കല്‍പറ്റ: വയനാട് തുരങ്കപാതാ നിര്‍മാണവുമായി ബന്ധപ്പെട്ട് മേപ്പാടിയിലെ പദ്ധതി പ്രദേശത്ത് മണ്ണ് സൂക്ഷിക്കാന്‍ പരിമിതിയുള്ള കാര്യം കഴിഞ്ഞ മാസം 25ന് കൊങ്കണ്‍ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (കെ.ആര്‍.സി.എല്‍ ) അറിയിച്ചതായി പൊതു മരാമത്ത് വകുപ്പിന്റെ ഔദ്യോഗിക രേഖ. കഴിഞ്ഞ മാസം 25ന് പൊതു മരാമത്ത് വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം പദ്ധതി പ്രദേശം സന്ദര്‍ശിച്ചിരുന്നു. ഈ സന്ദര്‍ശനത്തിന്റെ തീരുമാനങ്ങളുടെ വിശദാംശങ്ങളിലാണ് കെ.സി.ആര്‍.എല്‍ മണ്ണ് സൂക്ഷിക്കാന്‍ പരിമിതിയുണ്ടെന്ന് അറിയിച്ചതായി പറയുന്നത്.
പൊതു മരാമത്ത് വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി അദീല അബ്ദുല്ല, വകുപ്പ് അഡീഷനല്‍ സെക്രട്ടറി വിനോദ് വി.ആര്‍ ഐ.എ.എസ്, പൊതു മരമാത്ത് വകുപ്പ് നിരത്ത് വിഭാഗം ചീഫ് എന്‍ജിനീയര്‍ അന്‍സാര്‍ എം. എന്നിവര്‍ അടക്കമുള്ള 19 അംഗ സംഘമാണ് അന്ന് പദ്ധതി പ്രദേശത്ത് സന്ദര്‍ശനം നടത്തിയത്. കൊങ്കണ്‍ റെയില്‍വേ ഡെപ്യൂട്ടി ഫീഫ് എഞ്ചിനീയര്‍ ദിനാകര്‍ ഡി. ജോഷി, അസിസ്റ്റന്റ് എഞ്ചിനീയര്‍ ഗുല്‍സാര്‍ അഹമ്മദ് എന്നിവരായിരുന്നു സംഘത്തില്‍ കെ.ആര്‍.സി.എലിനെ പ്രതിനിധീകരിച്ചത്.
നിര്‍മാണ പ്രവര്‍ത്തനത്തിന്റെ ഭാഗാമായി ഉണ്ടാവുന്ന മണ്ണ് സൂക്ഷിക്കാന്‍ പരിമിതിയുള്ളതായാണ് അന്ന് നടന്ന ചര്‍ച്ചയില്‍ കെ.സി.ആര്‍.എല്‍ അറിയിച്ചത്. ഒരു ലക്ഷം ക്യൂബിക് മീറ്റര്‍ മണ്ണ് താത്കാലികമായി സൂക്ഷിക്കാന്‍ സ്ഥലം ആവശ്യമുള്ളതായും കെ.സി.ആര്‍.എല്‍ അറിയിച്ചെന്നും സന്ദര്‍ശനത്തിന്റെ മിനുറ്റ്‌സ് രേഖയില്‍ പറയുന്നു.
ജൂണ്‍ 25ന് പദ്ധതി പ്രദേശം സന്ദര്‍ശിച്ചതിന്റെ മിനുറ്റ്‌സില്‍ നിന്നുള്ള ഭാഗം
‘സൈറ്റില്‍ പ്രവര്‍ത്തിയുടെ ഭാഗമായി ഉണ്ടാകുന്ന മണ്ണ് (Muck) താത്കാലികമായി നിക്ഷേപിക്കാന്‍ സ്ഥലപരിമിതി ഉള്ളതായി കെ.ആര്‍.സി.എല്‍ അറിയിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതോ സ്വകാര്യ ഉടമസ്ഥതയിലുള്ളതോ ആയ അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കി. ഇതിന് ആവശ്യമായ വാടക കരാര്‍ കമ്പനി നല്‍കാന്‍ തയ്യാറാണെന്ന കാര്യം അറിയിച്ചു,’ സന്ദര്‍ശനത്തിന്റെ മിനുറ്റ്‌സില്‍ പറയുന്നു.
