| Saturday, 7th February 2026, 4:50 pm

മേഘാലയയിലെ അനധികൃത കല്‍ക്കരി ഖനിയില്‍ സ്‌ഫോടനം; മരണസംഖ്യ 27 ആയി, തിരച്ചില്‍ തുടരുന്നു

യെലന കെ.വി

മേഘാലയ: മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹില്‍സിലുണ്ടായ അനധികൃത കല്‍ക്കരി ഖനി സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 27 ആയി ഉയര്‍ന്നു. വ്യാഴാഴ്ച രാവിലെ താങ്‌സ്‌കോ മേഖലയിലെ ഒരു ഖനിയിലാണ് സ്‌ഫോടനം നടന്നത്.

ഖനിക്കുളളില്‍ ഡൈനാമിറ്റ് സ്‌ഫോടനം നടത്തിയതാണ് അപകടത്തിന് കാരണമായത്. രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെ വെള്ളിയാഴ്ച കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തതോടെ മരണസംഖ്യ വര്‍ധിച്ചു.

മരിച്ചവരില്‍ ഭൂരിഭാഗവും അസം, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ്.

സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഖനി ഉടമകളായ ഫോം ചിര്‍മാങ്, ഷമേഹി വാര്‍ എന്നിവരെ മനപൂര്‍വ്വമായ നരഹത്യ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.

ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന സേനയും സ്ഥലത്ത് തിരച്ചില്‍ തുടരുന്നുണ്ട്. ഖനിക്കുള്ളില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നതിലിലും വ്യക്തത വന്നിട്ടില്ല.

അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മേഘാലയ സര്‍ക്കാര്‍ മൂന്ന് ലക്ഷം രൂപയും അസം സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചു. കൂടാതെ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപയും ലഭിക്കും.

2014-ല്‍ ഹരിത ട്രൈബ്യൂണല്‍ നിരോധിച്ചതാണെങ്കിലും മേഘാലയയില്‍ ഇപ്പോഴും ഇത്തരം റാറ്റ് ഹോള്‍ ഖനികള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നുണ്ട്.

content highlight: Meghalaya: Toll in blast at illegal coal mine rises to 27

യെലന കെ.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തരബിരുദം.

We use cookies to give you the best possible experience. Learn more