| Tuesday, 24th February 2026, 11:25 am

മാധവനായി നസ്‌ലെനും രുക്കുവായി മമിതയും, ഈപ്പന്‍ പാപ്പച്ചി ഞെട്ടിച്ചു, മീശമാധവന്‍ ജെന്‍ സീ കാസ്റ്റ് വൈറല്‍

അമര്‍നാഥ് എം.

എ.ഐയുടെ കടന്നുവരവോടെ സോഷ്യല്‍ മീഡിയയില്‍ പല ട്രെന്‍ഡുകളും ആരംഭിച്ചിട്ടുണ്ട്. പണ്ട് ഹിറ്റായ പല സിനിമകളിലെയും കാസ്റ്റ് മാറ്റി മറ്റ് താരങ്ങളുടെ മുഖം വെട്ടിയൊട്ടിക്കുന്ന ട്രെന്‍ഡാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍. തമിഴ് പേജുകളാണ് ഈ ട്രെന്‍ഡ് ശ്രദ്ധേയമാക്കിയത്. കോളിവുഡിലെ പുതിയ സെന്‍സേഷനായ പ്രദീപ് രംഗനാഥനാണ് ഇത്തരം ട്രോളന്മാരുടെ പ്രധാന ഇര.

ഇതേ ട്രെന്‍ഡ് മലയാളം പേജുകളിലും സ്ഥിരം കാഴ്ചയാണ്. യുവതാരങ്ങളില്‍ ശ്രദ്ധ നേടിയ നസ്‌ലെനാണ് മലയാളത്തിലെ ട്രോളന്മാരുടെ ഇര. മലയാളത്തിലെ പല ഹിറ്റ് സിനിമകളുടെ പോസ്റ്ററിലും നസ്‌ലെന്റെ മുഖം എഡിറ്റ് ചെയ്ത പോസ്റ്ററുകള്‍ ഒരേസമയം ചിരിയും കൗതുകവും ഉണര്‍ത്തുന്നുണ്ട്. റണ്‍വേ, ആനച്ചന്തം, ചക്രം തുടങ്ങിയ സിനിമകളിലെല്ലാം നസ്‌ലെന്റെ മുഖം വെച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ അടുത്തിടെ വൈറലായിരുന്നു.

എന്നാല്‍ അതിനെക്കാള്‍ ചിരിയുണര്‍ത്തിയത് മറ്റൊരു പോസ്റ്റാണ്. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ മീശമാധവന്റെ കാസ്റ്റ് അടിമുടി മാറ്റിക്കൊണ്ടുള്ള ട്രോള്‍ ഇതിനോടകം വൈറലായി. ദിലീപ് അവതരിപ്പിച്ച മാധവന്‍ എന്ന കഥാപാത്രമായി നസ്‌ലെനെയാണ് കാസ്റ്റ് ചെയ്തിട്ടുള്ളത്. കാവ്യ അവതരിപ്പിച്ച രുക്മിണിക്ക് പകരം മമിതയുടെ മുഖമാണ് എഡിറ്റ് ചെയ്ത് ചേര്‍ത്തത്.

വില്ലനായ ഭഗീരഥന്‍ പിള്ളയായി ശ്യാം മോഹന്റെ മുഖമാണ് കൊടുത്തിട്ടുള്ളത്. ജഗതിക്ക് പകരം ശ്യാമിന്റെ മുഖം വെച്ചത് ചിരിയുണര്‍ത്തുന്നുണ്ട്. കൊച്ചിന്‍ ഹനീഫ അനശ്വരമാക്കിയ ത്രിവിക്രമനായി സംഗീത് പ്രതാപിനെയും ട്രോളന്മാര്‍ കാസ്റ്റ് ചെയ്തിച്ചുണ്ട്. പ്രധാന വില്ലനായ ഈപ്പന്‍ പാപ്പച്ചിയെ സന്ദീപ് പ്രദീപിനെയാണ് ട്രോളന്മാര്‍ കൊണ്ടുവന്നത്.

ഹരിശ്രീ അശോകന് പകരം മാത്യു തോമസിന്റെ മുഖവും എഡിറ്റ് ചെയ്ത് വെച്ചിട്ടുണ്ട്. മീശ മാധവനില്‍ ഹരിശ്രീ അശോകന്റെ കൃഷ്ണവേഷത്തിലാണ് മാത്യുവിനെ അവതരിപ്പിച്ചത്. ഇത്രയും ഗംഭീര കാസ്റ്റ് ഈയടുത്തൊന്നും കണ്ടിട്ടില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഈപ്പന്‍ പാപ്പച്ചിയായി സന്ദീപ് ഞെട്ടിക്കുമെന്നാണ് പല കമന്റുകളും.

പടക്കളം സന്ദീപിന് ‘ഫയര്‍ ഇമോജി’യാണ് പലരും നല്‍കുന്നത്. മറ്റ് കാസ്റ്റിനെക്കുറിച്ചും കമന്റുകളുണ്ട്. ജ്യോതിര്‍മയി അവതരിപ്പിച്ച പ്രഭയ്ക്ക് പകരം അനശ്വര രാജന്‍ വന്നാല്‍ ഗംഭീരമാകുമെന്നാണ് പലരുടെയും അഭിപ്രായം. തണ്ണീര്‍മത്തന്‍ യൂണിവേഴ്‌സെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇനിയും ഇത്തരം ഗംഭീര ട്രോളുകള്‍ വരുമെന്നാണ് പലരുടെയും പ്രതീക്ഷ.

Content Highlight: Meesha Madhavan Gen Z cast troll viral in Social Media

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more