| Tuesday, 10th November 2026, 4:27 pm

‘തന്മാത്ര’യിൽ നിന്ന് ‘ഡിസ്കോ’യിലേക്ക്; കരുത്തുറ്റ സ്ത്രീ കഥാപാത്രതെ അവതരിപ്പിച്ച് മീര വാസുദേവൻ

അജ്മല്‍ കെ

മലയാളികൾക്ക് മീര വാസുദേവൻ എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമവരുന്ന ചിത്രങ്ങളിലൊന്നാണ് ബ്ലെസി സംവിധാനം ചെയ്ത ‘തന്മാത്ര’. മോഹൻലാൽ അവതരിപ്പിച്ച രമേശൻ നായരുടെ ഭാര്യ ലേഖയായി എത്തിയ മീരയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുടുംബബന്ധങ്ങളുടെ വൈകാരികതയും ഭർത്താവിന്റെ രോഗം ഒരു കുടുംബത്തിലുണ്ടാക്കുന്ന മാറ്റങ്ങളുമെല്ലാം പ്രമേയമായ ചിത്രത്തിൽ ഏറെ സ്വാഭാവികമായ അഭിനയമാണ് താരം കാഴ്ചവെച്ചത്. ആ കഥാപാത്രത്തിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയമായ തുടക്കം കുറിച്ച നടി ഇപ്പോഴിതാ ‘ഡിസ്കോ’യിലൂടെ തികച്ചും വ്യത്യസ്തമായൊരു കഥാപാത്രവുമായി എത്തിയിരിക്കുകയാണ്.

ഡിസ്കോ. Photo. Screen Grab/Youtube

ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്ത ‘ഡിസ്കോ’യിൽ പതിവ് അമ്മ കഥാപാത്രങ്ങളുടെ ചട്ടക്കൂടിൽ ഒതുങ്ങാത്ത സ്ത്രീയെയാണ് മീര അവതരിപ്പിക്കുന്നത്. ഭർത്താവ് ഉപേക്ഷിച്ചുപോയിട്ടും മക്കളെ സ്വന്തം നിലയിൽ വളർത്തുകയും ജീവിതത്തിലെ പ്രതിസന്ധികളെ ഒറ്റയ്ക്ക് നേരിടുകയും ചെയ്യുന്ന സ്ത്രീ. മക്കളുടെ കാര്യങ്ങളിൽ ഇടപെടുന്ന, പറയേണ്ട കാര്യങ്ങൾ തുറന്നുപറയുന്ന, ആരെയും പേടിക്കാതെ സ്വന്തം നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന ഒരാൾ. മോഡേൺ വസ്ത്രധാരണവും സംസാരരീതിയും പെരുമാറ്റവുമെല്ലാം ഈ കഥാപാത്രത്തെ പതിവ് സിനിമാ അമ്മമാരിൽ നിന്ന് വ്യത്യസ്തയാക്കുന്നുണ്ട്.

ആവശ്യമെങ്കിൽ മക്കളോട് പോലും തെറിവിളിക്കുന്ന, ബിയർ കുടിക്കുന്ന, കാര്യങ്ങൾ തുറന്നുപറയാൻ മടിയില്ലാത്ത സ്ത്രീയായാണ് മീര ചിത്രത്തിലെത്തുന്നത്. കടലോര മേഖലയിലെ ക്രിസ്ത്യൻ കുടുംബ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ മക്കളുടെ വിവാഹത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമെല്ലാം അവർ സംസാരിക്കുന്ന രീതിയിലും ഒരു പ്രത്യേകതയുണ്ട്. മകളുടെ വിവാഹത്തിന് പണം വേണമെന്ന യാഥാർഥ്യബോധവും മക്കളോട് തമാശ കലർത്തി സംസാരിക്കുന്ന രീതിയും കഥാപാത്രത്തിന് മറ്റൊരു സ്വഭാവം നൽകുന്നു. മക്കളെ സ്നേഹിക്കുന്നതിനൊപ്പം അവരോട് കൂട്ടുകാരിയെപ്പോലെ പെരുമാറാനും മടിക്കാത്ത അമ്മയാണ് ‘ഡിസ്കോ’യിലെ മീരയുടെ കഥാപാത്രം.

ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പുതന്നെ ശ്രദ്ധ നേടിയ ‘ഇതിനോ ആദമേ’ എന്ന ഗാനത്തിലെ മീരയുടെ നൃത്തവും ചുവടുകളും പ്രേക്ഷകർക്കിടയിൽ ചർച്ചയായിരുന്നു. സിനിമയിലെ കഥാപാത്രത്തിന്റെ സ്വഭാവം ഗാനരംഗത്തും പ്രകടമാണ്. പതിവ് അമ്മ വേഷങ്ങളിൽ നിന്ന് മാറി വ്യത്യസ്തമായൊരു രൂപത്തിലും ശരീരഭാഷയിലും മീരയെ അവതരിപ്പിക്കുന്നതിൽ ഈ ഗാനത്തിനും പങ്കുണ്ട്.

2005ൽ പുറത്തിറങ്ങിയ ‘തന്മാത്ര’യിലൂടെ മലയാളത്തിൽ ശ്രദ്ധ നേടിയ മീരയ്ക്ക് ആ ചിത്രത്തിലെ പ്രകടനത്തിന് മികച്ച നവാഗത നടിക്കുള്ള ഏഷ്യാനെറ്റ് ഫിലിം അവാർഡും ലഭിച്ചിരുന്നു. അൽഷിമേഴ്സ് രോഗം ഒരു വ്യക്തിയിലും കുടുംബത്തിലും ഉണ്ടാക്കുന്ന മാറ്റങ്ങൾ അവതരിപ്പിച്ച ചിത്രം ദേശീയതലത്തിലും സംസ്ഥാനതലത്തിലും പുരസ്കാരങ്ങൾ നേടിയിരുന്നു.

ഡിസ്കോ. Photo. IMDb

‘തന്മാത്ര’യിലെ ലേഖയെപ്പോലെ കുടുംബബന്ധങ്ങളുടെ വൈകാരികതയിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടി, ‘ഡിസ്കോ’യിൽ അതിൽനിന്നെല്ലാം വ്യത്യസ്തമായൊരു സ്ത്രീയെ അവതരിപ്പിക്കുമ്പോൾ ശ്രദ്ധേയമാകുന്നത് കഥാപാത്രങ്ങളുടെ ഈ വ്യത്യസ്തതയാണ്. സിനിമയിൽ അമ്മ കഥാപാത്രങ്ങൾ പലപ്പോഴും ത്യാഗത്തിന്റെയും സഹനത്തിന്റെയും മാതൃകകളായി മാത്രം ഒതുങ്ങാറുണ്ട്. എന്നാൽ മക്കളെ സ്നേഹിക്കുന്നതിനൊപ്പം സ്വന്തം ഇഷ്ടങ്ങളും സ്വഭാവവും നിലപാടുകളുമുള്ള ഒരു സ്ത്രീയെ അവതരിപ്പിക്കുകയാണ് മീര ‘ഡിസ്കോ’യിൽ.

Content Highlight:  Meera Vasudevan portrays a strong character in ‘Disco’.

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more