തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്തെ ശ്രദ്ധേയയായ നടിയാണ് മേനക. എണ്‍പതുകളിലെ തിരക്കുള്ള നടിയായിരുന്നു മേനക. നടി അഭിനയിച്ച 116 ചിത്രങ്ങളില്‍ കൂടുതലും മലയാളത്തിലായിരുന്നു. പല മുന്‍നിര നായകന്മാരുടെ കൂടെയും മേനക അഭിനയിച്ചിരുന്നുവെങ്കിലും ശങ്കറിന്റെ ജോഡിയായി അഭിനയിച്ച ചിത്രങ്ങളാണ് മേനകയെ കൂടുതല്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കിയത്.
സിനിമയില്‍ തിരക്കുള്ള സമയത്തായിരുന്നു മേനക നിര്‍മാതാവ് സുരേഷിനെ വിവാഹം ചെയ്ത് സിനിമയില്‍ നിന്ന് ഇടവേളയെടുക്കുന്നത്. പിന്നീട് ഇവരുടെ മകള്‍ കീര്‍ത്തി സുരേഷ് സിനിമയില്‍ സജീവമായി. മക്കള്‍ക്ക് തങ്ങള്‍ യാതൊരു വിധത്തിലുമുള്ള നിയന്ത്രണങ്ങള്‍ വെച്ചിട്ടില്ലെന്നും മേനക പറയുന്നു.
ഒരിക്കല്‍ മക്കളെ സിനിമയിലേക്ക് വിടേണ്ടെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ മക്കള്‍ സിനിമയുടെ ചോറ് കഴിച്ചിട്ടാണ് വളര്‍ന്നതെന്ന് സുരേഷ് മറുപടി നല്‍കിയെന്നും മേനക പറഞ്ഞു.
‘മക്കള്‍ക്ക് ഒരു നിയന്ത്രണവും ഞങ്ങള്‍ വെച്ചിട്ടില്ല. പിന്നെ എന്റെ കൂടെയുള്ളത് ഇതെല്ലാം അംഗീകരിക്കുന്ന ഒരു ഭര്‍ത്താവാണ്. ഈ വീട്ടില്‍ സുരേഷേട്ടന്‍ ആണ് എന്നെക്കാള്‍ പിള്ളേരുടെ കൂടെ നിന്നത്. അവര്‍ക്ക് തോന്നുന്നത് ചെയ്യട്ടെ എന്ന് പറഞ്ഞ് എല്ലാത്തിനും അദ്ദേഹം ഒപ്പമുണ്ടായി.
ഒരിക്കല്‍ ഞങ്ങള്‍ ഒരു കല്യാണത്തിന് പോയപ്പോള്‍ അവിടെയുള്ള ഒരു അമ്മൂമ്മ അടുത്ത് വന്നു. ‘മക്കളുടെ ഫോട്ടോ കണ്ടു. നല്ല പിള്ളേരാണ്. പക്ഷെ സിനിമ മാത്രം വേണ്ട കേട്ടോ’ എന്നായിരുന്നു അവരുടെ കമന്റ്.
അപ്പോള്‍തന്നെ സുരേഷേട്ടന്‍ പറഞ്ഞു, ‘ഈ രണ്ടു പിള്ളേരും വളരുന്നത് സിനിമയുടെ ചോറുണ്ടിട്ടാണ്. അവരോട് എങ്ങനെയാണ് സിനിമ വേണ്ടെന്ന് വെക്കാന്‍ പറയുക’ ഇങ്ങനെ പറയുന്നൊരു ഭര്‍ത്താവിനെ കിട്ടുക എന്നത് ഭാഗ്യമാണ്,’ മേനക പറയുന്നു.
Content Highlight: Menaka Talks About Her Husband