| Monday, 16th November 2026, 9:57 pm

ബൈജൂസിന്റെ 83.81 കോടിയുടെ ഭൂമി സ്വന്തമാക്കി മീഷോ സി.ഇഒ

ശ്രീരാഗ് പാറക്കല്‍

ബെംഗളൂരു: ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്റെ കുടുംബത്തില്‍നിന്ന് 83.81 കോടി രൂപയുടെ ഭൂമി വാങ്ങി പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയായ മീഷോയുടെ സഹസ്ഥാപകനും സി.ഇ.ഒയുമായ വിദിത് ആത്രേ. ബെംഗളൂരുവിലെ ആഡംബര പാര്‍പ്പിട മേഖലയായ എപ്‌സിലോണ്‍ റെസിഡന്‍ഷ്യല്‍ വില്ലാസിലെ രണ്ട് പ്ലോട്ടുകളാണ് വാങ്ങിയത്. പ്രോപ്‌ടെക് പ്ലാറ്റ്‌ഫോമായ സാപ്കിയില്‍ നിന്ന് ലഭിച്ച പ്രോപ്പര്‍ട്ടി രജിസ്‌ട്രേഷന്‍ ഡാറ്റ പ്രകാരമാണ് വിവരം ലഭിച്ചത്.

ബൈജു രവീന്ദ്രന്റെ ഭാര്യ ദിവ്യ ഗോകുല്‍നാഥ്, സഹോദരന്‍ റിജു രവീന്ദ്രന്റെ ഭാര്യ ദീപ്ത അഖില രാഘവന്‍ എന്നിവരില്‍ നിന്നാണ് ഭൂമി വാങ്ങിയത്. ദിവ്യയുടെ ഉടമസ്ഥതയിലുള്ള 18,305 ചതുരശ്ര അടി ഭൂമി 48.11 കോടി രൂപയ്ക്കും ദീപ്തയുടെ ഉടമസ്ഥതയിലുള്ള 15,180 ചതുരശ്ര അടി ഭൂമി 35.70 കോടി രൂപയ്ക്കുമാണ് വാങ്ങിയത്. ആകെ 33,485 ചതുരശ്ര അടി സ്ഥലമാണ് ആത്രേ സ്വന്തമാക്കിയത്. ജൂലൈ 24ന് നടന്ന രണ്ട് ഇടപാടുകളുടെ രജിസ്‌ട്രേഷന്‍ ജൂലൈ 27ന് പൂര്‍ത്തിയായി.

ബെംഗളൂരു ഈസ്റ്റിലെ യെമലൂരിലാണ് ഭൂമി സ്ഥിതി ചെയ്യുന്നത്. നഗരത്തിലെ ഏറ്റവും വിലകൂടിയ പാര്‍പ്പിട മേഖലകളിലൊന്നാണ് എപ്‌സിലോണ്‍ റെസിഡന്‍ഷ്യല്‍ വില്ലാസ്. പ്രമുഖ വ്യവസായികളും ടെക്‌നോളജി കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥരും താമസിക്കുന്ന പ്രദേശമാണിത്. വിപ്രോ ചെയര്‍മാന്‍ റിഷാദ് പ്രേംജി, ബ്രിട്ടാനിയ സി.ഇ.ഒ വരുണ്‍ ബെറി തുടങ്ങിയവരുടെ വസതികളും ഇവിടെയുണ്ട്.

ബൈജൂസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയും നിയമനടപടികളും നേരിടുന്നതിനിടെയാണ് ഭൂമി വില്‍പ്പന. ബി.സി.സി.ഐക്ക് നല്‍കാനുള്ള കുടിശിക പരിഹരിക്കാന്‍ സമാഹരിച്ച പണത്തിന് ഈ ഭൂമി ഈടായി നല്‍കിയിരുന്നതായാണ് റിപ്പോര്‍ട്ട്. ബി.സി.സി.ഐയുടെ 158.9 കോടി രൂപ കുടിശ്ശികയുമായി ബന്ധപ്പെട്ട പരാതിയെത്തുടര്‍ന്ന് 2024 ജൂലൈയിലാണ് ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ പാപ്പരത്ത നടപടികളിലേക്ക് കടന്നത്.

ബൈജൂസിന്റെ എഡ്‌ടെക് സ്ഥാപനത്തിന്റെ മാതൃ കമ്പനിയായ തിങ്ക് & ലേണ്‍ സാമ്പത്തിക ബാധ്യതകളും കടക്കാരുമായുള്ള തര്‍ക്കങ്ങളും സംബന്ധിച്ച നിയമനടപടികള്‍ തുടരുന്നതിനിടെയാണ് ബൈജു രവീന്ദ്രന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമി വിറ്റത്.

Content Highlight: Meesho CEO Vidit Aatrey purchased land worth Rs 83.81 crore from the family of Byju’s founder Byju Raveendran

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more