എൺപതുകളിൽ മലയാള സിനിമയിൽ നിറഞ്ഞുനിന്ന മുൻനിര നായികമാരിലൊരാളായിരുന്നു മേനക. അക്കരെ നിന്നൊരു മാരൻ, ദൂരെ ദൂരെ ഒരു കൂട് കൂട്ടാം, പൂച്ചക്കൊരു മൂക്കുത്തി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടി, കരിയറിന്റെ മികച്ച സമയത്ത് നിൽക്കുമ്പോഴായിരുന്നു നിർമാതാവ് ജി. സുരേഷ് കുമാറുമായുള്ള വിവാഹവും അതിനുപിന്നാലെ അഭിനയരംഗത്തുനിന്നുള്ള പിന്മാറ്റവും. പിന്നീട് 2011-ൽ പുറത്തിറങ്ങിയ ലിവിങ് ടുഗദർ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് മടങ്ങിയെത്തിയത്.
ഇപ്പോഴിതാ ആനീസ് കിച്ചണിൽ ജി. സുരേഷ് കുമാറുമായുള്ള തന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തിലേക്ക് എത്തിയ വഴികളെക്കുറിച്ചും മനസുതുറക്കുകയാണ് താരം.
മേനക.photo.screen grab/youtube
‘ദേവദാരു പൂത്തു എന്ന പാട്ടിന്റെ ചിത്രീകരണ സമയത്താണ് സുരേഷേട്ടൻ സെറ്റിൽ വരുന്നത്. അന്ന് സുകുമാരി ചേച്ചിയാണ് അദ്ദേഹത്തെ എനിക്ക് പരിചയപ്പെടുത്തി തരുന്നത്. അങ്ങനെ ഷൂട്ടിനിടയിൽ ഞാൻ കണ്ണാടിയിൽ നോക്കിയപ്പോൾ അദ്ദേഹത്തിന്റെ മുഖം കണ്ടു. എവിടെയോ കണ്ട് പരിചയമുള്ള ആളാണല്ലോ എന്ന് എനിക്ക് തോന്നി. എന്നാൽ ഞാൻ നോക്കുന്നത് അദ്ദേഹവും കണ്ടിരുന്നു. അന്ന് എനിക്ക് അദ്ദേഹത്തോട് ചെറിയൊരു ഇഷ്ടമൊക്കെ തോന്നിയിരുന്നു.
പിന്നീട് പൂച്ചക്കൊരു മൂക്കുത്തി എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് എന്നോട് ഏത് സ്വീറ്റ് ആണ് കഴിക്കാൻ ഇഷ്ടമെന്ന് ചോദിച്ചപ്പോൾ സോൻ പാപ്ഡി ആണെന്ന് ഞാൻ പറഞ്ഞിരുന്നു. അതിനുശേഷം ചലിക്കുന്ന ചക്രങ്ങൾ എന്ന സിനിമയിൽ അഭിനയിക്കാൻ വന്നപ്പോൾ, രാവിലെ എയർപോർട്ടിൽ സുരേഷേട്ടൻ ഈ സോൻ പാപ്ഡിയുമായി നിൽക്കുന്നുണ്ടായിരുന്നു. തുടർന്ന് അദ്ദേഹം എന്നോട് കാറിൽ കയറിക്കോളാൻ പറഞ്ഞു. ഞാൻ പുറകിലെ സീറ്റിൽ കയറാൻ പോയപ്പോൾ ഞാനെന്താ നിന്റെ ഡ്രൈവറാണോ എന്ന് ചോദിച്ചു. അങ്ങനെ ഞാൻ മുന്നിലെ സീറ്റിൽ കയറി ഇരുന്നു. അന്ന് പിന്നെ സോൻ പാപ്ഡി ഒക്കെ തന്നിട്ടു പോയി.
ഭക്ഷണക്കാര്യത്തിൽ നിർബന്ധം പിടിക്കുന്ന സുരേഷ് കുമാറിനോട് സംസാരിച്ചതും, അപ്രതീക്ഷിതമായി വിവാഹ നിർദ്ദേശത്തിലേക്ക് കാര്യങ്ങൾ എത്തിയതും അമ്മ വഴി പ്രണയം വെളിപ്പെടുത്തിയതും മേനക ഓർത്തെടുത്തു.
‘സുരേഷേട്ടൻ ഭക്ഷണത്തിന്റെ രുചിയിലൊക്കെ വലിയ ശ്രദ്ധ കൊടുക്കുന്ന ആളായതുകൊണ്ട് അമ്മയോട് എപ്പോഴും ഭക്ഷണത്തെക്കുറിച്ച് കുറ്റങ്ങൾ പറയുമായിരുന്നു. അമ്മ എപ്പോഴും ഇതിന്റെ പേരിൽ സങ്കടപ്പെടുകയും ചെയ്യുമായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ഞങ്ങൾ രണ്ടുപേരും ലിഫ്റ്റിൽ പോകുമ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞു, ഈ ഭക്ഷണത്തിന്റെ കാര്യത്തിലൊക്കെ ഇങ്ങനെ വാശിപിടിച്ചാൽ നിങ്ങൾക്ക് പെണ്ണ് കിട്ടാൻ വലിയ പാടായിരിക്കും. അല്ലെങ്കിൽ കെട്ടാൻ പോകുന്ന പെണ്ണിനെ ഒരു രണ്ടു മാസം അമ്മയുടെ അടുത്ത് കൊണ്ടുപോയി ട്രെയിനിങ് കൊടുക്ക്, എന്നാൽ ശരിയാകും.
ഇത് കേട്ടപ്പോൾ അദ്ദേഹം എന്നോട് ചോദിച്ചു, അങ്ങനെയയാണെങ്കിൽ എപ്പോഴാണ് അമ്മയുടെ അടുത്ത് രണ്ടുമാസം ട്രെയിനിങ്ങിന് വരുന്നത് എന്ന്. ഇത്രയേ ഉണ്ടായിരുന്നുള്ളൂ. ഇത് ഞാൻ പിന്നെ അമ്മയോട് പറഞ്ഞപ്പോൾ അമ്മ എന്നോട് നിനക്ക് ഇഷ്ടമാണോ എന്ന് ചോദിച്ചു. ഞാൻ ആണ് എന്ന് പറഞ്ഞപ്പോൾ നീയായിട്ട് ഓടിച്ചെന്ന് ഐ ലവ് യു പറയണ്ട, സമയമാകുമ്പോൾ പറയാം എന്ന് അമ്മ പറഞ്ഞു. അങ്ങനെ ഒരു ദിവസം സുരേഷേട്ടൻ അമ്മയോട് സംസാരിച്ചിരിക്കുമ്പോൾ അമ്മ പറഞ്ഞു, അവൾക്ക് നിന്നെ ഭയങ്കര ഇഷ്ടമാണ് കേട്ടോ എന്ന്. അങ്ങനെ എന്റെ ഇഷ്ടം അമ്മ വഴിയാണ് സുരേഷേട്ടനോട് പറഞ്ഞതും പിന്നീട് അത് വിവാഹത്തിലേക്ക് എത്തിയതും,’ മേനക പറഞ്ഞു.
ജി. സുരേഷ് കുമാർ.മേനക.photo.Filimibeat