| Monday, 26th May 2025, 7:13 pm

'അച്ഛന്റെ ഓര്‍മകള്‍ ഓരോ നിലമ്പൂരുക്കാരുടേയും മനസില്‍ എരിയുന്നുണ്ട്'; ആര്യാടന്‍ ഷൗക്കത്തിന്റെ സ്ഥാര്‍ത്ഥിത്വത്തിനിടെ വി.വി പ്രകാശന്റെ മകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: നിലമ്പൂര്‍ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ക്കിടെ വൈകാരിക കുറിപ്പുമായി കോണ്‍ഗ്രസ് നേതാവിന്റെ മകള്‍ നന്ദന പ്രകാശ്. തന്റെ അച്ഛന്റെ ഓര്‍മകള്‍ക്ക് മരണമില്ലെന്നും നിലമ്പൂരിലെ സാധാരണ ജനങ്ങളുടെ മനസില്‍ അദ്ദേഹത്തിന്റെ ഓര്‍മകള്‍ ഇപ്പോഴും പച്ച പിടിച്ച് നില്‍ക്കുന്നുണ്ടെന്നും നന്ദന പ്രകാശ് ഫേസ്ബുക്കില്‍ കുറിച്ചു.

‘അച്ഛന്റെ ഓര്‍മകള്‍ക് മരണമില്ല. ജീവിച്ചു മരിച്ച അച്ഛനെക്കാള്‍ ശക്തിയുണ്ട് മരിച്ചിട്ടും എന്റെ മനസില്‍ ജീവിക്കുന്ന അച്ചന്. ശരീരം വിട്ടുപിരിഞ്ഞെങ്കിലും അച്ഛന്റെ പച്ച പിടിച്ച ഓര്‍മകള്‍ ഓരോ നിലമ്പൂര്‍ക്കാരുടേയും മനസില്‍ എരിയുന്നുണ്ട്. അതൊരിക്കലും കെടാത്ത തീയായി പടര്‍ന്നുകൊണ്ടിരിക്കും. ആ ഓര്‍മകള്‍ മാത്രം മതി എന്റെ അച്ഛന് മരണമില്ലെന്ന് തെളിയിക്കാന്‍,’ നന്ദന ഫേസ്ബുക്കില്‍ എഴുതി.

നിലമ്പൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ആര്യാടന്‍ ഷൗക്കത്തിനെ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിക്കവെയാണ്‌ നന്ദനയുടെ കുറിപ്പ് പുറത്ത് വന്നത്. 2021ല്‍ നിലമ്പൂര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നു വി.വി. പ്രകാശ്. എന്നാല്‍ തെരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനം വരുന്നതിന് മുമ്പ് അദ്ദേഹം മരണപ്പെട്ടു. ആ സമയത്ത് മലപ്പുറം ഡി.സി.സി പ്രസിഡന്റ് കൂടിയായിരുന്നു അദ്ദേഹം.

ആ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ പി.വി. അനവര്‍ 2700 വോട്ടുകള്‍ക്ക് ജയിച്ചു. എന്നാല്‍ യു.ഡി.എഫിന് അകത്ത് തന്നെ ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അദ്ദേഹത്തെ തോല്‍പ്പിച്ചതെന്ന് ആരോപണമുണ്ടായിരുന്നു.

അതേസമയം നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് തന്നെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാവും എന്ന കാര്യം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇതിനകം ഉറപ്പിച്ച് കഴിഞ്ഞു. കളമശേരിയില്‍ ചേര്‍ന്ന് കെ.പി.സി.സി ഭാരവാഹികളുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഷൗക്കത്തിന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചത്. അന്തിമ പ്രഖ്യാപനം ഇന്നാണ് (തിങ്കളാഴ്ച്ച) കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നടത്തിയത്.

അതേസമയം ഷൗക്കത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പി.വി. അന്‍വര്‍ ഇതിനകം അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ സ്വതന്ത്രനായി മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് അന്‍വര്‍.

Content Highlight: Memories of V.V. Prakashan’s are burning in the minds of every Nilambur resident; V.V. Prakashan’s daughter post during Aryadan Shaukat’s Candidacy

We use cookies to give you the best possible experience. Learn more