തമിഴ് ചിത്രത്തിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിക്കുകയും പിന്നീട് മലയാള സിനിമകളിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടുകയും ചെയ്ത അഭിനേത്രിയാണ് മേനക. പൂച്ചക്കൊരു മൂക്കുത്തി, അക്കരെ നിന്നൊരു മാരന്‍, ദൂരെ ദൂരെ ഒരു കൂട് കൂട്ടാം, തുടങ്ങി മലയാളത്തിലെ ഒട്ടനവധി ക്ലാസിക് ചിത്രങ്ങളില്‍ താരം വേഷമിട്ടിരുന്നു. മലയാളത്തിലെ മുന്‍നിര പ്രൊഡ്യൂസര്‍മാരിലൊരാളായ ജി. സുരേഷ് കുമാറുമായുള്ള വിവാഹശേഷം അഭിനയത്തില്‍ നിന്നും അവധിയെടുത്ത മേനക 2011ല്‍ പുറത്തിറങ്ങിയ ലിവിങ് ടുഗദര്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് മടങ്ങിയെത്തിയത്.
മേനക. Photo: The Hindu
അടുത്തിടെ ആനീസ് കിച്ചണ് നല്‍കിയ അഭിമുഖത്തില്‍ തന്റെ വിവാഹത്തിന് മുമ്പ് നടന്ന ഒരു രസകരമായ അനുഭവത്തെ കുറിച്ച് പറയുന്ന മേനകയുടെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. സുരേഷ് കുമാറുമായുള്ള വിവാഹത്തില്‍ നിന്ന് തന്നെ പിന്തിരിപ്പിക്കാന്‍ പലരും കത്തുകളെഴുതിയതിനെ കുറിച്ചും പകരം നടന്‍ ശങ്കറിനെ വിവാഹം കഴിക്കാനുള്ള നിര്‍ദേശത്തെ കുറിച്ചുമാണ് മേനക സംസാരിച്ചത്.
‘ വിവാഹത്തിന് മുമ്പ് ഞങ്ങള്‍ പ്രേമിച്ച് കൊണ്ടിരിക്കുന്ന സമയത്ത് വീട്ടില്‍ സുരേഷേട്ടന്‍ വരാറുണ്ടായിരുന്നു. അങ്ങനെ ഒരിക്കല്‍ ശങ്കറിനെയും ഒരു ദിവസം അദ്ദേഹം കൂട്ടിക്കൊണ്ട് വന്നിരുന്നു. അന്ന് നമുക്ക് ഒരുപാട് ലെറ്റര്‍ എല്ലാം വരുമല്ലോ. ഒരു ചാക്കിലാക്കിയാണ് കൊണ്ട് വരിക. അതെല്ലാം സുരേഷേട്ടനും ശങ്കറേട്ടനും ഒരുമിച്ചിരുന്ന് വായിക്കും.
അതില്‍ എഴുതിയിട്ടുണ്ടാകുക ചേച്ചി ആ സുരേഷേട്ടനോട് പിന്മാറാന്‍ പറയണം, ആ ശങ്കറേട്ടനെ വിവാഹം കഴിച്ചാല്‍ മതി എന്നായിരിക്കും. അന്ന് ശങ്കറും മേനകയും തമ്മില്‍ വിവാഹം കഴിക്കാന്‍ പോകുന്നു എന്നെല്ലാം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതെല്ലാം ഈ കത്തുകളിലൂടെയാണ് ഞാന്‍ അറിഞ്ഞിരുന്നത്. ഇതെല്ലാം സുരേഷേട്ടന്‍ തന്നെയാണ് വായിക്കുന്നത്. എന്നിട്ട് എന്നോട് പറയും എടീ എന്നോട് പിന്മാറാന്‍ പറഞ്ഞിരിക്കുകയാണല്ലോ എന്ന്.
Photo: Wikipedia
പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിലൂടെയാണ് ഞാനും സുരേഷേട്ടനും തമ്മില്‍ ഇഷ്ടത്തിലാകുന്നത്. എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു എന്ന ചിത്രത്തില്‍ ഒരു സീനുണ്ട്, ഞാന്‍ അവിടെ ഇരുന്ന് തുന്നിക്കൊണ്ടിരിക്കുമ്പോള്‍ ശങ്കറേട്ടന്‍ ഒരു കാറില്‍ വന്ന് നോക്കുമ്പോള്‍ ഞാന്‍ ദേഷ്യം വന്ന് കതക് അടച്ച് പോകും. ഇതില്‍ ശങ്കറേട്ടന് പകരം ഞാനാണെങ്കില്‍ എന്ന് ആലോചിച്ചിട്ടുണ്ടെന്ന് സുരേഷേട്ടന്‍ ഒരിക്കല്‍ എന്നോട് പറഞ്ഞിട്ടുണ്ട്,’ മേനക ഓര്‍ത്തെടുക്കുന്നു.
Content Highlight: Menaka Talks about her experience