| Wednesday, 22nd January 2025, 1:24 pm

ഷാരോണ്‍ വധക്കേസില്‍ വിധി പറഞ്ഞ ജഡ്ജിയുടെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താനുള്ള ശ്രമം; മെന്‍സ് അസോസിയേഷനെ തടഞ്ഞ് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിയുടെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താനുള്ള ശ്രമത്തില്‍ മെന്‍സ് അസോസിയേഷന് തിരിച്ചടി. പാലഭിഷേകം നടത്താനും പടക്കം പൊട്ടിക്കാനുമുള്ള അസോസിയേഷന്റെ നീക്കം പൊലീസ് തടഞ്ഞു.

ഇതുസംബന്ധിച്ച് പരിപാടി ആരംഭിക്കുന്നതിന് മുന്നോടിയായി സ്ഥലത്തെത്തിയ പൊലീസ് മെന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ക്ക് നോട്ടീസ് കൈമാറുകയായിരുന്നു.

പാലഭിഷേകം നടത്തുന്നത് ജുഡീഷ്യറിയെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് അറിയിച്ച പൊലീസ് മെന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരെ തടയുകയായിരുന്നു.

നോട്ടീസ് നല്‍കുന്നതിന് മുമ്പേ പാലഭിഷേകം നടത്താന്‍ എത്തിച്ച പാലും ബാനറും പൊലീസ് പിടിച്ചെടുത്തിരുന്നു. നെയ്യാറ്റിന്‍കര സെഷന്‍ കോടതി ജഡ്ജി എ.എം. ബഷീറിന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താനാണ് പുരുഷന്മാരുടെ സംഘടന ശ്രമം നടത്തിയത്.

വലതുപക്ഷ നിരീക്ഷകനായ രാഹുല്‍ ഈശ്വര്‍ ആയിരുന്നു സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന പരിപാടിയുടെ ഉദ്ഘാടകന്‍. കോടതി വിധിക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയ റിട്ട. ഹൈക്കോടതി ജസ്റ്റിസ് കെമാല്‍ പാഷക്കെതിരെ പ്രതിഷേധിക്കാനും സംഘടന തീരുമാനിച്ചിരുന്നു.

ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അജിത് കുമാര്‍ പ്രതിഷേധം സംഘടിപ്പിക്കുന്ന വിവരം ഇന്നലെ (ചൊവ്വ) അറിയിച്ചിരുന്നു.

നടി ഹണി റോസ് നല്‍കിയ ലൈംഗികാധിക്ഷേപ പരാതിയെ തുടര്‍ന്ന് റിമാന്‍ഡിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം ലഭിച്ചതിന് പിന്നാലെ പടക്കം പൊട്ടിച്ചും മാലയിട്ടും പ്രതിയെ സ്വീകരിക്കാനുള്ള മെന്‍സ് അസോസിയേഷന്റെ നീക്കം പൊലീസ് തടഞ്ഞിരുന്നു.

നേരത്തെ നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി, കെ.എസ്.ആര്‍.ടി.സി ബസിലെ നഗ്‌നത പ്രദര്‍ശന കേസിലെ പ്രതി സവാദ് എന്നിവരെയും മെന്‍സ് അസോസിയേഷന്‍ മാലയിട്ട് സ്വീകരിച്ചിരുന്നു.

Content Highlight: Men’s association hits back on protest against kemal pasha’s statement in Sharon murder case verdict

We use cookies to give you the best possible experience. Learn more