| Sunday, 13th September 2026, 7:56 am

ഗിരീഷേട്ടന്റെ സിനിമ ആയതുകൊണ്ട് ഒരു ട്രിപ്പ് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു: മീനാക്ഷി രവീന്ദ്രൻ

നന്ദന. ടി

തിയേറ്ററുകളിൽ ചരിത്രവിജയം നേടിയിരിക്കുകയാണ് നിവിൻ പോളിയുടെ ബെത്‌ലഹേം കുടുംബ യൂണിറ്റ്. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം 130 കോടിയിലധികം നേടിയതോടെ മലയാളത്തിലെ അടുത്ത ഇന്‍ഡസ്ട്രി ഹിറ്റെന്ന നേട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ചിത്രത്തിൽ മൊറേലി സിസ്റ്റേഴ്സ് എന്ന പേരിൽ, നിവിൻ പോളി അവതരിപ്പിച്ച ജസ്റ്റിന്റെ കസിൻ കഥാപാത്രമായുള്ള മീനാക്ഷി രവീന്ദ്രന്റെ അഭിനയവും ശ്രദ്ധിക്കപ്പെട്ടിരുന്നു. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് മീനാക്ഷി.

ഗിരീഷ് എ.ഡി.യുടെ സിനിമകളിലെല്ലാം തന്നെ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ട്രിപ്പുകൾ. ഇത്തരത്തിൽ ബെത്‌ലഹേമിലും ഒരു ട്രിപ്പ് പ്രതീക്ഷിച്ചാണ് തങ്ങൾ അഭിനയിക്കാൻ വന്നതെന്നും, പിന്നീട് അത് ഗോവയിലാണെന്ന് അറിഞ്ഞപ്പോൾ വലിയ ആകാംക്ഷയായിരുന്നെന്നും പറയുകയാണ് മീനാക്ഷി.

മീനാക്ഷി രവീന്ദ്രൻ. Photo. Cinefery

‘ഗിരീഷിന്റെ സിനിമകളിലെല്ലാം ട്രിപ്പുകളാണല്ലോ ഉണ്ടാവാറുള്ളത്. അതുകൊണ്ടുതന്നെ ഈ പ്രാവശ്യവും ഞങ്ങൾ ചോദിക്കുകയും ചെയ്തിരുന്നു, ഭാഗ്യം ഈ ട്രിപ്പ് ഗോവയിൽ ആണല്ലോ എന്ന്. പത്ത് ദിവസത്തെ ഷൂട്ടായിരുന്നു ഞങ്ങൾക്ക് ഗോവയിൽ. അതാണ് ആ മൂന്ന് മിനിറ്റ് പാട്ടിൽ നിങ്ങൾ കാണുന്നത്. പക്ഷേ അത് ഭയങ്കരമായി എൻജോയ് ചെയ്തിട്ടുണ്ടായിരുന്നു എല്ലാവരും,’ നടി പറഞ്ഞു.

ഗോവയിലെ ഷൂട്ടിനിടെ ഒഴിവുസമയത്ത് കറങ്ങിനടക്കാൻ വലിയ പ്ലാനുകളുണ്ടായിരുന്നെങ്കിലും, തുടർച്ചയായ ഷൂട്ടിങ് കാരണം അതൊന്നും നടക്കാതെ പോയെന്നും ഒടുവിൽ പാക്ക് അപ്പ് ദിവസം സ്കൂട്ടറിൽ ബാഗയിൽ പോയി ആ സങ്കടം തീർത്തുവെന്നും പറയുകയാണ് മീനാക്ഷി.

‘ഗോവയിലാണ് ഷൂട്ട് എന്ന് പറഞ്ഞപ്പോൾ തന്നെ ഞങ്ങൾ കുറേ പ്ലാനുകൾ ഒക്കെ ചെയ്തിരുന്നു. ഗോവയിൽ വൈകിട്ടാവുമ്പോൾ ഫുൾ കറങ്ങാൻ പോകാം, ഷാക്കിൽ പോകാം എന്നൊക്കെ. ഞങ്ങൾ വിചാരിച്ചത് ഷൂട്ടിനിടയിൽ ഏതെങ്കിലും രണ്ടു ദിവസം ഒക്കെ ഒഴിവ് കിട്ടുമെന്നും മൊത്തം കറങ്ങാമെന്നുമായിരുന്നു. പക്ഷേ ഫുൾ ആർട്ടിസ്റ്റ് പരിപാടിയായതുകൊണ്ട് എല്ലാ ദിവസവും ഷൂട്ടുണ്ടായിരുന്നു.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo. District

അങ്ങനെ ഞങ്ങൾ വിചാരിച്ചതുപോലെ ഒന്നും നടന്നില്ല. ഗോവയിൽ വന്നിട്ട് എന്തെങ്കിലും ചെയ്യണ്ടേ എന്ന് കരുതി, ലാസ്റ്റ് ഡേ പാക്കപ്പ് ശരിക്കും ഗോവയിൽ വെച്ചായിരുന്നു. ആ ജങ്കാറിൽ നിന്നുള്ള സീനായിരുന്നു ലാസ്റ്റ് സീൻ. എന്നിട്ട് അന്ന് ഞങ്ങൾക്ക് വയ്യാതിരുന്നിട്ടും രാത്രി പോകാൻ പ്ലാൻ ചെയ്തു. എന്നിട്ട് ലാഭിക്കാൻ വേണ്ടി അവിടെനിന്നൊരു സ്കൂട്ടർ എടുത്ത്, അതിൽ ട്രിപ്പിൾസ് ആയി ബാഗയൊക്കെ പോയി. അങ്ങനെ ഗോവ എക്സ്പ്ലോർ ചെയ്തില്ല എന്നൊരു സങ്കടം അവിടെ തീർത്തു,’ മീനാക്ഷി പറഞ്ഞു.

Content Highlight: Meenakshi talks about Goa trip in Bethlahem kudumba Unit

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more