മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീനാക്ഷി അനൂപ്. ബാലതാരമായി സിനിമയിലേക്കെത്തിയ മീനാക്ഷി അമര്‍ അക്ബര്‍ അന്തോണിയിലെ പാത്തുവെന്ന കഥാപാത്രത്തിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. നാദിര്‍ഷയുടെ സംവിധാനത്തില്‍ പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവര്‍ പ്രധാനവേഷങ്ങൡലെത്തിയ സിനിമ അന്നത്തെ സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു.
പിന്നീട് മോഹന്‍ലാലിന്റെ കൂടെ ഒപ്പം എന്ന സിനിമയില്‍ അഭിനയിച്ചു. പ്രൈവറ്റാണ് താരത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഇപ്പോഴിതാ താന്‍ കുട്ടിയായപ്പോള്‍ കിട്ടിയ കഥാപാത്രങ്ങളൊക്കെ വളരെ ഇമോഷണലായിരുന്നുവെന്ന് മീനാക്ഷി പറയുന്നു.
‘അതുകൊണ്ടുതന്നെ എന്നെ പുറത്തുവച്ച് കാണുമ്പോള്‍ അമ്മമാര്‍ക്കൊക്കെ സ്വന്തം കുട്ടി എന്നൊരു വികാരമാണ്. ‘അമര്‍ അക്ബര്‍ ആന്റണി’ ചെയ്യുന്ന സമയത്ത് എല്ലാവരും എന്നെ പാത്തുട്ടി എന്നാണ് വിളിച്ചിരുന്നത്. ‘ഒപ്പം’ ചെയ്തപ്പോള്‍ നന്ദിനിക്കുട്ടിയായി. പിന്നെ ചാനലില്‍ അവതാരകയായപ്പോള്‍ മീനൂട്ടിയായി. എല്ലാവര്‍ക്കും അവരുടെ വീട്ടിലെ ഒരു കുട്ടി എന്ന ഫീലാണ്.
അത് ഞാന്‍ ഒരുപാട് ഇഷ്ടപ്പെടുന്നു. കുറച്ചു വലുതായപ്പോള്‍ ശാസ്ത്രീയമായ കാര്യങ്ങളിലൊക്കെ എനിക്ക് താല്‍പര്യം വരാന്‍ തുടങ്ങി. എന്തിനെക്കുറിച്ച് ചോദിച്ചാലും എന്റെ അച്ഛന് ഒരു ഉത്തരമുണ്ട്. അങ്ങനെയുള്ള ഒരാളുടെ മകളായിരിക്കുമ്പോള്‍ ലോകത്തെക്കുറിച്ചും ശാസ്ത്രത്തെക്കുറിച്ചും എല്ലാം മനസിലാക്കേണ്ടതുണ്ടെന്ന് എനിക്കു തോന്നി,’ മീനാക്ഷി പറയുന്നു.
പല കാര്യങ്ങളും ശരിയായ രീതിയില്‍ സംസാരിക്കുമ്പോള്‍ അത് കേള്‍ക്കാന്‍ ആളുകള്‍ ഉണ്ടെന്ന് മനസിലായെന്നും നമ്മള്‍ വസ്തുനിഷ്ഠമായ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ അത് മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടാറുണ്ടെന്നും നടി പറയുന്നു.
അതുകൊണ്ടുതന്നെ പൊതുയിടങ്ങളില്‍ സംസാരിക്കുമ്പോള്‍ താന്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കേണ്ടതുണ്ടെന്നും തന്റെ വായില്‍ നിന്ന് ഒരു തെറ്റ് വരാന്‍ പാടില്ലെന്നും മീനാക്ഷി കൂട്ടിച്ചേര്‍ത്തു. ഒരു കാര്യം അറിയില്ലെങ്കില്‍, അറിയില്ല നോക്കിയിട്ട് പറഞ്ഞു തരാം എന്നു പറയാനുള്ള ഉത്തരവാദിത്തം തനിക്കുണ്ടെന്ന് വിശ്വസിക്കുന്നുവെന്നും മീനാക്ഷി പറഞ്ഞു.
Content Highlight: Meenakshi Anoop talks about the characters she has played and the love the audience has for her