ജൂണ്‍ 25ന് പദ്ധതി പ്രദേശം സന്ദര്‍ശിച്ചതിന്റെ മിനുറ്റ്‌സില്‍ നിന്നുള്ള ഭാഗം
കൂട്ടിയിട്ട മണ്ണ് ടാര്‍പോളിന്‍ ഉപയോഗിച്ച് കവര്‍ ചെയ്തിട്ടുണ്ടെന്നും എന്നാല്‍ കൂടുതല്‍ മണ്ണ് നിക്ഷേപിക്കാന്‍ അനുയോജ്യമായ സ്ഥലമില്ലെന്നും കരാര്‍ കമ്പനി അറിയിച്ചുവെന്നും മിനുറ്റ്‌സില്‍ പറയുന്നു.
‘അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ ജില്ലാ ഭരണകൂടത്തിന്റെ സഹായം തേടാനും തീരുമാനിച്ചു. ഏകദേശം ഒരു ലക്ഷം ക്യൂബിക് മീറ്റര്‍ മണ്ണ് താത്കാലികമായി നിക്ഷേപിക്കാന്‍ വേണ്ട സ്ഥലമാണ് ആവശ്യമെന്നും കെ.ആര്‍.സി.എല്‍ അറിയിച്ചു. മണ്ണ് മാറ്റിക്കൊണ്ടു പോകുമ്പോഴുള്ള റോയല്‍റ്റി ഫീസ് ഒഴിവാക്കി തരാന്‍ കെ.ആര്‍.സി.എല്‍ ആവശ്യപ്പെട്ടു. ഇതിനു വേണ്ട നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു,’ മിനുറ്റ്‌സില്‍ പറയുന്നു.
മണ്ണ് നീക്കുന്നത് അപകടത്തിന് കാരണമാകുമെന്ന് പദ്ധതി പ്രദേശം സന്ദര്‍ശിച്ച സംഘം വിലയിരുത്തിയിരുന്നു. മണ്ണ് അപകട ഭീഷണി ഉയര്‍ത്തുന്നതിനാല്‍ വിദഗ്ധ ഉപദേശം തേടാനും നിര്‍ദേശിച്ചിരുന്നു. പദ്ധതി പ്രദേശത്തെ എല്ലാവിധ നിര്‍മ്മാണ പ്രവര്‍ത്തനവും അനുബന്ധ പ്രവര്‍ത്തനവും എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചാണോ പോകുന്നത് എന്ന് കൊങ്കണ്‍ റെയില്‍വേ ഉറപ്പുവരുത്തണമെന്ന് അന്ന് മരാമത്ത് വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി നിര്‍ദേശിച്ചിരുന്നു.
പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥര്‍, വയനാട് അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ്, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി (ഡി.ഡി.എം.എ) പ്രതിനിധികള്‍, സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റി (എസ്.ഇ.ഐ.എ.എ) പ്രതിനിധി, കരാറുടെ പ്രതിനിധികള്‍ എന്നിവരും അന്ന് പദ്ധതി പ്രദേശം സന്ദര്‍ശിച്ച സംഘത്തിലുണ്ടായിരുന്നു.
ജൂണ്‍ 25ന് പദ്ധതി പ്രദേശം സന്ദര്‍ശിച്ചതിന്റെ മിനുറ്റ്‌സില്‍ നിന്നുള്ള ഭാഗം
ശക്തമായ മഴയുണ്ടാകാന്‍ സാധ്യതയുള്ള പ്രദേശത്ത് എല്ലാ ദിവസവും മഴയുടെ അളവ് നിരീക്ഷിക്കുകയും അത് 250 മില്ലീ മീറ്റര്‍ അളവില്‍ കൂടുതലായാല്‍ എല്ലാ പ്രവര്‍ത്തിയും നിര്‍ത്തിവെക്കാനും അന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു. മഴയുടെ അളവ് എല്ലാദിവസവും നിരീക്ഷിക്കാന്‍ ഡി.ഡി.എം.എ അടക്കമുള്ള ഏജന്‍സികള്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു.
അതിശക്തമായ മഴയുണ്ടാകാന്‍ സാധ്യതയുണ്ടെങ്കില്‍ പദ്ധതിയുടെ താഴെ മീനാച്ചിപാലത്തിന് സമീപം താമസിക്കുന്ന കുടുംബങ്ങളെ മാറ്റിതാമസിപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടത്തോട പൊതു മരാമത്ത് വകുപ്പ് നിര്‍ദേശിച്ചിരുന്നതായും മിനുറ്റ്‌സില്‍ പറയുന്നു. ഇതിനു വേണ്ട ചിലവുകള്‍ കരാര്‍ കമ്പനി വഹിക്കാനും തീരുമാനമായിരുന്നു.ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ കനത്ത മഴയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ എല്ലാ വിഭാഗം ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നും മിനുറ്റ്‌സില്‍ പറയുന്നു.
