതിരെ വലിയ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉയരുന്നുണ്ടെങ്കിലും തങ്ങള്‍ പിന്നോട്ടില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് കടുത്ത വിമര്‍ശനമുയരുന്നുണ്ടെങ്കിലും ഡിജിറ്റല്‍ മേഖല ശക്തിപ്പെട്ട ശേഷം നടപ്പാക്കാന്‍ അഞ്ച് വര്‍ഷം മുമ്പെടുത്ത ഈ തീരുമാനം മാറ്റില്ലെന്നാണ് കേന്ദ്രത്തിന്റെ വാദം.

Content Highlight: Merchant fee on Rs 2,000-plus UPI payments to be imposed after Diwali

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more