| Tuesday, 15th September 2026, 5:55 am

സാം പിത്രോദയുമായുള്ള കൂടിക്കാഴ്ച ചിന്തോദ്ദീപകം; ഡിജിറ്റല്‍ കാലത്തെ ഡാറ്റാ സുരക്ഷയും ഇന്ത്യയുടെ ഭാവിയും ചര്‍ച്ചയായി: ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചിക്കാഗോ: ഇന്ത്യന്‍ ടെലികോം വിപ്ലവത്തിന് നേതൃത്വം നല്‍കിയ സാം പിത്രോദയുമായി ചിക്കാഗോയില്‍ നടത്തിയ കൂടിക്കാഴ്ച ചിന്തോദ്ദീപകമായിരുന്നെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. രാജീവ് ഗാന്ധിയുടെ കാലത്ത് ഇന്ത്യയെ സാങ്കേതികവിദ്യയുടെ പുതിയ യുഗത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സാം പിത്രോദയുടെ കാഴ്ചപ്പാടുകള്‍ക്ക് ഇന്നത്തെ ഡിജിറ്റല്‍ കാലഘട്ടത്തില്‍ ഏറെ പ്രസക്തിയുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

ജീവിതത്തിന്റെ വലിയൊരു ഭാഗം ഡിജിറ്റല്‍ ഇടങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വ്യക്തികളുടെ ഡാറ്റയുടെ ഉടമസ്ഥതയും നിയന്ത്രണവും ആര്‍ക്കായിരിക്കണം എന്നത് ഗൗരവത്തോടെ ചര്‍ച്ച ചെയ്യേണ്ട വിഷയമാണെന്ന് ചെന്നിത്തല പറഞ്ഞു.

വ്യക്തിവിവരങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനൊപ്പം ഡാറ്റയുടെ ഉടമസ്ഥതയും നിയന്ത്രണവും പൗരന്മാരില്‍ തന്നെ നിലനില്‍ക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനൊപ്പം ഡിജിറ്റല്‍ ഇടങ്ങളില്‍ ഉത്തരവാദിത്തബോധവും ഉറപ്പാക്കേണ്ടതുണ്ട്. സാങ്കേതികവിദ്യയുടെ വളര്‍ച്ചയ്ക്കൊപ്പം അതിന്റെ സാമൂഹികവും ജനാധിപത്യപരവുമായ പ്രത്യാഘാതങ്ങളും ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന ഇന്ത്യന്‍ പ്രതിഭകളുടെ അറിവും അനുഭവസമ്പത്തും രാജ്യത്തിന്റെ വികസനത്തിനായി എങ്ങനെ പ്രയോജനപ്പെടുത്താമെന്നതും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.

ഇന്ത്യയിലേക്ക് തിരിച്ചെത്താതെ തന്നെ വിദേശത്തുള്ള ഇന്ത്യന്‍ പ്രതിഭകള്‍ക്ക് തങ്ങളുടെ അറിവും വൈദഗ്ധ്യവും രാജ്യത്തിന്റെ പുരോഗതിക്കായി പങ്കുവെക്കാന്‍ കഴിയുന്ന സാധ്യതകളെക്കുറിച്ചും ചര്‍ച്ചയില്‍ സംസാരിച്ചതായി ചെന്നിത്തല പറഞ്ഞു.

കേരളത്തിന്റെ ഉയര്‍ന്ന പൗരബോധത്തെയും സാക്ഷരതയെയും സാം പിത്രോദ പ്രത്യേകം പ്രശംസിച്ചതായും ചെന്നിത്തല പറഞ്ഞു. വോട്ട് രേഖപ്പെടുത്തുന്നതിനായി മാത്രം വിമാന ടിക്കറ്റെടുത്ത് വിദേശത്തുനിന്ന് നാട്ടിലെത്തുന്ന മലയാളികളുടെ ജനാധിപത്യബോധം മറ്റിടങ്ങളില്‍ അപൂര്‍വമാണെന്നും സാം പിത്രോദ ചൂണ്ടിക്കാട്ടിയതായി അദ്ദേഹം വ്യക്തമാക്കി.

ചിക്കാഗോയിലെ സാം പിത്രോദയുടെ സ്റ്റുഡിയോയും ചെന്നിത്തല സന്ദര്‍ശിച്ചു. സാങ്കേതികവിദഗ്ധന്‍ എന്ന നിലയിലുള്ള സാം പിത്രോദയ്ക്കപ്പുറം അദ്ദേഹത്തിലെ കലാകാരനെ അടുത്തറിയാനും ഈ സന്ദര്‍ശനത്തിലൂടെ സാധിച്ചെന്ന് ചെന്നിത്തല പറഞ്ഞു. സൗഹൃദപരമായ സംഭാഷണവും ആതിഥ്യവും കൂടിക്കാഴ്ചയെ കൂടുതല്‍ മനോഹരമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: “Meeting with Sam Pitroda was thought-provoking Chennithala”

We use cookies to give you the best possible experience. Learn more