ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധത്തിന്റെ ഫലമായി ഹോര്‍മുസ് കടലിടുക്ക് അടച്ചിട്ടിരിക്കുകയാണ്. ഇതിന്റെ അനന്തഫലമായി ഇന്ത്യയില്‍ പലയിടത്തും ഗ്യാസ് സിലിണ്ടറിന് ക്ഷാമം നേരിടുകയാണ്. രാജ്യത്തുടനീളം ഗ്യാസ് സിലിണ്ടര്‍ ലഭിക്കാത്ത അവസ്ഥയില്‍ നട്ടം തിരിയുകയാണ് സാധാരണക്കാര്‍. കേരളത്തില്‍ പലയിടത്തും ഹോട്ടലുകളും മെസ്സുകളും അടക്കേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്.
ലോകത്തിന്റെ ഒരു കോണില്‍ നടക്കുന്ന യുദ്ധം മറ്റൊരു കോണില്‍ താമസിക്കുന്ന സാധാരണക്കാരെ ബാധിക്കുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പല പോസ്റ്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. മലയാളി താരം മീനാക്ഷി അനൂപ് കഴിഞ്ഞദിവസം ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് ചര്‍ച്ചയായി. ഗ്യാസ് ക്ഷാമത്തെക്കുറിച്ചുള്ള പോസ്റ്റില്‍ സിലിണ്ടറിനൊപ്പമുള്ള ഫോട്ടോയാണ് മീനാക്ഷി പോസ്റ്റിനൊപ്പം പങ്കുവെച്ചത്.
‘ഗ്യാസ് പോയത് നമ്മടെയാ, യുദ്ധം പശ്ചിമേഷ്യയിലാണെങ്കിലും…. (യുദ്ധം എത്ര ഭീകരമാണെന്നറിയാന്‍ മുറ്റത്ത് മിസൈല്‍ വീഴണമെന്നില്ല) എന്ന ക്യാപ്ഷനാണ് പോസ്റ്റിന് നല്‍കിയത്. ഇതിന് പിന്നാലെ മീനാക്ഷിക്ക് നേരെ സംഘപരിവാര്‍ അനുകൂല പേജുകള്‍ സൈബര്‍ ആക്രമണവുമായി രംഗത്തെത്തി. കമന്റ് ബോക്‌സിലും ഇത്തരം ഐ.ഡികള്‍ മീനാക്ഷിയെ വിമര്‍ശിച്ചുകൊണ്ട് കമന്റുകള്‍ പങ്കുവെക്കുന്നുണ്ട്.
കൈയിലുള്ള സിലിണ്ടറിന്റെ സീല്‍ പൊട്ടിക്കാത്തത് ചൂണ്ടിക്കാണിച്ചാണ് പലരും മീനാക്ഷിയെ വിമര്‍ശിക്കുന്നത്. പൊട്ടിക്കാത്ത കുറ്റി കൊണ്ട് എന്തിനാണ് ഈ ഷോയെന്നും പലരും ചോദിക്കുന്നുണ്ട്. ചെറിയ വായില്‍ വലിയ വര്‍ത്തമാനം പറയുന്നു, രാജ്യത്തിന്റെ കൂടെ നില്‍ക്കാന്‍ ശ്രമിക്കുക എന്നിങ്ങനെയാണ് പലരുടെയും കമന്റുകള്‍.
മീനാക്ഷിയുടെ പോസ്റ്റിന് പിന്നാലെ രാജ്യസ്‌നേഹ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പല സംഘപരിവാര്‍ അനുകൂല ഐ.ഡികളും രംഗത്തെത്തിയിട്ടുണ്ട്. ഹിന്ദു ഐക്യവേദി നേതാവ് ശശികലയടക്കം മീനാക്ഷിയെക്കുറിച്ച് പോസ്റ്റുകള്‍ പങ്കുവെച്ചു. കൈയിലുള്ളത് നിറച്ച സിലിണ്ടറാണെന്ന് ഫോട്ടോയിലൂടെ അറിയാമെന്നും രണ്ട് സിലിണ്ടറുള്ളത് നാട്ടുകാരെ അറിയിക്കണോ എന്നും രാജേഷ് നാഥന്‍ എന്ന ഐ.ഡിയുടെ പോസ്റ്റില്‍ പറയുന്നു.
ഇതിന് പിന്നാലെ മറ്റൊരു പോസ്റ്റുമായി മീനാക്ഷി രംഗത്തെത്തി. താന്‍ പങ്കുവെച്ച പോസ്റ്റ് ഒരിക്കലും ഏതെങ്കിലും രാജ്യത്തിനെതിരെയോ ഭരണാധികാരികള്‍ക്കെതിരെയോ അല്ലെന്നാണ് പുതിയ പോസ്റ്റില്‍ മീനാക്ഷി പറഞ്ഞത്. ആധുനിക യുഗത്തില്‍ ലോകത്തെവിടെയും നടക്കുന്ന യുദ്ധം മറ്റൊരു കോണിലുള്ളവരെ ബാധിക്കുമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും താരം കൂട്ടിച്ചേര്‍ത്തു. യുദ്ധത്തിന് ചെലവാക്കുന്ന പണം മാനവരാശിയുടെ ഉന്നമനത്തിനായി ഉപയോഗിക്കട്ടെ എന്ന് പറഞ്ഞുകൊണ്ടാണ് മീനാക്ഷി തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്.
ഇതാദ്യമായല്ല മീനാക്ഷി സൈബര്‍ ആക്രമണം നേരിടുന്നത്. മതനിരപേക്ഷതയെക്കുറിച്ച് മീനാക്ഷി അടുത്തിടെ പങ്കുവെച്ച പോസ്റ്റിനെതിരെ സംഘപരിവാര്‍ അനുകൂലിയായ അഡ്വക്കേറ്റ് കൃഷ്ണരാജ് പോസ്റ്റ് പങ്കുവെച്ചിരുന്നു. മീനാക്ഷിയെ ‘കാക്ക കൊത്താന്‍ ചാന്‍സുണ്ട്’ എന്നായിരുന്നു കൃഷ്ണരാജ് തന്റെ പോസ്റ്റില്‍ പറഞ്ഞത്.
Content Highlight: Meenakshi Anoop facing cyber attack after she pointed the cylinder issue
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