| Monday, 22nd June 2026, 6:34 pm

കശ്മീരി പണ്ഡിറ്റുകള്‍ ഭൂതകാലത്തിന്റെ തടവുകാരാകരുതെന്ന് മെഹബൂബ മുഫ്തി; ഒന്നും മറക്കാനാകില്ലെന്ന് ബി.ജെ.പി

ആദര്‍ശ് എം.കെ.

ശ്രീനഗര്‍: കശ്മീരി പണ്ഡിറ്റുകള്‍ ഭൂതകാലത്തിന്റെ കയ്‌പേറിയ ഓര്‍മകള്‍ മറന്ന്, താഴ്‌വരയുടെ ഭാവിക്കായി നിലകൊള്ളണമന്ന് പി.ഡി.പി അധ്യക്ഷ മെഹബൂബ മുഫ്തി. ഗന്ദര്‍ബാല്‍ ജില്ലയിലെ പ്രസിദ്ധമായ ഖീര്‍ ഭവാനി ക്ഷേത്രത്തില്‍ നടന്ന വാര്‍ഷിക മേളയ്ക്കിടെ കശ്മീരി പണ്ഡിറ്റുകളുമായി സംസാരിക്കുകയായിരുന്നു മുന്‍ മുഖ്യമന്ത്രി കൂടിയായ അവര്‍.

പരസ്പര വിശ്വാസം പുനര്‍നിര്‍മിക്കേണ്ടതിന്റെയും സമുദായങ്ങള്‍ തമ്മിലുള്ള ഐക്യം ശക്തിപ്പെടുത്തേണ്ടതിന്റെയും ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ടായിരുന്നു മുഫ്തി ഇവരുമായി സംവദിച്ചത്.

കശ്മീരി പണ്ഡിറ്റുകള്‍ ഭൂതകാലത്തിന്റെ തടവുകാരാകുന്നത് അവസാനിപ്പിക്കണമെന്നും വരാനിരിക്കുന്ന നല്ല നാളേക്കായി ഒന്നിച്ച് മുന്നോട്ട് നോക്കണമെന്നും മെഹബൂബ മുഫ്തി പറഞ്ഞു.

ഖീര്‍ ഭവാനി മേളയില്‍ പണ്ഡിറ്റുകളും മുസ്‌ലിങ്ങളും തമ്മിലുള്ള സ്‌നേഹബന്ധം ഹൃദയസ്പര്‍ശിയാണെന്ന് അവര്‍ എക്‌സില്‍ കുറിച്ചു. ചിലര്‍ തങ്ങളുടെ രാഷ്ട്രീയ അജണ്ടകള്‍ക്കായി പണിതുയര്‍ത്തിയ അവിശ്വാസത്തിന്റെയും വിഭജനത്തിന്റെയും മതിലുകളെ തകര്‍ക്കാന്‍ ഈ ജനകീയ ബന്ധങ്ങള്‍ക്ക് സാധിക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

കശ്മീരിന് പുറത്ത് ചികിത്സ തേടുന്ന കശ്മീരികളെ പണ്ഡിറ്റ് ഡോക്ടര്‍മാര്‍ സ്‌നേഹത്തോടെയും പരിചരണത്തോടെയുമാണ് വരവേല്‍ക്കുന്നത്. താഴ്‌വരയില്‍ ഇപ്പോഴും സേവനമനുഷ്ഠിക്കുന്ന പ്രമുഖരായ ഡോ. സുശീല്‍ റസ്ദാന്‍, ഡോ. യു. കൗള്‍, ഡോ. സമീര്‍ കൗള്‍ എന്നിവരെപ്പോലെയുള്ള ഡോക്ടര്‍മാര്‍ കേവലം രോഗം മാറ്റുക മാത്രമല്ല, പഴയ മുറിവുകള്‍ ഉണക്കാനും സമുദായങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ പുനര്‍നിര്‍മിക്കാനും സഹായിക്കുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.

കൂടുതല്‍ യുവ പണ്ഡിറ്റ് ഡോക്ടര്‍മാര്‍ തങ്ങളുടെ വേരുകളിലേക്ക് മടങ്ങിവരാന്‍ ഇവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

പണ്ഡിറ്റുകളുടെ പ്രതിസന്ധികളെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന ശക്തികളെ ഒറ്റപ്പെടുത്തണമെന്നും, ജനങ്ങളുമായി പണ്ഡിറ്റുകള്‍ നേരിട്ട് സാമൂഹിക-സാംസ്‌കാരിക ബന്ധങ്ങള്‍ സ്ഥാപിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. കൂടാതെ പണ്ഡിറ്റുകള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും മെഹ്ബൂബ മുഫ്തി ആവശ്യപ്പെട്ടു.

കശ്മീരി പണ്ഡിറ്റുകള്‍ അനുഭവിച്ച വേദനയും പലായനവും ദുരിതവും വെറുതെ മറക്കാന്‍ പറഞ്ഞ് തള്ളിക്കളയാനാവില്ലെന്ന് ബി.ജെ.പി നേതാവ് ജഹാന്‍സേബ് സിര്‍വാള്‍ പറഞ്ഞു.

സത്യസന്ധമായ ആത്മപരിശോധനയിലൂടെയും യാഥാര്‍ത്ഥ്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കുന്നതിലൂടെയും മാത്രമേ സമുദായങ്ങള്‍ക്കിടയില്‍ യഥാര്‍ത്ഥ അനുരഞ്ജനം സാധ്യമാകൂ എന്ന് ബി.ജെ.പി നേതാവ് പറഞ്ഞു.

പണ്ഡിറ്റുകളുടെ പലായനവും അവര്‍ നേരിട്ട നഷ്ടങ്ങളും ഒരു രാഷ്ട്രീയ വിഷയമല്ല, മറിച്ച് വികാരങ്ങളുമായി ബന്ധപ്പെട്ട മാനുഷികമായ ഒന്നാണ്. രാഷ്ട്രീയ പ്രസ്താവനകള്‍ക്കപ്പുറം, എല്ലാ സമുദായങ്ങള്‍ക്കും പരസ്പര വിശ്വാസവും സുരക്ഷിതത്വവും ആദരവും അനുഭവപ്പെടുന്ന ഒരു അന്തരീക്ഷം താഴ്വരയില്‍ സൃഷ്ടിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് സിര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Mehbooba Mufti says Kashmiri Pandits should not be prisoners of the past; BJP says nothing can be forgotten

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more