മഹേഷ് നാരായണൻ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നായകനായ ‘മാലിക്’ സിനിമയിലെ തന്റെ കഥാപാത്രം ഓഡിഷനിലൂടെ സ്വന്തമാക്കിയതിനെക്കുറിച്ച് തുറന്നു പറയുകയാണ് നടി മീനാക്ഷി രവീന്ദ്രൻ. ദിനേഷ് പ്രഭാകറാണ് ചിത്രത്തിലേക്ക് നടക്കുന്ന ഓഡിഷനെക്കുറിച്ച് തന്നോട് പറഞ്ഞതെന്നും, തുടർന്ന് ഓഡിഷനിൽ പങ്കെടുക്കുകയായിരുന്നെന്നും മീനാക്ഷി പറഞ്ഞു.
‘മാലിക്കിലെ എന്റെ റോൾ ഞാൻ ചോദിച്ചുവാങ്ങിയതാണ്. ദിനേഷ് പ്രഭാകർ ഏട്ടനാണ് എന്നോട് ഒരു ഓഡിഷൻ നടക്കുന്നുണ്ടെന്ന് പറഞ്ഞത്. കോൺഫിഡൻഷ്യലായി നടക്കുന്ന ഓഡിഷനാണ്, ചെന്ന് അറ്റൻഡ് ചെയ്ത് നോക്കൂ എന്ന് പറഞ്ഞു. അങ്ങനെയാണ് ഞാൻ പോയി ഓഡിഷൻ ചെയ്യുന്നത്,’ മീനാക്ഷി പറഞ്ഞു.
മീനാക്ഷി. Photo. Screen Grab/ Youtube
മഹേഷ് നാരായണന്റെ നേതൃത്വത്തിൽ നടന്ന ഓഡിഷൻ ഏറെ നീണ്ടുപോയെന്നും ആദ്യം തനിക്ക് ടെൻഷനായെന്നും മീനാക്ഷി ഓർതെടുത്തു.
‘മഹേഷേട്ടൻ ഭയങ്കര പ്രൊഫഷണലിസ്റ്റാണ്. എന്റെ ഓഡിഷൻ കുറേനേരം പോയി. രാവിലെ 11 മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ ഓഡിഷൻ ഉണ്ടായിരുന്നു. രണ്ട് സീനുകളാണ് ചെയ്യാനുണ്ടായിരുന്നത്. ആദ്യത്തെ മൂന്നുനാല് തവണ കഴിഞ്ഞപ്പോൾ ഞാൻ ഭയങ്കര ടെൻഷനായി. എനിക്ക് പണി അറിയാത്തതുകൊണ്ടാണോ ഇങ്ങനെ വീണ്ടും വീണ്ടും ചെയ്യിപ്പിക്കുന്നതെന്ന് വരെ ചിന്തിച്ചു. ലഞ്ച് കഴിക്കാൻ സമയമായപ്പോഴും എന്നെ വിട്ടില്ല. ‘ലഞ്ച് വാ, നമുക്ക് കൂടെ കഴിക്കാം’ എന്നൊക്കെ പറഞ്ഞു. ഒരു ക്ലാസ് പോലെ വിടുന്നില്ലല്ലോ ഈശ്വരാ എന്നായിരുന്നു എന്റെ ചിന്ത,’ മീനാക്ഷി പറഞ്ഞു.
താൻ നന്നായി ചെയ്യുന്നുണ്ടോ എന്ന സംശയം ഉണ്ടായിരുന്നെങ്കിലും, പിന്നീട് മഹേഷ് നാരായണൻ പറഞ്ഞ ഒരു വാക്കാണ് ആശ്വാസമായത് എന്നും നടി പറഞ്ഞു.
‘ഫുഡ് കഴിക്കുന്ന സമയത്ത് അദ്ദേഹം പറഞ്ഞു, ‘താൻ ചെയ്യുന്നത് കൊണ്ടാട്ടോ തന്നെ വീണ്ടും ചെയ്യിപ്പിക്കുന്നത്. ചെയ്യാത്ത ഒരാളാണെങ്കിൽ നമ്മൾ സമയം ചെലവഴിക്കില്ല’ എന്ന്. അത് കേട്ടപ്പോൾ എനിക്ക് സമാധാനമായി. പിന്നെ വീണ്ടും സീൻ ചെയ്തു,’ മീനാക്ഷി വ്യക്തമാക്കി.
ഓഡിഷനിൽ ഇൻസുലിൻ കുത്തിവെക്കുന്ന രംഗമാണ് ചെയ്തതെന്നും, ടെൻഷൻ കാരണം താൻ പലതും കാട്ടിക്കൂട്ടിയെന്നും മീനാക്ഷി പറഞ്ഞു.
‘ഇൻസുലിൻ കുത്തിവെക്കുന്ന ഒരു സീനുണ്ടായിരുന്നു. ടെൻഷൻ അടിച്ചിട്ട് ഞാൻ കൈയിൽ കുത്തി. അതിൽ നിന്ന് ചോര വന്നപ്പോൾ ഞാൻ അത് വായിൽ ആക്കി. ടെൻഷൻ കൊണ്ട് ഞാൻ എന്തൊക്കെയോ കാണിച്ചിരുന്നു. അപ്പോഴും എന്താണ് പരിപാടിയെന്ന് എനിക്ക് അറിയില്ലായിരുന്നു. ഇറങ്ങാൻ നേരമാണ് ഇത് ഫഹദ് ഫാസിലിന്റെ പടമാണെന്ന് അറിയുന്നത്. പിന്നെയാണ് ഫഹദിന്റെ മകളായിട്ടാണ് അഭിനയിക്കേണ്ടതെന്നും അറിയുന്നത്,’ മീനാക്ഷി പറഞ്ഞു.
ആ വിവരം നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഓഡിഷൻ കുറച്ചുകൂടി നന്നായി ചെയ്യാമായിരുന്നുവെന്ന് തോന്നിയെന്നും മീനാക്ഷി കൂട്ടിച്ചേർത്തു.
മീനാക്ഷി. Photo. Screen Grab/ Youtube. Facebook.com
‘ഇതൊക്കെ നേരത്തെ അറിയാമായിരുന്നെങ്കിൽ കുറച്ചുകൂടി വൃത്തിയായി ചെയ്യാമായിരുന്നു എന്നാണ് ആദ്യം ആലോചിച്ചത്. എന്തൊക്കെയാണ് ഞാൻ ഓഡിഷനിൽ കാണിച്ചത് എന്നായിരുന്നു ചിന്ത. അവസാനം സാർ നന്നായി ചെയ്തു എന്ന് പറഞ്ഞു. വിളിക്കാം എന്നും പറഞ്ഞു. പിന്നീട് വിളിച്ച് കിട്ടിയെന്ന് പറഞ്ഞപ്പോഴാണ് ‘അടിച്ചു മോനെ’ എന്നൊക്കെ എനിക്ക് തോന്നിയത്. അങ്ങനെയാണ് ഞാൻ മാലിക്കിലേക്ക് എത്തുന്നത്,’ മീനാക്ഷി പറഞ്ഞു.
Content Highlight: Meenakshi Raveendran talks about malik movie audition