| Sunday, 1st November 2026, 2:24 pm

'മേളയിൽ മമ്മൂക്കയെക്കൊണ്ട് പാട്ട് പാടിച്ച് കത്തിക്കണം, പാട്ടിന് പക്കാ പാർട്ടി മൂഡായിരിക്കും’; വിഷ്ണു വിജയ്

അജ്മല്‍ കെ

മമ്മൂട്ടിയെ നായകനാക്കി നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മേള’. ചിത്രത്തിന്റെ സംഗീതത്തെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെക്കുകയാണ് സംഗീതസംവിധായകൻ വിഷ്ണു വിജയ്. സിനിമയിലെ ഒരു പാട്ട് മമ്മൂട്ടിയെക്കൊണ്ട് പാടിക്കണമെന്നാണ് ആഗ്രഹമെന്നും അതിനായുള്ള ആവശ്യം സംവിധായകൻ നിതീഷ് സഹദേവിനെ അറിയിച്ചിട്ടുണ്ടെന്നും വിഷ്ണു വിജയ് പറഞ്ഞു.

കഥാപാത്രവുമായി ചേർന്നുനിൽക്കുന്ന നാടൻ സംഗീതത്തിന്റെ സാന്നിധ്യവും പാട്ടുകളിൽ ഉണ്ടാകുമെന്നും ചിത്രം ഒരു പാർട്ടി മൂഡിലായിരിക്കുമെന്നും അദ്ദേഹം ക്ലബ്.എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

വിഷ്ണു വിജയ്. Photo. Screen Grab/ Youtube

‘മേളയിലെ പാട്ട് കത്തിക്കണം എന്ന ഉദ്ദേശം തന്നെയാണ് ഉള്ളത്. ആരൊക്കെ പാടും എന്നൊന്നും തീരുമാനിച്ചിട്ടില്ല. പക്ഷേ, മമ്മൂക്കയെക്കൊണ്ട് പാടിക്കണം. ചിത്രത്തിനായി ഇതിനോടകം ഒരു പാട്ട് തയ്യാറാക്കിയിട്ടുണ്ട്. സിനിമയിൽ സംഗീതത്തിന് കൂടുതൽ ഇടമുണ്ടെന്നും പാട്ടുകൾക്ക് പുറമെ പ്രേക്ഷകരെ ആവേശത്തിലാക്കുന്ന സംഗീതഭാഗങ്ങളും ഉണ്ടാകും,’ വിഷ്ണു വിജയ് പറഞ്ഞു.

മമ്മൂട്ടിയുടെ കഥാപാത്രവുമായി ബന്ധപ്പെട്ട് ചിത്രത്തിൽ ഉപയോഗിക്കാവുന്ന ചില ദൃശ്യങ്ങളും ആശയങ്ങളും സംവിധായകൻ നിതീഷ് സഹദേവ് തനിക്ക് കാണിച്ചുതന്നിരുന്നുവെന്നും വിഷ്ണു വിജയ് പറഞ്ഞു. മമ്മൂട്ടിയുടെ പോസ്റ്ററിന്റെ തീമിനായി ചില കാര്യങ്ങൾ അയച്ചുനൽകിയിരുന്നു. അവയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു ട്രാക്ക് തയ്യാറാക്കിയിട്ടുണ്ടെന്നും ഇനി അതിലേക്ക് മമ്മൂട്ടി കൂടി എത്തി പാടണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.

‘കഥാപാത്രവുമായി ബന്ധപ്പെട്ട ഒരു ഫോക്ക് എലമെന്റും വേണം. പാട്ടിന് ഒരു പാർട്ടി മൂഡായിരിക്കും. ഇപ്പോൾ ഒരു പാട്ടാണ് സെറ്റ് ആക്കിയിരിക്കുന്നത്. കുറച്ച് പാട്ടുകൾക്ക് പുറമെ, സംഗീതത്തിന് കൂടുതൽ പ്രാധാന്യം നൽകാൻ കഴിയുന്ന ഇടങ്ങളും സിനിമയിലുണ്ട്. പ്രേക്ഷകർക്ക് ആവേശത്തോടെ ആസ്വദിക്കാനുള്ള നിമിഷങ്ങളുണ്ടാകും,’ വിഷ്ണു വിജയ് പറഞ്ഞു.

മമ്മൂട്ടി എന്ന താരത്തെ ആഘോഷിക്കുന്ന പക്കാ മാസ് ആക്ഷൻ എന്റർടെയ്‌നറായാണ് ‘മേള’ ഒരുങ്ങുന്നതെന്നാണ് പുറത്തുവന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് പുറത്തുവന്നതുമുതൽ ചിത്രത്തെക്കുറിച്ച് ആരാധകർക്കിടയിൽ വലിയ പ്രതീക്ഷയുണ്ട്. സർക്കസ് കമ്പനി ഉടമയായ ഗ്യാങ്സ്റ്ററുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്ന റിപ്പോർട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല.

മേള. Photo. IMDb

‘ഫാലിമി’യിലൂടെ ശ്രദ്ധേയനായ നിതീഷ് സഹദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴിൽ ജീവയെ നായകനാക്കി ഒരുക്കിയ ‘ത.ത.ത.’ എന്ന ചിത്രത്തിനുശേഷം നിതീഷ് സംവിധാനം ചെയ്യുന്ന മലയാളചിത്രം കൂടിയാണിത്. മമ്മൂട്ടിയുടെ മാസ് അവതരണത്തിനൊപ്പം വിഷ്ണു വിജയ് ഒരുക്കുന്ന സംഗീതവും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Content Highlight:’Mela’ is a new film directed by Nitheesh Sahadev, starring Mammootty. Music director Vishnu Vijay shares details regarding the film’s music

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more