| Tuesday, 8th September 2026, 9:39 am

‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ മൂന്ന് തവണ കണ്ടു, ‘പ്രേമലു’ ഏഴ് തവണ; മീനാക്ഷി രവീന്ദ്രൻ

അജ്മല്‍ കെ

തിയേറ്ററുകളിൽ ചരിത്രവിജയം നേടുകയാണ് നിവിൻ പോളി ചിത്രം ബെത്‌ലഹേം കുടുംബ യൂണിറ്റ്. റിലീസ് ചെയ്ത് മൂന്നാം വാരത്തിലേക്ക് കടക്കുമ്പോഴും മികച്ച പ്രേക്ഷക പിന്തുണ നേടിക്കൊണ്ട് ചിത്രം മുന്നേറുകയാണ്. ഒരു ഫീൽ ഗുഡ് റോം കോം സിനിമയ്‌ക്ക് കിട്ടുന്ന ഏറ്റവും വലിയ കളക്ഷൻ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് ചിത്രം.

ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രം ഇതിനോടകം 250 കോടിക്ക് മുകളിൽ സ്വന്തമാക്കിക്കഴിഞ്ഞു. ചിത്രത്തിൽ മൊറേലി സിസ്റ്റേഴ്സ് എന്ന പേരിൽ, നിവിൻ പോളി അവതരിപ്പിച്ച ജസ്റ്റിന്റെ കസിൻ കഥാപാത്രമായുള്ള മീനാക്ഷി രവീന്ദ്രന്റെ അഭിനയവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒറിജിനൽസ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഗിരീഷ് എ.ഡി.യോടൊപ്പം സിനിമയിൽ പ്രവർത്തിച്ചപ്പോഴുണ്ടായ അനുഭവവും സിനിമാ വിശേഷവും പങ്കുവെക്കുകയാണ് മീനാക്ഷി രവീന്ദ്രൻ.

മീനാക്ഷി രവീന്ദ്രൻ. Photo: Screen Grab/ Youtube

താൻ ഭാഗമായ സിനിമകൾ തിയേറ്ററിൽ പ്രേക്ഷകർക്കൊപ്പം ആഘോഷിക്കപ്പെടുന്നത് ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷം നൽകുന്ന അനുഭവമാണ് എന്ന് പറയുകയാണ് മീനാക്ഷി. അത്തരമൊരു സന്തോഷമാണ് ‘പ്രേമലു’വിലൂടെയും ഇപ്പോൾ ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലൂടെയും അനുഭവിക്കുന്നത്. ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഇതിനോടകം മൂന്ന് തവണ കണ്ടെന്നും ‘പ്രേമലു’ ഏഴ് തവണ തിയേറ്ററിൽ പോയി കണ്ടിട്ടുണ്ടെന്നും മീനാക്ഷി പറഞ്ഞു.

‘ബെത്‌ലഹേം കുടുംബ യൂണിറ്റ് ഇന്നലെയും കൂട്ടി മൂന്ന് പ്രാവശ്യം കണ്ടു. പ്രേമലു ഞാൻ ഏഴ് വട്ടം കണ്ടിട്ടുണ്ട്. പല പല തിയേറ്ററുകളിൽ പോയി ഞാൻ ഏഴ് വട്ടം കണ്ടിട്ടുണ്ട്. പ്രേമലു ഞാൻ പോയി കണ്ടത് എന്റെ സന്തോഷത്തിന്റെ പുറത്താണ്. അതായത് അത്രയും ഹിറ്റ് പടത്തിന്റെ ഭാഗമായതിന്റെ സന്തോഷത്തിന്റെ പുറത്താണ് അത് ചെയ്തത്,’ മീനാക്ഷി പറഞ്ഞു.

സിനിമയുടെ വിജയം എന്നത് ചെറുപ്പം മുതലേ താൻ ആഗ്രഹിച്ചിരുന്ന കാര്യങ്ങളിലൊന്നാണെന്നും മീനാക്ഷി പറയുന്നു. വലിയൊരു സിനിമയുടെ ഭാഗമാകുക, ആളുകൾ ഒന്നായി തിയേറ്ററുകളിലേക്ക് എത്തി സിനിമ ആഘോഷിക്കുന്നത് നേരിട്ട് കാണുക എന്നുള്ളതൊക്കെ എനിക്ക് സന്തോഷം തരുന്ന ക്കാര്യങ്ങളാണ് എന്നും മീനാക്ഷി കൂട്ടിച്ചേർത്തു.

‘ഇതൊക്കെ നമ്മൾ ചെറുപ്പം മുതലേ ആഗ്രഹിച്ചിട്ടുള്ള കാര്യങ്ങളാണ്. അല്ലെങ്കിൽ നമ്മൾ സ്വപ്നം കണ്ടിട്ടുള്ള, നമുക്ക് സന്തോഷം തരുന്ന കാര്യങ്ങളാണ്. ഇത്രയും വലിയ സിനിമ, ആളുകൾ ഒന്നായി തിയേറ്റർ നിറഞ്ഞുനിൽക്കുന്ന ഒരു സിനിമയുടെ പാർട്ട് ആവുക, അതിൽ നമ്മൾ ഒരു റോൾ ചെയ്യുക എന്നൊക്കെ പറയുന്നത്. അപ്പോൾ അതൊക്കെ സന്തോഷം തരുന്ന കാര്യങ്ങളാണ്,’ മീനാക്ഷി കൂട്ടിച്ചേർത്തു.

ഗിരീഷ് എ.ഡി തന്റെ മുൻ ചിത്രങ്ങളിൽ പ്രവർത്തിച്ചവരെ തുടർന്നുള്ള സിനിമകളിലും പരിഗണിക്കാറുണ്ടെന്ന തോന്നലാണ് തനിക്കുള്ളതെന്നും മീനാക്ഷി പറഞ്ഞു. അതുകൊണ്ടായിരിക്കാം ബെത്‌ലഹേമിലേക്കും തന്നെ വിളിച്ചതെന്നാണ് കരുതുന്നതെന്നും താരം വ്യക്തമാക്കി.

മീനാക്ഷി രവീന്ദ്രൻ.നിവിൻ പോളി. Photo. Screen Grab/ Youtube

‘ഗിരീഷേട്ടൻ അദ്ദേഹത്തിന്റെ നേരത്തെ സിനിമകളിൽ അഭിനയിച്ചവരെ അടുത്ത പടങ്ങളിലേക്കും പരിഗണിക്കാറുണ്ട് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അങ്ങനെയായിരിക്കും എന്നെയും വിളിച്ചത്. പിന്നെ ഞാൻ ഇടയ്ക്ക് അങ്ങോട്ട് മെസ്സേജ് അയക്കും. എന്തെങ്കിലും വീഡിയോസ് അയച്ചുകൊടുത്തോ, എന്തെങ്കിലും പറഞ്ഞോ ഒക്കെ. പിന്നെ എന്തെങ്കിലും പരിപാടിയുണ്ടോ എന്നും ഞാൻ ചോദിക്കാറുണ്ട്,’ മീനാക്ഷി പറഞ്ഞു.

Content Highlight: Meenakshi Raveendran opens up about her experience working in Girish AD’s ‘Bethlehem Kudumba Unit’

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more