തന്റെ മൂന്നാം വയസില്‍ തമിഴ് ചിത്രമായ നെഞ്ചങ്ങളിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച താരമാണ് മീന. ബാലതാരമായി നാല്‍പ്പത്തിയഞ്ചോളം ചിത്രങ്ങളില്‍ വേഷമിട്ട താരം തൊണ്ണൂറുകളില്‍ സൗത്ത് ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ തിരക്കുള്ള നടിയായിരുന്നു. വര്‍ണ്ണപകിട്ട്, ഒളിമ്പ്യന്‍ ആന്തണി ആദം, ഉദയനാണ് താരം, നാട്ടുരാജാവ്, തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും പരിചിതയായ താരം ദൃശ്യത്തിലെ റാണി ജോര്‍ജായും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
ദൃശ്യത്തില്‍ മീന ലാലേട്ടനൊപ്പം. Photo: DNA India
വിനായക് ശശികുമാറിന്റെ രചനയില്‍ സുമേഷ് നന്ദകുമാര്‍ സംവിധാനം ചെയ്ത് ജിയോ ഹോട്‌സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിച്ച സിരീസായ സീക്രട്ട് സ്‌റ്റോറീസ്: റോസ്ലിനില്‍ മീന അവതരിപ്പിച്ച ശോഭ ജോണ്‍ എന്ന കഥാപാത്രം ഇതിനോടകം ശ്രദ്ധ നേടിയിരുന്നു. സിരീസില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച മീന, രേഖ മേനോന് നല്‍കിയ അഭിമുഖത്തില്‍ തന്നെ ജീവിതത്തില്‍ സ്വാധീനിച്ച സ്ത്രീകളെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ശോഭ ജോണ്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ നടത്തിയ തയ്യാറെടുപ്പുകളെ കുറിച്ചുള്ള അവതാരികയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.
‘ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ ചെയ്യാനാണ് എനിക്ക് എപ്പോഴും ഇഷ്ടം. അതുകൊണ്ട് തയ്യാറെടുപ്പുകളെല്ലാം നടത്തിയിരുന്നു. മാത്രമല്ല എന്റെ അമ്മ വളരെ സ്‌ട്രോങ്ങായിട്ടുള്ള ക്യാരക്ടറാണ്. അമ്മയെ കണ്ട് കണ്ട് ആ ധൈര്യം എനിക്കും കിട്ടിയിട്ടുണ്ട്. ഇന്റസ്ട്രിയില്‍ തന്നെ ലക്ഷ്മിചേച്ചി, ജയചിത്രാമ തുടങ്ങിയവരെയെല്ലാം എനിക്ക് മാതൃകയായിട്ടുണ്ട്.
ഇതുവരെ മലയാളത്തില്‍ ഞാന്‍ വളരെ സോഫ്റ്റായ സ്വീറ്റായ പതിഞ്ഞ കഥാപാത്രങ്ങളാണ് ചെയ്തിട്ടുള്ളത്. അതുകൊണ്ട് തന്നെ ഈ റോസ്ലിന്റെ കഥ കേട്ടപ്പോള്‍ ഞാന്‍ വളരെ എക്‌സൈറ്റഡായി. ഇതുവരെ ഞാന്‍ ചെയ്യാത്ത കഥാപാത്രമായത് കൊണ്ട് തന്നെ ഈ കഥാപാത്രം ഞാന്‍ ചെയ്യുമോ എന്ന സംശയം ജീത്തുവിനും സംവിധായകനുമുണ്ടായിരുന്നു. പക്ഷേ സ്‌ക്രിപ്റ്റ് കേട്ടപ്പോള്‍ തന്നെ ഈ കഥാപാത്രം തീര്‍ച്ചയായും ചെയ്യാം എന്നാണ് ഞാന്‍ പറഞ്ഞത്,’ മീന പറയുന്നു.
Photo: Jio Hotstar
ഗാനരചയിതാവായ വിനായക് ശശികുമാര്‍ ആദ്യമായി തിരക്കഥയെഴുതുന്നു എന്ന പ്രത്യേകത റോസ്ലിനുണ്ട്. സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ടൈറ്റില്‍ ക്യാരക്ടര്‍ അവതരിപ്പിച്ചത് സഞ്ജന ദീപുവാണ്. ജീത്തു ജോസഫ് ഷോ റണ്ണറായ ചിത്രത്തില്‍ വിനീത്, അനിഷ്മ അനില്‍കുമാര്‍, ഹക്കീം ഷാജഹാന്‍, ടി.ജി രവി തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു.
Content Highlight: Meena talks about her character in The secret stories: Roslin Series
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