വലതുവിങിലൂടെ ഓവര്‍ലാപ്പ് ചെയ്ത് കുതിക്കുന്ന ഇല്യാസ് പാഷ 1990കളില്‍ ഇന്ത്യന്‍ ഫുട്‌ബോളിലെ ചന്തമേറിയ കാഴ്ചയായിരുന്നു. ഒരുപതിറ്റാണ്ടിലേറേ കാലം ഈസ്റ്റ് ബംഗാള്‍ കോട്ടയുടെ വലത് പാര്‍ശ്വത്തില്‍ കാവല്‍ നിന്നത് പാഷയാണ്.
കളത്തിന് പുറത്ത് മിതഭാഷി, നാണം കുണുങ്ങി. മസിലില്ല, പക്ഷെ ഉറച്ച മനസുണ്ടായിരുന്നു. ഏത് വമ്പന്‍ സ്‌ട്രൈക്കറും പാഷ ക്ലോസില്‍ മാര്‍ക്ക് ചെയ്താല്‍ പിന്നെ അനങ്ങില്ല. ഉയര്‍ന്നുവരുന്ന ബോളുകള്‍ ക്ലിയന്‍ ചെയ്യുന്നതില്‍ അഗ്രഗണ്യന്‍. 360 ഡിഗ്രിയില്‍ പന്ത് എങ്ങോട്ടും തല കൊണ്ട് കൊടുക്കും, ഇഞ്ച് തെറ്റാതെ.
ഇല്യാസ് പാഷ, Photo: Gautam Roy/x.om
ബാംഗ്ലൂര്‍ വിനായക എഫ്.സിയിലൂടെയാണ് തുടക്കം. പിന്നെ ബാംഗ്ലൂര്‍ ഐ.ടി ഐയില്‍. 1989 ഗുവാഹത്തി സന്തോഷ് ട്രോഫിയില്‍ കര്‍ണാടകയ്ക്ക് നടത്തിയ മികച്ച പ്രകടനം പാഷയെ മുഹമ്മദന്‍സില്‍ എത്തിച്ചു.
പിന്നീടാണ് പാഷയുടെ ജീവിതത്തിലെ അവിസ്മരണീയ സംഭവം അരങ്ങേറുന്നത്. മുഹമ്മദന്‍സിനായി തകര്‍പ്പന്‍ കളി കെട്ടഴിച്ച പാഷയെ ഈസ്റ്റ് ബംഗാളിന് വേണം. നാട്ടിലേക്ക് ലീവില്‍ പോയ പാഷയെ പൊക്കാന്‍ ഈസ്റ്റ് ബംഗാള്‍ തീരുമാനിച്ചു. ബാംഗ്ലൂരില്‍ വന്ന് ഈസ്റ്റ് ബംഗാള്‍ പ്രതിനിധി സംസാരിച്ചെങ്കിലും പാഷ സമ്മതം മൂളിയില്ല.
പിന്നെ പ്ലാന്‍ ബി. കൊല്‍ക്കത്തയിലേക്ക് പോകാന്‍ ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയ പാഷയെ ഈസ്റ്റ് ബംഗാള്‍ പ്രതിനിധി ഹൈദരാബാദിലേക്ക് കടത്തി. അവിടെ നിന്ന് കൊല്‍ക്കത്തയിലേക്ക്. എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വിമാനം അടിയന്തിര ലാന്‍ഡിങ് നടത്തിച്ച ഈസ്റ്റ് ബംഗാള്‍ അധികൃതര്‍ ഒളിവഴിയിലൂടെ പാഷയെ രഹസ്യ കേന്ദ്രത്തില്‍ എത്തിച്ചു.
തങ്ങളുടെ സൂപ്പര്‍ താരത്തെ എയര്‍പോര്‍ട്ടില്‍ കാത്തിരുന്ന മുഹമ്മദന്‍സ് അധികൃതര്‍ റാഞ്ചല്‍ നാടകം അറിഞ്ഞിരുന്നില്ല. രഹസ്യ കേന്ദ്രത്തില്‍ വെച്ച് ട്രാന്‍സ്ഫര്‍ പേപ്പറില്‍ ഒപ്പിടുകയല്ലാതെ വേറെ മാര്‍ഗമുണ്ടായിരുന്നില്ല പാഷയ്ക്ക്. അന്ന് കൊല്‍ക്കത്ത ഫുട്‌ബോള്‍ കളി ജയിക്കാന്‍ പല കളികളും കളിച്ചിരുന്നു.
പിന്നീട് പത്ത് വര്‍ഷത്തിലേറെ കാലം റെഡ് ആന്‍ഡ് ഗോള്‍ഡ് ജര്‍സിയില്‍ പാഷ എതിരാളികളെ പൂട്ടിയിട്ടു. ഇന്ത്യന്‍ ടീമിനായി നെഹ്‌റുകപ്പ് ഉള്‍പ്പടെ നിരവധി ടൂര്‍ണമെന്റുകളില്‍ തിളങ്ങി. കപ്പുകള്‍ അനവധി വന്നു.
ഇല്യാസ് പാഷ
ഇന്ത്യയിലെ ‘പ്രൊഫഷനല്‍’ ഫുട്‌ബോള്‍ താരങ്ങള്‍ വിരമിച്ച ശേഷം നേരിടുന്ന ജീവിത പ്രയാസങ്ങള്‍ പാഷയും അല്പം കഠിനമായി തന്നെ നേരിട്ടു. വലിയ നേട്ടങ്ങള്‍ ഒന്നും കൊണ്ടുവന്നില്ല എങ്കിലും ലോകത്തെ ഏത് വമ്പന്‍ ടീമിനോടും തലയുയര്‍ത്തിക്കളിച്ചിരുന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിലെ ഒരാള്‍ കൂടി ജീവിതത്തിന്റെ ബൂട്ടഴിച്ചിരിക്കുന്നു.
നന്ദി ഇല്യാസ് പാഷ സാര്‍. ഓര്‍മയില്‍ നിന്ന് ഒരിക്കലും ഡിലീറ്റ് ആവാതെ കിടക്കുന്ന മത്സരചിത്രങ്ങള്‍ തന്നതിന്.
Content Highlight: Memories of Indian football player Ilyas Pasha