| Monday, 9th March 2026, 6:00 pm

എന്ത് സംശയമുണ്ടെങ്കിലും ഞാന്‍ മൈത്രേയനെ  വിളിക്കും; അദ്ദേഹം ഒരു കാര്യത്തെ മനസിലാക്കിയത് പോലെ ആരും മനസിലാക്കിയിട്ടില്ല: മീനാക്ഷി

ഐറിന്‍ മരിയ ആന്റണി

2014ല്‍ പുറത്തിറങ്ങിയ വണ്‍ ബൈ ടു എന്ന ചിത്രത്തിലൂടെ കരിയര്‍ ആരംഭിക്കുകയും അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്ത നടിയാണ് മീനാക്ഷി അനൂപ്. സിനിമയിലെ പാത്തുവെന്ന കഥാപാത്രത്തിലൂടെയാണ് മീനാക്ഷി മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായത്.
മോഹന്‍ലാല്‍ നായകനായ ഒപ്പം എന്ന സിനിമയിലെ വേഷവും ശ്രദ്ധിക്കപ്പെട്ടു.

സിനിമാ നടി എന്നതിനപ്പുറം ഇന്ന് പ്രേക്ഷകരെ അമ്പരിപ്പിക്കുന്ന മറുപടിയുമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന താരം കൂടിയാണ് മീനാക്ഷി. ഇപ്പോള്‍ മൈത്രേയന്‍, വൈശാഖന്‍ തമ്പി തുടങ്ങിയവരുമായി തനിക്കുള്ള സൗഹൃദത്തെ കുറിച്ച് മീനാക്ഷി സംസാരിക്കുന്നു. അച്ഛന്‍ മൈത്രേയന്റെ വിഡിയോസ് കണ്ട് വിളിച്ച് സുഹ്യത്തായതാണെന്നും പിന്നീട് തന്റെയും സുഹൃത്തായി മാറിയെന്നും മീനാക്ഷി പറയുന്നു.

‘ശാസ്ത്ര സംബന്ധമായ വിഷയങ്ങളിലോ പൊതുവിഷയങ്ങളിലോ എന്ത് സംശയമുണ്ടെങ്കിലും ഞാന്‍ ആദ്യം വിളിക്കുന്നത് ഇവര്‍ രണ്ടുപേരെയുമാണ്. എന്റെ ചിന്തകളെയും ജീവിതവീക്ഷണത്തെയും രൂപപ്പെടുത്താന്‍ സഹായിക്കുന്നവരാണ് അവര്‍. ഏതു പാതിരാത്രിയിലും എന്തു സംശയമുണ്ടെങ്കിലും ഞാന്‍ മൈത്രേയനെ വി ളിക്കാറുണ്ട്.

നമ്മള്‍ എപ്പോഴും കാര്യങ്ങളെ ശരിയായ രീതിയില്‍ മനസിലാക്കണമെന്ന് മൈത്രേയന് നിര്‍ബന്ധമുണ്ട്. എന്നെ ഒരിക്കലും ഒരു കുട്ടിയായിട്ടല്ല, മറിച്ച് ഒരു വ്യക്തിയായിട്ടാണ് മൈത്രേയന്‍ പരിഗണിക്കുന്നത്. മൈത്രേയന്റെ പല വാക്കുകളും പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നാല്‍, എന്നെ സംബന്ധിച്ച്, ഒരു കാര്യത്തെയും മൈത്രേയന്‍ മനസിലാക്കിയതുപോലെ മറ്റാരും മനസിലാക്കിയിട്ടില്ല,’ മീനാക്ഷി പറയുന്നു.

അച്ഛനും അമ്മയും രണ്ട് അനിയന്മാരുമാരും അടങ്ങുന്നതാണ് തന്റെ കൊച്ചു കുടുംബമെന്നും തന്റെ അച്ഛന്‍ അനൂപ് അക്കൗണ്ടന്‍സി അധ്യാപകനായിരുന്നുവെന്നും മീനാക്ഷി പറഞ്ഞു. അമ്മ രമ്യ വീട്ടമ്മയാണെന്നും രണ്ടാമത്തെ അനിയന്‍ ജനിക്കുമ്പോള്‍ താന്‍ ഒരു മ്യൂസിക് റിയാലിറ്റി ഷോയുടെ ഷൂട്ടിങ്ങിലായിരുന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു.

ദീപക് ദേവ് സംവിധാനം ചെയ്ത പ്രൈവെറ്റാണ് മാനാക്ഷിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഇന്ദ്രന്‍സും മീനാക്ഷിയും പ്രധാനവേഷത്തിലെത്തിയ ചിത്രം സി ഫാക്ടര്‍ ദ എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയുടെ ബാനറില്‍ വി.കെ ഷബീറാണ് നിര്‍മിച്ചിരിക്കുന്നത്.

Content Highlight: Meenkashi anoop talks about  maitreyan

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more