മലപ്പുറം: കൊണ്ടോട്ടി ജോയിന്റ് ആര്‍.ടി ഓഫീസില്‍ യു.ഡി.എഫ് എം.എല്‍.എ ടി.പി. അഷ്‌റഫലി നടത്തിയ സന്ദര്‍ശനവും യോഗവും വിവാദത്തില്‍.
ഓഫീസിലെത്തിയ എം.എല്‍.എ ജോയിന്റ് ആര്‍.ടി.ഒയുടെ കസേരയില്‍ ഇരിക്കുന്നതിന്റെയും ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ സല്യൂട്ട് ചെയ്ത് സ്വീകരിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം ചര്‍ച്ചയായത്.
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്നും ചട്ടങ്ങള്‍ ലംഘിച്ചെന്നുമാരോപിച്ച് എം.എല്‍.എക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാകുകയാണ്.
എം.എല്‍.എയുടെ ഫെയ്സ്ബുക്ക് പേജില്‍ ഈ സന്ദര്‍ശനത്തിന്റെ ദൃശ്യങ്ങള്‍ സിനിമ ഡയലോഗുകള്‍ ഉള്‍പ്പെടുത്തി റീല്‍സ് രൂപത്തില്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് എം.എല്‍.എയുടെ നടപടി നിയമവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ രംഗത്തെത്തിയത്.
സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുന്ന ജനപ്രതിനിധികള്‍ക്ക് ഇരിക്കാന്‍ പ്രത്യേകം കസേര നല്‍കണമെന്നാണ് ചട്ടമെന്നും, മറിച്ച് ഓഫീസ് മേധാവിയുടെ കസേര കൈയടക്കാന്‍ എം.എല്‍.എക്ക് അവകാശമില്ലെന്നുമാണ് ഉയരുന്ന പ്രധാന വിമര്‍ശനം.
പാന്റും ഷര്‍ട്ടും ധരിച്ചെത്തിയ എം.എല്‍.എയെ ഉദ്യോഗസ്ഥര്‍ സല്യൂട്ട് ചെയ്ത്, പൂച്ചെണ്ട് നല്‍കി സ്വീകരിക്കുന്നതും തുടര്‍ന്ന് ഉദ്യോഗസ്ഥന്റെ കസേരയിലിരിക്കുന്ന എം.എല്‍.എയ്ക്ക് ചുറ്റും മറ്റു ഉദ്യോഗസ്ഥര്‍ ഇരുന്ന് യോഗം ചേരുന്നതുമാണ് വീഡിയോയിലുള്ളത്.
എക്‌സിക്യൂട്ടീവിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും നിയമം നിര്‍മിക്കേണ്ടവര്‍ തന്നെ അത് ലംഘിക്കുന്നത് കഷ്ടമാണെന്നും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ചൂണ്ടിക്കാട്ടി.
സിനിമ സ്‌റ്റൈലിലുള്ള സന്ദര്‍ശനത്തേയും റീല്‍സിനേയും ‘അല്‍പന് അര്‍ത്ഥം കിട്ടിയാല്‍ അര്‍ദ്ധരാത്രിയിലും കുടപിടിക്കും’ എന്ന് ഉപമിച്ച് കടുത്ത ഭാഷയിലാണ് മറ്റു ചിലര്‍ വിമര്‍ശിക്കുന്നത്.
Content Highlight: Meeting from the Joint RTO’s Chair; Kondotty MLA T.P. Ashrafali Makes a Reel of the Official Salute; Controversy