എൺപതുകളിൽ മലയാള സിനിമയിൽ നിറഞ്ഞുനിന്ന മുൻനിര നായികമാരിലൊരാളായിരുന്നു മേനക. അക്കരെ നിന്നൊരു മാരൻ, ദൂരെ ദൂരെ ഒരു കൂട് കൂട്ടാം, പൂച്ചക്കൊരു മൂക്കുത്തി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടി, കരിയറിന്റെ മികച്ച സമയത്ത് നിൽക്കുമ്പോഴായിരുന്നു നിർമാതാവ് ജി. സുരേഷ് കുമാറുമായുള്ള വിവാഹവും അതിനുപിന്നാലെ അഭിനയരംഗത്തുനിന്നുള്ള പിന്മാറ്റവും. പിന്നീട് 2011-ൽ പുറത്തിറങ്ങിയ ലിവിങ് ടുഗദർ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് മടങ്ങിയെത്തിയത്.
മേനക.photo.screen grab/youtube
ഇപ്പോഴിതാ ആനീസ് കിച്ചണിൽ തന്റെ ജീവിതവിശേഷങ്ങൾ പങ്കുവെക്കുകയാണ് മേനക. കൃത്യമായ ദിനചര്യയും ആരോഗ്യകരമായ ജീവിതശൈലിയുമാണ് മേനകയെ മുന്നോട്ട് നയിക്കുന്നത്. സമയബന്ധിതമായി കുറഞ്ഞ അളവിൽ ഭക്ഷണം കഴിക്കുന്ന രീതിയെക്കുറിച്ചും, തന്റെ ഭക്ഷണസമയങ്ങൾ വീട്ടുകാർ കൃത്യമായി ശ്രദ്ധിക്കാറുണ്ടെന്ന രസകരമായ അനുഭവത്തെക്കുറിച്ചും താരം പങ്കുവെക്കുന്നു.
‘ഞാൻ കൃത്യമായ ഡയറ്റ് ശ്രദ്ധിക്കുന്ന ഒരാളാണ്, പൂർണമായും വെജിറ്റേറിയനാണ്. ഭക്ഷണം വളരെ നേരത്തെ കഴിക്കുന്നതാണ് ശീലം. ഉദാഹരണത്തിന്, ഞാൻ പുലർച്ചെ നാലര മണിയാകുമ്പോൾ ഉണരും. പ്രാർത്ഥനകൾക്കും യോഗയ്ക്കും ശേഷം ഏഴര മണിയാകുമ്പോഴേക്കും ബ്രേക്ക്ഫാസ്റ്റ് കഴിക്കും. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഉച്ചഭക്ഷണവും കഴിക്കും. വീട്ടിൽ എല്ലാവരും വൈകി കഴിക്കുന്നതുകൊണ്ട് ഞാനായിരിക്കും ആദ്യം ഭക്ഷണം കഴിക്കുക.
വളരെ കുറഞ്ഞ അളവിൽ മാത്രമേ ആഹാരം കഴിക്കാറുള്ളൂ. അരി പലഹാരങ്ങൾ കൂടുതൽ കഴിക്കാറില്ല പകരം ക്വിനോവ അല്ലെങ്കിൽ ബ്രൗൺ റൈസ് ആയിരിക്കും കഴിക്കുക. എന്നാൽ പച്ചക്കറികൾ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്. രാത്രിയിലെ ഭക്ഷണം ആറ് ഏഴുമണിക്ക് ഉള്ളിൽ കഴിച്ചുതീർക്കും. അതിനിടയിൽ ചായയോ എണ്ണപ്പലഹാരങ്ങളോ മധുരമോ ഒന്നും കഴിക്കുന്ന ശീലമില്ല. വൈകുന്നേരങ്ങളിൽ പതിനഞ്ചു മിനിറ്റോളം നടക്കാൻ പോകാറുണ്ട്. രാത്രിയിൽ ഒരു ഗ്ലാസ് ഗ്രീൻ ടീ കുടിച്ച ശേഷം ഒൻപതു മണിയാകുമ്പോഴേക്കും ഉറങ്ങാൻ കിടക്കും.
സുരേഷേട്ടൻ പറയാറുണ്ട്. ഉച്ചയ്ക്ക് പന്ത്രണ്ടു മണിയാകുമ്പോഴും രാത്രി ഏഴുമണിയാകുമ്പോഴും അവൾക്ക് എന്തെങ്കിലും കഴിക്കാൻ കൊടുക്ക്, അല്ലെങ്കിൽ ഇവിടെ പ്രശ്നമാകും എന്ന്. വിശന്നാൽ നിങ്ങൾ നിങ്ങളല്ലാതാകും എന്ന പരസ്യത്തിൽ പറയുന്നതുപോലെയാണ് അമ്മ എന്ന് മക്കൾ എന്നെ കളിയാക്കി പറയാറുണ്ട്. കാരണം, വിശന്നു കഴിഞ്ഞാൽ ഞാൻ ഞാനല്ലാതാകും,’ മേനക പറഞ്ഞു.
മേനക കുടുംബത്തോടൊപ്പം.photo.Facebook