| Friday, 6th March 2026, 6:00 pm

ആ കേസുമായി ബന്ധപ്പെട്ടാണ് ആദ്യം കോടതി കയറിയത്; പലരും ഞാന്‍ തളര്‍ന്ന് പോകുമെന്ന് കരുതി: മീനാക്ഷി അനൂപ്

ഐറിന്‍ മരിയ ആന്റണി

2014ല്‍ പുറത്തിറങ്ങിയ വണ്‍ ബൈ ടു എന്ന ചിത്രത്തിലൂടെ കരിയര്‍ ആരംഭിക്കുകയും അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്ത നടിയാണ് മീനാക്ഷി അനൂപ്. സിനിമയിലെ പാത്തുവെന്ന കഥാപാത്രത്തിലൂടെയാണ് മീനാക്ഷി മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായത്.

സിനിമാ നടി എന്നതിനപ്പുറം ഇന്ന് പ്രേക്ഷകരെ അമ്പരിപ്പിക്കുന്ന മറുപടിയുമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന താരം കൂടിയാണ് മീനാക്ഷി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പോസിറ്റീവും നെഗറ്റീവുമായുള്ള കമന്റുകളെ കുറിച്ച് സംസാരിക്കുകയാണ് മീനാക്ഷി.

‘പണ്ടൊക്കെ രസകരമായ ക്യാപ്ഷനുകള്‍ മാത്രമേ സോഷ്യല്‍ മീഡിയയില്‍ ഇടാറുണ്ടായിരുന്നുള്ളൂ. പിന്നീട് എന്റെ പാഠപുസ്തകത്തിലെ കാര്യങ്ങളും എന്റെ അഭിപ്രായങ്ങളും പറയാന്‍ തുടങ്ങി. ഇതില്‍ പോസിറ്റീവും നെഗറ്റീവുമായ കമന്റുകള്‍ ഉണ്ടാകാറുണ്ട്. എല്ലാവരുടെയും അഭിപ്രായങ്ങളെ ഞാന്‍ മാനിക്കാറുണ്ട്.

മനഃപൂര്‍വം അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചാല്‍ നിയമപരമായി മുന്നോട്ടു പോവുക എന്നതാണു വഴി. ഒരിക്കല്‍ എന്റെ മോര്‍ഫ് ചെയ്ത ഫോട്ടോസ് ചിലര്‍ പ്രചരിപ്പിച്ചു. പലരും കരുതിയത് ഞാന്‍ തളര്‍ന്നു പോകുമെന്നാണ്. ഞങ്ങള്‍ ഉടന്‍ സൈബര്‍ സെല്ലില്‍ പരാതി കൊടുത്തു. എന്റെ ഫോട്ടോ അല്ലെന്ന് ഉറപ്പുള്ളപ്പോള്‍ അതിനെക്കുറിച്ച് ഓര്‍ത്തു വിഷമിക്കേണ്ട കാര്യമില്ലല്ലോ,’ മീനാക്ഷി പറയുന്നു.

ആ കേസുമായി ബന്ധപ്പെട്ടാണ് താന്‍ ആദ്യമായി കോടതിയില്‍ കയറിയതെന്നും പ്രതികളെ പിടിക്കുകയും അവര്‍ക്കു ശിക്ഷ ലഭിക്കുകയും ചെയ്തുവെന്നും മീനാക്ഷി പറയുന്നു. താന്‍ മീനാക്ഷി ആയതുകൊണ്ടോ തന്നെ നാലുപേര്‍ അറിയുന്നതുകൊണ്ടോ അല്ല അത്ര എളുപ്പം ശിക്ഷ കിട്ടിയതെന്നും നിയമസംവിധാനങ്ങള്‍ അത്രയും ശക്തമാണെന്നും നടി കൂട്ടിച്ചേര്‍ത്തു. ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടായാല്‍ ഏതു പെണ്‍കുട്ടിയും ഭയപ്പെടാതെ നിയമസഹായം തേടുകയാണ് വേണ്ടതെന്നും മീനാക്ഷി പറഞ്ഞു.

Content Highlight: Meenakshi is talking about positive and negative comments on social media 

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more