തിരുവനന്തപുരം: നടൻ മമ്മൂട്ടിയുമായുള്ള കൂടിക്കാഴ്ചയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്.
മമ്മൂട്ടി എസ്.എഫ്.ഐ നേതാക്കളെ വസതിയിലേക്ക് ക്ഷണിച്ചതും കൂടിക്കാഴ്ച നടത്തിയതും വ്യക്തിപരമായ മേന്മ കൊണ്ടല്ലെന്നും രാജ്യത്തും കേരളത്തിലും വിദ്യാർത്ഥി സംഘടന നടത്തുന്ന സജീവ ഇടപെടലുകൾക്കുള്ള അംഗീകാരമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സഞ്ജീവ് നിലപാട് വ്യക്തമാക്കിയത്.
സി.പി.ഐ.എം വയനാട് ജില്ലാ സെക്രട്ടറിയുമായി ബന്ധപ്പെട്ട വിഷയത്തിന്റെ പേരിലാണ് വിമർശനങ്ങളെങ്കിൽ, ആ വിഷയം നേരത്തെ തന്നെ പരിഹരിക്കപ്പെട്ട ഒന്നാണെന്ന് കുറിപ്പിൽ പറയുന്നു.
എസ്.എഫ്.ഐയെ നിരോധിക്കണമെന്ന് പാർലമെന്റിൽ ആവശ്യപ്പെട്ട ജനപ്രതിനിധികളുള്ള നാട്ടിൽ, മലയാളത്തിന്റെ അഭിമാനമായ ഒരു വലിയ കലാകാരൻ സംഘടനയ്ക്ക് നൽകുന്ന ഇത്തരം സ്വീകാര്യത എസ്.എഫ്.ഐയുടെ പ്രസക്തി ഇരട്ടിപ്പിക്കുകയാണെന്നും അദ്ദേഹം കുറിച്ചു.
കേവലം ഒരു ഫോട്ടോ എടുക്കലിൽ ഒതുങ്ങുന്നതായിരുന്നില്ല കൂടിക്കാഴ്ചയെന്നും രാഷ്ട്രീയവും മതവും സംസ്കാരവും സിനിമയും ചരിത്രവും ഉൾപ്പെടെ നാടിന്റെ ഭാവിയെക്കുറിച്ചുള്ള ഗൗരവകരമായ ചർച്ചകൾ രണ്ട് മണിക്കൂറിലധികം നീണ്ടുനിന്നതായും സഞ്ജീവ് വ്യക്തമാക്കി.
കലാകാരന്മാരെ ഒപ്പം നിർത്തി മുന്നോട്ടുപോകുക എന്നതാണ് ഇടതുപക്ഷ നിലപാടെന്നും മമ്മൂട്ടിയെ ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷിയുടെ മാത്രം ഭാഗമായി ചുരുക്കിക്കാണുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഘടനയുടെ രാഷ്ട്രീയത്തെ ഉൾക്കൊണ്ട് ബന്ധപ്പെടുന്ന ഏത് സാംസ്കാരിക വ്യക്തിത്വങ്ങളുമായും ചർച്ചകൾ തുടരുമെന്നും ഇത്തരം സൈബർ ആക്രമണങ്ങൾ അതിന് തടസമാകില്ലെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
Content Highlight:Meeting with Mammootty is an endorsement of SFI activities: P.S. Sanjeev responds to cyber attacks