| Tuesday, 10th November 2026, 2:08 pm

മക്കളെ നഴ്‌സറിയില്‍ ചേര്‍ക്കുന്നത്‌ വരെ നഖം വളര്‍ത്തിയിട്ടില്ല, ക്യൂട്ടെക്‌സ് ഇട്ടിട്ടുമില്ല, കൈകൊണ്ട് വാരിക്കൊടുത്താലേ അമൃതാവൂ എന്നായിരുന്നു വിശ്വാസം: മേനക

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ് ചിത്രത്തിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിക്കുകയും പിന്നീട് മലയാള സിനിമകളിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടുകയും ചെയ്ത അഭിനേത്രിയാണ് മേനക. പൂച്ചക്കൊരു മൂക്കുത്തി, അക്കരെ നിന്നൊരു മാരന്‍, ദൂരെ ദൂരെ ഒരു കൂട് കൂട്ടാം, തുടങ്ങി മലയാളത്തിലെ ഒട്ടനവധി ക്ലാസിക് ചിത്രങ്ങളില്‍ താരം വേഷമിട്ടിരുന്നു. മലയാളത്തിലെ മുന്‍നിര പ്രൊഡ്യൂസര്‍മാരിലൊരാളായ ജി. സുരേഷ് കുമാറുമായുള്ള വിവാഹശേഷം അഭിനയത്തില്‍ നിന്നും അവധിയെടുത്ത മേനക 2011ല്‍ പുറത്തിറങ്ങിയ ലിവിങ് ടുഗദര്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് മടങ്ങിയെത്തിയത്.

മേനക. Photo: malayalamcinema.com

അടുത്തിടെ വനിത മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ മക്കളെ കുറിച്ചും അവര്‍ വളര്‍ന്നതിന് ശേഷം സിനിമയിലേക്കെത്തിയതിനെ കുറിച്ചും സംസാരിക്കുകയാണ് മേനക. കുട്ടികളെ നഴ്‌സറിയില്‍ ചേര്‍ത്തുന്നത് വരെ തന്റെ കൈയിലെ നഖം വളര്‍ത്തിയിട്ടില്ലെന്നും ക്യൂട്ടെക്‌സ് ഇട്ടിട്ടില്ലെന്നും താരം പറയുന്നു.

‘കല്യാണം കഴിഞ്ഞ് എങ്ങനെ ജീവിക്കണം, മക്കളെ വളര്‍ത്തണം എന്നെല്ലാം ആലോചിച്ച് ഉറപ്പിച്ചിരുന്നു. അവര്‍ നഴ്‌സറിയില്‍ ചേരുന്നതു വരെ ഞാന്‍ നഖം വളര്‍ത്തിയിട്ടില്ല, ക്യൂട്ടെക്‌സ് ഇട്ടിട്ടില്ല. കൈകൊണ്ടു വാരിക്കൊടുത്താലേ അമൃതമാവു എന്നായിരുന്നു വിശ്വാസം. മക്കള്‍ മുതിര്‍ന്നതോടെ ഒന്ന് രണ്ട് സിനിമകളില്‍ ഞാന്‍ മുഖം കാണിച്ചു. അഞ്ചു വര്‍ഷം മുമ്പ് പൃഥ്വിരാജിനൊപ്പം ‘ഭ്രമ’ത്തില്‍ മേനകയായി തന്നെ അഭിനയിച്ചു. പിന്നെ പിന്നെ മൂന്ന് നാല് സീനില്‍ അഭിനയിക്കാന്‍ പലരും വിളിച്ച് തുടങ്ങി. അതില്‍ കാര്യമില്ലല്ലോ.

മേനകയും കുടുംബവും. Photo: X.com

ഇത്രയും കാലം മാറിനിന്നതില്‍ സങ്കടമില്ല. പക്ഷേ, രണ്ട് കാര്യങ്ങളിലേ വിഷമമുള്ളു. മമ്മൂക്ക ആദ്യമായി നിര്‍മിച്ച സീരിയിലായിരുന്നു ജ്വാലയായ്. അതിലെ ഒരു പ്രധാന റോളില്‍ ഞാന്‍ അഭിനയിക്കണമെന്ന ആവശ്യവുമായി മമ്മൂക്ക സുരേഷേട്ടനെ വിളിച്ചു. ഒരു തീരുമാനമെടുക്കാന്‍ എനിക്കും സുരേഷേട്ടനും പറ്റിയില്ല. അതുപോലെ സുരേഷേട്ടന്‍ നിര്‍മിച്ച ‘വിഷ്ണുലോക’ത്തില്‍ ലാലേട്ടന്റെ കൂടെ അഭിനയിക്കാന്‍ വിളിച്ചു. ‘പപ്പീ,നീ ആ റോള്‍ ചെയ്യെന്ന്’ കുറേ പറഞ്ഞു. പക്ഷേ, രേവതി കൈക്കുഞ്ഞായിരുന്നു,’ മേനക പറഞ്ഞു.

Content Highlight: Menaka talks about her family and return to cinema

We use cookies to give you the best possible experience. Learn more