| Friday, 22nd August 2025, 1:13 pm

സെന്‍സര്‍ ബോര്‍ഡ് സസ്‌പെന്‍സ് പൊളിച്ചു, ഹൃദയപൂര്‍വ്വത്തിലെ ഗസ്റ്റ് റോള്‍ വെളിപ്പെടുത്തി സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഓണം റിലീസുകളില്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വ്വം. മലയാളികളുടെ ഇഷ്ട കോമ്പോയായ മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വ്വം. പത്ത് വര്‍ഷത്തിന് ശേഷമാണ് ഇരുവരും ഒരു സിനിമക്ക് വേണ്ടി ഒന്നിക്കുന്നത്. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും പ്രതീക്ഷ ഉളവാക്കുന്നതായിരുന്നു.

തന്റെ സ്ഥിരം രീതിയില്‍ നിന്ന് വ്യത്യസ്തമായാണ് സത്യന്‍ അന്തിക്കാട് ഹൃദയപൂര്‍വ്വം ഒരുക്കുന്നതെന്ന് മോഹന്‍ലാല്‍ എല്ലാ അഭിമുഖങ്ങളിലും പറയാറുണ്ട്. ചിത്രത്തില്‍ എന്ത് സര്‍പ്രൈസാണ് ഇരുവരും ഒരുക്കിവെച്ചിരിക്കുന്നതെന്ന കാര്യത്തില്‍ ആരാധകര്‍ ഒരുപാട് തിയറികള്‍ ഉണ്ടാക്കിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ അതിഥിവേഷങ്ങളെക്കുറിച്ചുള്ള സസ്‌പെന്‍സ് പൊളിഞ്ഞിരിക്കുകയാണ്.

ചിത്രത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിലുള്ള അഭിനേതാക്കളുടെ ലിസ്റ്റ് ഇതിനോടകം വൈറലായിരിക്കുകയാണ്. മീര ജാസ്മിന്‍, ബേസില്‍ ജോസഫ് എന്നിവരാണ് ഹൃദയപൂര്‍വ്വത്തില്‍ അതിഥിവേഷം ചെയ്യുന്നത്. ബേസില്‍ ജോസഫ് ചിത്രത്തിന്റെ ഭാഗമാകുമെന്ന് നേരത്തെ റൂമറുകളുണ്ടായിരുന്നു. എന്നാല്‍ മീര ജാസ്മിന്റേത് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു.

സത്യന്‍ അന്തിക്കാടിന്റെ മുന്‍ ചിത്രമായ മകളില്‍ മീര ജാസ്മിനായിരുന്നു നായിക. ഇപ്പോഴിതാ താരം ഹൃദയപൂര്‍വ്വത്തിലും ഭാഗമാകുന്നുണ്ട്. 12 വര്‍ഷത്തിന് ശേഷമാണ് മീരയും മോഹന്‍ലാലും ഒന്നിച്ചഭിനയിക്കുന്നത്. ബേസിലാകട്ടെ ആദ്യമായാണ് മോഹന്‍ലാല്‍ ചിത്രത്തിന്റെ ഭാഗമാകുന്നത്. ഇതോടെ ചിത്രത്തിനായുള്ള കാത്തിരിപ്പ് ഇരട്ടിയായിരിക്കുകയാണ്.

ചിത്രത്തിന്റെ പ്ലോട്ടും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനൊപ്പമുണ്ട്. തനിക്ക് ഹൃദയം ഡൊണേറ്റ് ചെയ്തയാളുടെ മകളുടെ നിശ്ചയത്തിനായി പൂനെയിലെത്തുന്ന സന്ദീപ് എന്നയാളുടെ കഥയാണ് ചിത്രം പറയുന്നത്. എന്നാല്‍ നിശ്ചയം മുടങ്ങിയതിനാല്‍ സന്ദീപിന് പൂനെയില്‍ തന്നെ നില്‍ക്കേണ്ടി വരുന്നതിന്റെ കഥയാണ് പിന്നീട്.

മോഹന്‍ലാലിന് പുറമെ സംഗീത് പ്രതാപും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. മാളവിക മോഹനന്‍, സംഗീത എന്നിവരാണ് നായികമാര്‍. ലാലു അലക്‌സ്, സിദ്ദിഖ്, ജനാര്‍ദനന്‍, ബാബുരാജ്, നിഷാന്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlight: Meera Jasmine and Basil Joseph doing cameo in Hridayapoorvam movie

We use cookies to give you the best possible experience. Learn more