തിയേറ്ററുകളിൽ ചരിത്രവിജയം നേടുകയാണ് നിവിൻ പോളി ചിത്രം ബെത്‌ലഹേം കുടുംബ യൂണിറ്റ്. റിലീസ് ചെയ്ത് മൂന്നാം വാരത്തിലേക്ക് കടക്കുമ്പോഴും മികച്ച പ്രേക്ഷക പിന്തുണ നേടിക്കൊണ്ട് ചിത്രം മുന്നേറുകയാണ്. ഒരു ഫീൽ ഗുഡ് റോം കോം സിനിമയ്‌ക്ക് കിട്ടുന്ന ഏറ്റവും വലിയ കളക്ഷൻ സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം.
ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രം ഇതിനോടകം 330 കോടിക്ക് മുകളിൽ സ്വന്തമാക്കിക്കഴിഞ്ഞു. ചിത്രത്തിൽ മൊറേലി സിസ്റ്റേഴ്സ് എന്ന പേരിൽ, നിവിൻ പോളി അവതരിപ്പിച്ച ജസ്റ്റിന്റെ കസിൻ കഥാപാത്രമായുള്ള മീനാക്ഷി രവീന്ദ്രന്റെ അഭിനയവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഇൻഡസ്ട്രി ഹിറ്റായി മാറിയതിൽ വലിയ സന്തോഷമുണ്ടെന്ന് തുറന്നു പറയുകയാണ് നടി മീനാക്ഷി രവീന്ദ്രൻ. സംവിധായകൻ ഗിരീഷ് എ.ഡിയുടെ സിനിമയിൽ അഭിനയിക്കുമ്പോൾ തനിക്ക് ഒരു മിനിമം ഗ്യാരണ്ടിയുണ്ടെന്ന വിശ്വാസമുണ്ടെന്നും അദ്ദേഹം വിളിച്ചാൽ കഥ എന്താണെന്ന് പോലും ചോദിക്കാറില്ലെന്നും മീനാക്ഷി പറഞ്ഞു.
മീനാക്ഷി,ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo. Screen grab/ Youtube
‘ബെത്‌ലഹേം കുടുംബ യൂണിറ്റ് ഹിറ്റായതിൽ ഭയങ്കര സന്തോഷമാണ്. അതും ഇൻഡസ്ട്രി ഹിറ്റ് എന്നൊക്കെ പറയുമ്പോൾ അതിയായ സന്തോഷമുണ്ട്. ഇപ്പോൾ ഗിരീഷേട്ടന്റെ കൂടെ വർക്ക് ചെയ്യുമ്പോൾ നമുക്ക് ഒരു മിനിമം ഗ്യാരണ്ടി എപ്പോഴുമുണ്ട്,’ മീനാക്ഷി പറഞ്ഞു.
ഗിരീഷ് എ.ഡി വീണ്ടും തന്നെ ഒരു സിനിമയിലേക്ക് വിളിക്കുമ്പോൾ കഥാപാത്രത്തെക്കുറിച്ച് പോലും അധികം അന്വേഷിക്കാറില്ലെന്നും മീനാക്ഷി വ്യക്തമാക്കി. വിളിക്കുന്നുണ്ടെങ്കിൽ അതിന് കൃത്യമായൊരു കാരണം ഉണ്ടാകുമെന്നും കഥാപാത്രത്തിന് പ്രാധാന്യമുണ്ടാകുമെന്നും തനിക്ക് ഉറപ്പാണെന്നും അവർ പറഞ്ഞു.
‘എന്നെയൊക്കെ വിളിച്ചുകഴിഞ്ഞാൽ കഥ എന്താണെന്ന് പോലും ഞാൻ ചോദിക്കാറില്ല. എനിക്കറിയാം പുള്ളി വിളിക്കുന്നുണ്ടെങ്കിൽ അതിന്റേതായിട്ടുള്ള ഒരു പ്രാധാന്യമുണ്ടാകും കഥാപാത്രത്തിന് എന്ന്. ഞാൻ വിളിക്കുമ്പോൾ ‘എപ്പോഴാ ഷൂട്ട്, നാളെയാണോ’ എന്നൊക്കെ ചോദിച്ച് ഡൺ എന്ന് പറയും. ഞാൻ അങ്ങനെയാണ് പോകുന്നത്,’ മീനാക്ഷി പറഞ്ഞു.
‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ൽ നിവിൻ പോളിക്കും മമിത ബൈജുവിനുമൊപ്പം വീണ്ടും അഭിനയിക്കാൻ കഴിഞ്ഞതിലും സന്തോഷമുണ്ടെന്നും മമിതകൊപ്പം ഇത് രണ്ടാമത്തെ സിനിമയാണെന്നും മീനാക്ഷി പറഞ്ഞു.
‘എനിക്ക് ഭയങ്കര സന്തോഷമാണ്. പ്രത്യേകിച്ച് നിവിൻ ചേട്ടന്റെ കൂടെയും മമിതയുടെ കൂടെ രണ്ടാമത് ചെയ്യുന്നു എന്നൊക്കെ പറയുമ്പോൾ ഭയങ്കര സന്തോഷം,’ മീനാക്ഷി കൂട്ടിച്ചേർത്തു.
സ്കൂളിൽ പഠിക്കാൻ പോകുന്നതിനെക്കാൾ സുഹൃത്തുക്കളെ കാണാനും സംസാരിക്കാനും പോകുന്ന അതേ സന്തോഷമായിരുന്നു ‘ബെത്‌ലഹേം’ സെറ്റിൽ പോയപ്പോൾ ഉണ്ടായിരുന്നതെന്നും അവർ പറഞ്ഞു.
‘ആ സെറ്റ് എന്ന് പറഞ്ഞാൽ നമ്മൾ സ്കൂളിലോട്ടൊക്കെ പോകില്ലേ, എനിക്ക് അതുപോലെയായിരുന്നു. എനിക്കിഷ്ടാ സ്കൂളിൽ പോകാൻ, പഠിക്കാൻ ഒന്നുമല്ല, വെറുതെ ഫ്രണ്ട്സിനെ കാണാൻ, സംസാരിക്കാൻ. അത് അതുപോലെ ഒന്നായിരുന്നു,’ മീനാക്ഷി പറഞ്ഞു.
‘പ്രേമലു’വിൽ ഒപ്പം പ്രവർത്തിച്ച പല ടെക്നീഷ്യൻമാരും ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലും ഉണ്ടായിരുന്നത് ആ സൗഹൃദം കൂടുതൽ ഊട്ടിയുറപ്പിച്ചെന്നും മീനാക്ഷി വ്യക്തമാക്കി.
‘അവിടുത്തെ അസിസ്റ്റന്റ് ഡയറക്ടേഴ്സിനെയും ടെക്നീഷ്യന്മാരെയും ഒക്കെ ആയിട്ട് നമുക്ക് ആവശ്യത്തിന് കമ്പനി ഉണ്ടായിരുന്നു. പ്രേമലുവിലെ ടെക്നീഷ്യന്മാർ തന്നെ ആയതുകൊണ്ട് അതിലെ ആരെയെങ്കിലും ഇതിൽ കണ്ടില്ലെങ്കിൽ അവർ എവിടെ പോയി എന്നൊക്കെ ചോദിക്കുമായിരുന്നു,’ മീനാക്ഷി പറഞ്ഞു.
അങ്ങനെ നോക്കുമ്പോൾ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ തനിക്ക് ഒരു സിനിമാ സെറ്റിനേക്കാൾ സുഹൃത്തുക്കളെ കാണാൻ പോകുന്ന ഇടം പോലെയായിരുന്നുവെന്നാണ് മീനാക്ഷി പറയുന്നത്.
മീനാക്ഷി. Photo. Screen Grab/ Youtube
‘നമുക്ക് നമ്മുടെ ഫ്രണ്ട്സിനെ കാണാൻ പോകുന്നതുപോലെ ഭയങ്കര രസമായിരുന്നു സെറ്റ് ഒക്കെ,’ മീനാക്ഷി വ്യക്തമാക്കി.
Content Highlight: Meenakshi Raveendran opens up about her happiness over ‘Bethlehem Kudumba Unit’ becoming an industry hit