മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് മീനാക്ഷി. വണ്‍ ബൈ ടൂ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച മീനാക്ഷി അമര്‍ അക്ബര്‍ അന്തോണിയിലെ പാത്തുവെന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. മോഹന്‍ലാല്‍ നായകനായ ഒപ്പം എന്ന സിനിമയിലെ വേഷവും ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിന് പുറമെ താരം ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
അഹമ്മദ് കബീറിന്റെ സംവിധാനത്തില്‍ എത്തിയ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, പ്രൈവറ്റ് എന്നീ സിനിമകളാണ് താരത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയത്. ഇപ്പോഴിതാ മനോരമ ആഴ്ച്ച പതിപ്പുമായുള്ള അഭിമുഖത്തില്‍ താന്‍ അധികം സിനിമകളൊന്നും ചെയ്തിട്ടില്ലെന്നും എന്നാല്‍ ചെയ്തതെല്ലാം തനിക്ക് പ്രിയപ്പെട്ടതാണെന്നും നടി പറയുന്നു.
‘ഹിന്ദിയും കന്നഡയുമൊക്കെ ചെയ്തതിന് ശേഷം ഞാന്‍ ചെയ്യുന്ന ശ്രദ്ധേയമായ ഒരു സിനിമ ‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’ ആണ്. പക്ഷേ, അതിനു മുമ്പ് ഷൂട്ടിങ് കഴിഞ്ഞിരുന്ന സിനിമയായിരുന്നു ദീപക് ബിയോണ്‍ ചേട്ടന്‍ സംവിധാനം ചെയ്ത ‘പ്രൈവറ്റ്’. എനിക്ക് ഏറ്റവും കൂടുതല്‍ അഭിപ്രായവും അഭിനന്ദനവും കിട്ടിയ സിനിമയായിരുന്നു ഇത്. മനോരമ മാക്സില്‍ വന്നപ്പോള്‍ ഒരുപാട് പേര്‍ വിളിച്ച് അഭിനന്ദിച്ചു.
സോഷ്യല്‍ മീഡിയയിലൊക്കെ എന്റെ പേര് പറഞ്ഞ് പലരും ഈ സിനിമയെപ്പറ്റി ചര്‍ച്ച ചെയ്യുന്നത് ഞാന്‍ വായിച്ചു. ഇന്ദ്രന്‍സ് അങ്കിളിനോടൊപ്പം തുടക്കം മുതല്‍ ഒടുക്കം വരെയുള്ള വേഷം ചെയ്യുന്നത് ആദ്യമായിട്ടാണ്. അഭിനയത്തില്‍ ഓരോ നടീനടന്മാരും ഓരോരോ മെത്തേഡാണ് സ്വീകരിക്കാറുള്ളത്. എന്നെ സംബന്ധിച്ച്, ഒരു സിറ്റുവേഷനോട് പ്രതികരിക്കുന്നതാണ് ആക്ടിങ്,’ മീനാക്ഷി പറയുന്നു.
കഥാപാത്രത്തിന് മീനാക്ഷി എന്ന വ്യക്തിയെ ഓര്‍മിപ്പിക്കുന്ന യാതൊന്നും ഉണ്ടാകരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നുവെന്നും അങ്ങനെ നോക്കുമ്പോള്‍, ഒരുമിച്ച് അഭിനയിക്കാന്‍ എനിക്ക് കിട്ടിയ ഏറ്റവും നല്ല നടനായിരുന്നു ഇന്ദ്രന്‍സെന്നും നടി പറഞ്ഞു. മുന്നില്‍ ഇന്ദ്രന്‍സ് എന്ന നടന്‍ വന്നു നില്‍ക്കുമ്പോള്‍, വാക്കുകളില്ലെങ്കില്‍ പോലും നമ്മുടെ ചങ്ക് പിടയുമെന്നും അതിന് അനുസരിച്ച് റിയാക്ട് ചെയ്യാന്‍ തനിക്കു സാധിച്ചിരുന്നുവെന്നും മീനാക്ഷി കൂട്ടിച്ചേര്‍ത്തു.
ഇന്ദ്രന്‍സ്, മീനാക്ഷി, അനു ആന്റണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ദീപക് ഡിയോണ്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 2025 ഒക്ടോബര്‍ 10ന് തിയേറ്ററുകളിലെത്തിയ ചിത്രമാണ് പ്രൈവറ്റ്.
സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടലുകള്‍ മൂലം റിലീസ് നീട്ടിവെച്ച ചിത്രം പിന്നീട് നിരവധി വെട്ടുകളോടെയാണ് തിയേറ്ററില്‍ റിലീസ് ചെയ്തത്. സി. ഫാക്ടര്‍ ദി എന്റെര്‍ടെയ്ന്‍മെന്റ കമ്പനിയുടെ ബാനറില്‍ വി.കെ ഷബീറാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.
Content Highlight: Meenakshi Anoop on the movie Private in which she acted