| Thursday, 23rd January 2025, 5:59 pm

മുടി മുറിച്ചതിനാല്‍ ജയിലില്‍വെച്ച് മാനസികാസ്വാസ്ഥ്യം; യൂട്യൂബര്‍ മണവാളനെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: ജയില്‍വെച്ച് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച യൂട്യൂബര്‍ മണവാളനെ (മുഹമ്മദ് ഷഹീന്‍ ഷാ)  തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ പൂരത്തിനിടയ്ക്ക് വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താന്‍ നോക്കിയ കേസിലാണ് മണവാളനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ജില്ലാ ജയില്‍വെച്ച് മണവാളന്റെ മുടി ജയില്‍ അധികൃതര്‍ മുറിച്ചിരുന്നു. മറ്റ് തടവുകാരുടെ മുടി മുറിക്കുമ്പോഴാണ് ഇയാളുടെ മുടി മുറിച്ചത്. എന്നാല്‍ ഇത് ഇയാള്‍ക്ക് മാനസികമായി വിഷമം ഉണ്ടാക്കിയെന്നാണ് സൂചന.

ജയിലില്‍ എത്തിയ സമയം മുതല്‍ ഇയാള്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുടി മുറിച്ചത്. എന്നാല്‍ ഇത് മണവാളന്റെ മാനസിക പിരിമുറുക്കം കൂട്ടിയെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

റിമാന്‍ഡ് ചെയ്ത ജയിലിലേക്ക് പോകുമ്പോള്‍ മണവാളന്‍ റീല്‍സ് എടുത്തിരുന്നു. ജില്ലാ ജയിലിന് മുന്നിലെ മുഹമ്മദ് ഷഹീന്‍ ഷായുടെ റീല്‍സ് ചിത്രീകരണം ഏറെ വിവാദമായിരുന്നു. തൃശ്ശൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. പത്ത് മാസം ഒളിവിലായിരുന്ന മുഹമ്മദ് ഷഹീന്‍ ഷായെ കുടകില്‍ നിന്ന് തൃശ്ശൂര്‍ ടൗണ്‍ വെസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്.

മുഹമ്മദ് ഷെഹിന്‍ഷാ ജയില്‍ കവാടത്തില്‍ കാത്തു നില്‍ക്കുമ്പോഴായിരുന്നു റീല്‍സ് ചിത്രീകരണം. ശക്തമായി തിരിച്ചു വരുമെന്ന് മണവാളനെക്കൊണ്ട് കൂട്ടുകാര്‍ പറയിക്കുന്നതും വീഡിയോയില്‍ ഉണ്ടായിരുന്നു.

മണവാളന്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയായ മുഹമ്മദ് ഷഹീന്‍ ഷായ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കിയിരുന്നു. കേരള വര്‍മ കോളജിന് സമീപം വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലായിരുന്നു ലുക്ക് ഔട്ട് നോട്ടീസ്.

ഏപ്രില്‍ 19നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കേരളവര്‍മ്മ കോളേജ് റോഡില്‍ വച്ച് മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്നു രണ്ട് കോളേജ് വിദ്യാര്‍ത്ഥികളെ കാറിടിച്ചു കൊലപ്പെടുത്താന്‍ മുഹമ്മദ് ഷഹീന്‍ ഷാ ശ്രമിക്കുകയായിരുന്നു. ഈ സംഭവത്തിലാണ് പൊലീസ് ഇപ്പോള്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. തൃശ്ശൂര്‍ വെസ്റ്റ് പൊലീസാണ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.

യൂട്യൂബില്‍ 15 ലക്ഷം ഫോളോവേഴ്‌സ് ഉള്ള മണവാളന്‍ മീഡിയ എന്ന യൂട്യൂബ് ചാനലുടമയാണ്. കേരളവര്‍മ്മ കോളേജിന് സമീപത്തു വച്ച് മദ്യപാന തര്‍ക്കത്തിലാണ് വിദ്യാര്‍ത്ഥികളെ പിന്തുടര്‍ന്നെത്തി അപായപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് മണവാളന്‍ ഒളിവില്‍ പോയത്.

Content Highlight: Mental health worsened in prison due to haircut; The YouTuber Manavalan admitted to a mental hospital

We use cookies to give you the best possible experience. Learn more