| Saturday, 5th November 2016, 5:03 pm

മനേകാ ഗാന്ധിയുടെ ഇടപെടല്‍; തട്ടിപ്പുകേസിലെ പ്രതി കവിതാ പിള്ളയ്ക്ക് വളര്‍ത്തു നായയെ തിരിച്ചു കിട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മെഡിക്കല്‍ പ്രവേശന തട്ടിപ്പു കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം കവിതാ പിള്ളയുടെ വീട് കണ്ടുകെട്ടിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇവരുടെ വളര്‍ത്തുനായയെ കൊച്ചിയിലെ പാലാരിവട്ടത്തുള്ള നായ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.


ന്യൂദല്‍ഹി: കേന്ദ്രമന്ത്രി മനേകാ ഗാന്ധിയുടെ ഇടപെടലിനെ തുടര്‍ന്ന് മെഡിക്കല്‍ പ്രവേശന തട്ടിപ്പു കേസിലെ പ്രതി കവിതാപിള്ളക്ക് തന്റെ വളര്‍ത്തു നായയെ തിരിച്ചു കിട്ടി.

മെഡിക്കല്‍ പ്രവേശന തട്ടിപ്പു കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം കവിതാ പിള്ളയുടെ വീട് കണ്ടുകെട്ടിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇവരുടെ വളര്‍ത്തുനായയെ കൊച്ചിയിലെ പാലാരിവട്ടത്തുള്ള നായ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. നായയെ വിട്ടുകൊടുക്കാന്‍ ഇന്ന് രാവിലെയാണ് മേനക ഗാന്ധി എസ്.പി.സി.എ. അധികൃതരോട് നിര്‍ദേശിച്ചത്.

വീട്ടിലെ വളര്‍ത്തുനായയെ വിട്ടു നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് കവിതാപിള്ള മനേകാ ഗാന്ധിക്ക് പരാതി നല്‍കുകയായിരുന്നുവെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഇതിന്റെ അടിസ്ഥാനത്തില്‍ മനേകാ ഗാന്ധിയുടെ  ഓഫീസ് കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടെങ്കിലും പരാതിയില്‍ കഴമ്പില്ലെന്നാണ് കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചത്. കണ്ടു കെട്ടിയപ്പോള്‍ കവിതാപിള്ള വീടു ഒഴിഞ്ഞു പോയെങ്കിലും വളര്‍ത്തുനായയെ കൊണ്ടു പോയിരുന്നില്ലെന്നും ഉദ്യോഗസ്ഥര്‍  പറഞ്ഞു.

തുടര്‍ന്ന് റോട്ട്‌വീലര്‍ ഇനത്തില്‍പെട്ട നായയെ വെറ്ററിനറി ഡോക്ടര്‍ എബ്രഹാം തരകന്റെ സഹായത്തോടെ പാലരിവട്ടത്തെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ കേസിലെ പ്രതിയാണ് കവിതാ പിള്ള. ഒളിവിലായിരുന്ന ഇവരെ വയനാട്ടിലെ തിരുനെല്ലിയില്‍വെച്ച് പൊലീസ് പിടിയിലാകുകയായിരുന്നു.

We use cookies to give you the best possible experience. Learn more