| Saturday, 1st August 2026, 10:14 pm

ഞങ്ങളുടെ ജോഡി ഇത്രയും ഹിറ്റാണെന്ന് അറിയുന്നത് വിവാഹശേഷമാണ്; ശങ്കറിനൊപ്പമുള്ള സിനിമകളെ കുറിച്ച് മേനക

അശ്വിന്‍ രാജേന്ദ്രന്‍

തമിഴ് ചിത്രത്തിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിക്കുകയും പിന്നീട് മലയാള സിനിമകളിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടുകയും ചെയ്ത അഭിനേത്രിയാണ് മേനക. പൂച്ചക്കൊരു മൂക്കുത്തി, അക്കരെ നിന്നൊരു മാരന്‍, ദൂരെ ദൂരെ ഒരു കൂട് കൂട്ടാം, തുടങ്ങി മലയാളത്തിലെ ഒട്ടനവധി ക്ലാസിക് ചിത്രങ്ങളില്‍ താരം വേഷമിട്ടിരുന്നു. മലയാളത്തിലെ മുന്‍നിര പ്രൊഡ്യൂസര്‍മാരിലൊരാളായ ജി. സുരേഷ് കുമാറുമായുള്ള വിവാഹശേഷം അഭിനയത്തില്‍ നിന്നും അവധിയെടുത്ത മേനക 2011ല്‍ പുറത്തിറങ്ങിയ ലിവിങ് ടുഗദര്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് മടങ്ങിയെത്തിയത്.

മേനക. Photo: X.com

എണ്‍പതുകളില്‍ മലയാളത്തിലെ ഹിറ്റ് ജോഡികളിലൊന്നായിരുന്നു ശങ്കര്‍-മേനക കോമ്പോ. ശങ്കറിനൊപ്പം മേനക അഭിനയിച്ച ചിത്രങ്ങള്‍ക്കെല്ലാം വലിയ ആരാധക പിന്തുണയായിരുന്നു ലഭിച്ചിരുന്നത്. എന്റെ ചിത്രങ്ങള്‍ പൂവണിഞ്ഞു, അര്‍ച്ചന ആരാധന, സമ്മേളനം തുടങ്ങിയ ചിത്രങ്ങളിലൂടെയെല്ലാം വലിയ ഒരു വിഭാഗം പ്രേക്ഷകരുടെ ഇഷ്ട ജോഡിയായി ഇരുവരും മാറിയിരുന്നു.

ഇപ്പോഴിതാ ആനീസ് കിച്ചണില്‍ സംസാരിക്കവെ ഈ ജോഡിയെ കുറിച്ച് സംസാരിക്കുകയാണ് മേനക. ശങ്കറും താനും അഭിനയിച്ച ചിത്രങ്ങള്‍ക്ക് കേരളത്തില്‍ ഇത്രയധികം ആരാധക പിന്തുണ ലഭിച്ചിരുന്നുവെന്ന് താന്‍ അറിഞ്ഞിരുന്നില്ലെന്നും താനും ശങ്കറും ചെന്നൈയില്‍ താമസമാക്കിയത് കൊണ്ട് വളരെ വൈകിയാണ് ഈ കാര്യങ്ങളെല്ലാം തിരിച്ചറിഞ്ഞതെന്നും താരം പറയുന്നു.

‘അന്നത്തെ കാലത്ത് ലാലേട്ടനെക്കാള്‍ കൂടുതല്‍ ഞാന്‍ ജോഡിയായി അഭിനയിച്ചത് ശങ്കറേട്ടനോടൊപ്പമായിരുന്നു. ലാലേട്ടന്‍ ആ സമയത്ത് ശങ്കറേട്ടന്റെ സുഹൃത്തായിട്ടും മറ്റുമുള്ള ചെറിയ കഥാപാത്രമായിട്ടാണ് വേഷമിടാറുള്ളത്. ഞാന്‍ വരുന്ന സമയത്ത് ശങ്കറേട്ടനായിരുന്നു ഹീറോ. അദ്ദേഹത്തിന്റെ പീക്ക് ആയിരുന്നു അന്ന്. ആദ്യം ഞങ്ങള്‍ ചെയ്ത ചിത്രം എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു ആയിരുന്നു. അതിന് ശേഷം എങ്ങനെ നീ മറക്കും ചെയ്തു. പിന്നെ പൂച്ചക്കൊരു മൂക്കുത്തി, ഓടരുതമ്മാവാ ആളറിയും തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഞങ്ങളുടെ കോമ്പിനേഷന്‍ ഭയങ്കരമായി വര്‍ക്ക് ചെയ്തു.

Photo: X.com

ഇന്നത്തെ കാലഘട്ടമായിരുന്നെങ്കില്‍ അതേ കോമ്പിനേഷന്‍ തന്നെ തുടരണോ എന്ന് നമ്മള്‍ ചര്‍ച്ച ചെയ്യും. പക്ഷേ അന്ന് ശങ്കര്‍ ഹീറോയെങ്കില്‍ മേനക ഹീറോയിന്‍ എന്ന രീതിയിലായിരുന്നു ചെയ്തിരുന്നത്. പക്ഷേ ഈ പെയര്‍ ഇത്രയും ഹിറ്റാണെന്നും പ്രേക്ഷകര്‍ക്ക് ഇത്രയും ഇഷ്ടമാണെന്നും കല്യാണം കഴിഞ്ഞതിന് ശേഷമാണ് ഞാന്‍ അറിയുന്നത്. കാരണം ഞാന്‍ മദ്രാസിലായിരുന്നല്ലോ. ഇതിന്റെ വിശേഷങ്ങളൊന്നും നമ്മള്‍ അറിഞ്ഞിരുന്നില്ല,’ മേനക പറഞ്ഞു.

Content Highlight: Menaka talks aboutthe hit Jody between her and Shankar in 80’s

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more