| Friday, 23rd October 2026, 9:17 pm

വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ച് മെലാനിയ ട്രംപ്: ഉക്രൈന്‍ നഗരം നാശത്തിന്റെ വക്കിലെന്ന് റിപ്പോര്‍ട്ട്

ദേവിക ജയചന്ദ്രന്‍

വാഷിങ്ടണ്‍: റഷ്യന്‍ അധിനിവേശത്തിലുള്ള ഒലഷ്‌കി നഗരത്തില്‍ റഷ്യയും ഉക്രൈനും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ വിജയകരമായി ഉറപ്പാക്കിയതായി വൈറ്റ് ഹൗസ്. അമേരിക്കന്‍ പ്രഥമവനിത മെലാനിയ ട്രംപ് ആണ് കരാറിന് മധ്യസ്ഥത വഹിച്ചത്.

‘ദുരന്തത്തിന്റെ വക്കിലുള്ള യുദ്ധമുന്നണിയിലെ നഗരം’ എന്ന് വിശേഷിപ്പിക്കുന്ന ഒലെഷ്‌കിയില്‍ ഒക്ടോബര്‍ 29 മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പ്രസ്താവനയില്‍ പറയുന്നത്. എന്നാല്‍, റഷ്യയോ ഉക്രൈനോ ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

ഉക്രൈനിന്റെ തെക്കന്‍ ഭാഗത്തുള്ള ഖെര്‍സണ്‍ മേഖലയിലാണ് ഒലെഷ്‌കി സ്ഥിതി ചെയ്യുന്നത്. ഡ്‌നിപ്രോ നദിയുടെ മറുകരയിലാണ് ഈ നഗരം. യുദ്ധത്തിന് മുമ്പ് ഏകദേശം 24,000 പേര്‍ ഇവിടെ താമസിച്ചിരുന്നു.

‘ഒലെഷ്‌കിയില്‍ അവശേഷിക്കുന്ന ജനങ്ങളില്‍ ഭൂരിഭാഗവും പ്രായമായവരാണ്. അവര്‍ക്ക് അടിയന്തരമായി വൈദ്യസഹായവും മരുന്നും ഭക്ഷണവും ശുദ്ധജലവും ആവശ്യമാണ്,’ പ്രസ്താവനയില്‍ പറയുന്നു.

ന്യൂയോര്‍ക്ക് നഗരത്തില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ 81ാമത് പൊതുസഭാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘ഫോസ്റ്ററിങ് ദ ഫ്യൂച്ചര്‍ ടുഗെദര്‍’ പരിപാടിക്കിടെ നടന്ന സ്വകാര്യ ചര്‍ച്ചയിലാണ് ഒലെഷ്‌കിയിലെ ഗുരുതര സാഹചര്യം മെലാനിയ ട്രംപിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

യുദ്ധം ആരംഭിച്ചതുമുതല്‍ നഗരം യുദ്ധമുന്നണിയുടെ ഭാഗമായിത്തുടരുകയാണ്. ജനസംഖ്യയുടെ വലിയൊരു ഭാഗം കുടിയൊഴിപ്പിക്കപ്പെടുകയോ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റപ്പെടുകയോ ചെയ്തു. കഖോവ്ക അണക്കെട്ട് തകര്‍ന്നതിനെത്തുടര്‍ന്ന് നഗരത്തിന്റെ ഏകദേശം 90 ശതമാനം പ്രദേശവും വെള്ളത്തിനടിയിലായെന്നും പ്രസ്താവനയില്‍ പറയുന്നു.

2022 ഫെബ്രുവരിയില്‍ നടന്ന ആദ്യ റഷ്യന്‍ അധിനിവേശത്തില്‍ തന്നെ പിടിച്ചെടുക്കപ്പെട്ട ഒലെഷ്‌കിയില്‍ ശേഷിക്കുന്നവര്‍ തോട്ടങ്ങളില്‍ വളരുന്ന കളകള്‍ ഭക്ഷിക്കേണ്ട അവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Content Highlight: Melania Trump brokers Russia-Ukraine ceasefire in war-hit Oleshky

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more