മണ്ണ് കൂട്ടിയിട്ട ഭാഗങ്ങളിലെ ഭൂപ്രദേശത്തെ യഥാര്‍ഥ മണ്ണ് പരിശോധികാകാനും ഇത് അവിടെ നിക്ഷേപിക്കുന്ന മണ്ണിന്റെ ഭാരം താങ്ങാന്‍ പ്രാപ്തമാണോ എന്ന് പരിശോധിക്കാനും കെ.സി.ആര്‍.എല്ലിനോട് പൊതുമരാമത്ത് വകുപ്പ് നിര്‍ദേശിച്ചിരുന്നു. കൂട്ടിയിട്ട മണ്ണ് ഒലിച്ച് പോയിട്ട് അടക്കമുള്ള അപകടങ്ങള്‍ തടയാന്‍ വേണ്ട മുന്‍കരുതലുകളെടുക്കാനും അന്ന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി നിര്‍ദേശിച്ചതായും ഈ രേഖയില്‍ പറയുന്നു
നിലവില്‍ സൈറ്റില്‍ കൂട്ടിയിട്ട മണ്ണ് എങ്ങനെ മാറ്റിയാലാണ് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഇല്ലാതെയാക്കാന്‍കഴിയുക എന്നതിനായി വേണ്ട പ്രതിവിധി രൂപരേഖ നല്‍കുമെന്ന് എസ്.ഇ.ഐ.എ.എ പ്രതിനിധി അന്ന് അറിയിച്ചിരുന്നതായും മിനുറ്റ്‌സ് വ്യക്തമാക്കുന്നു.
ഇന്ന് (ജൂലൈ 7 – ചൊവ്വ) പദ്ധതി പ്രദേശത്ത് മീനാക്ഷി പാലത്തിന് സമീപമുണ്ടായ ഉരുള്‍ പൊട്ടലിന്റെ ആഘാതം വര്‍ധിക്കാന്‍ മണ്ണ് നിക്ഷേപം കാരണമായതായി മന്ത്രിമാര്‍ അടക്കമുള്ളവര്‍ പറഞ്ഞിരുന്നു. തുരങ്കപാത നിര്‍മാണത്തിനായി അശാസ്ത്രീയമായി കൂട്ടിയിട്ടിരുന്ന മണ്ണ് ഒലിച്ചിറങ്ങിയതാണ് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചതെന്ന് കൃഷി മന്ത്രി ടി. സിദ്ധിഖ് പറഞ്ഞിരുന്നു. നിര്‍മാണ കമ്പനിക്ക് വീഴ്ച പറ്റിയെന്നും, അപകട മുന്നറിയിപ്പുകള്‍ കൊങ്കണ്‍ കമ്പനി അവഗണിച്ചുവെന്നും മന്ത്രി പറഞ്ഞിരുന്നു.
മണ്ണ് കൂട്ടിയിട്ടിരിക്കുന്നതാണ് പ്രശ്നം എന്ന് അപകടത്തെക്കുറിച്ച് സംസാരിക്കവെ മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞിരുന്നു. ഈ കാര്യത്തില്‍ കളക്ടറും മന്ത്രിയും ദുരന്ത നിവാരണ അതോറിറ്റിയും അടക്കം മുന്നറിയിപ്പ് നല്‍കിയിട്ടും കരാര്‍ കമ്പനി മണ്ണ് മാറ്റാന്‍ തയ്യാറായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് രാവിലെയാണ് കള്ളാടി മീനാക്ഷി പാലത്തിന് സമീപം ഉരുള്‍പൊട്ടല്‍ ഉണ്ടായത്. തൊഴിലാളികള്‍ എത്തിയ ബസിന് മുകളിലേക്കും അവര്‍ വിശ്രമിച്ചിരുന്ന ഷെഡിലേക്കുമാണ് മണ്ണ് ഇടിഞ്ഞുവീണത്.
Content Highlight: Meppadi Landslide: Record of Visit of Team Led By PWD Special Secretary on 25 june