ലഖ്‌നൗ: മീററ്റില്‍ വ്യാപകമായി കണ്ടെത്തിയ അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ കടുത്ത നടപടിക്ക് നിര്‍ദേശം നല്‍കി സുപ്രീം കോടതി. നഗരത്തിലെ സോണ്‍ എയില്‍ കണ്ടെത്തിയ 16,726 അനധികൃത കെട്ടിടങ്ങള്‍ സീല്‍ ചെയ്യാനും ഒഴിപ്പിക്കാനും കോടതി ഉത്തര്‍ പ്രദേശ് സര്‍ക്കാരിനോട് നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്.
ഇതിന് പിന്നാലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിക്കുന്ന നടപടിയും അധികൃതര്‍ സ്വീകരിക്കാനും കോടതി ആവശ്യപ്പെട്ടു.
സോണ്‍ എയില്‍ കണ്ടെത്തിയ 16,726 കെട്ടിടങ്ങളില്‍ 12,907 എണ്ണം താമസ ആവശ്യത്തിനുള്ളതും, 874 എണ്ണം താമസവാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതും, 2,945 എണ്ണം വാണിജ്യ കെട്ടിടങ്ങളുമാണ്.
അനുമതിയില്ലാത്ത നിര്‍മാണവും കെട്ടിടങ്ങളുടെ അനധികൃത ഉപയോഗവും സംബന്ധിച്ച പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.
മീററ്റിലെ ഉല്‍ദേപൂര്‍ പ്രദേശത്ത് അനധികൃത കോളനികള്‍ വ്യാപകമായി ഉയര്‍ന്നതും സുപ്രീം കോടതി നിരീക്ഷിച്ചു. അനധികൃതമായി നിര്‍മിച്ച ഇത്തരം കെട്ടിടങ്ങളും കോളനികളും സംബന്ധിച്ച് നടപടി സ്വീകരിക്കണമെന്നും കോടതി പറഞ്ഞു.
നിര്‍മ്മാണങ്ങള്‍ക്ക് അനുമതി നല്‍കിയതിലും അധികൃതരുടെ വീഴ്ചയുണ്ടായോയെന്നും പരിശോധിക്കുന്നുണ്ട്.
നേരത്തെ സീല്‍ ചെയ്ത 44 കെട്ടിടങ്ങളില്‍ 20 എണ്ണത്തിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കിയതായി അധികൃതര്‍ കോടതിയെ അറിയിച്ചു.
ബാക്കിയുള്ള 24 കെട്ടിടങ്ങളിലും നടപടി പൂര്‍ത്തിയാക്കാന്‍ കോടതി നിര്‍ദേശിച്ചു. നിര്‍ബന്ധിത സെറ്റ്ബാക്ക് മേഖലകളിലെ അനധികൃത നിര്‍മാണങ്ങളുമായി ബന്ധപ്പെട്ട് 201 കെട്ടിടങ്ങളും കണ്ടെത്തിയിരുന്നു. ഇതില്‍ 63 എണ്ണത്തിലെ നിര്‍മാണങ്ങള്‍ നീക്കം ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
അനധികൃതവും അപകടാവസ്ഥയിലുമുള്ള കെട്ടിടങ്ങള്‍ തകര്‍ന്നുണ്ടാകാവുന്ന അപകടങ്ങളെക്കുറിച്ചും കോടതി മുന്നറിയിപ്പ് നല്‍കി.
ഇത്തരത്തിലുള്ള കെട്ടിടങ്ങള്‍ തകര്‍ന്നുണ്ടാകുന്ന അപകടങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തിപരമായ ഉത്തരവാദിത്വം വരെ ഉണ്ടാകാമെന്ന് കോടതി വ്യക്തമാക്കി.
മീററ്റിലെ മറ്റ് മേഖലകളിലും അനധികൃത നിര്‍മാണങ്ങളുടെ കണക്ക് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനും സര്‍ക്കാരിന് നിര്‍ദേശമുണ്ട്.
അടുത്ത ഘട്ടത്തില്‍ മീററ്റിലെ സോണ്‍ ബി, സി, ഡി മേഖലകളിലെയും അനധികൃത നിര്‍മാണങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശം. കേസ് ഡിസംബര്‍ 9ന് വീണ്ടും പരിഗണിക്കും.
Content Highlights: Meerut: Supreme Court orders sealing and demolition of 16,726 illegal buildings.