മെഡിറ്ററേനിയന്‍ ഡയറ്റ് ലോകമെമ്പാടും പ്രസിദ്ധമാണ്. എന്താണീ മെഡിറ്ററേനിയന്‍ ഡയറ്റ് എന്നല്ലേ? ഇതൊരു പ്രത്യേക മെനുവല്ല. പ്രത്യേക ആഹാരവുമല്ല. ഒരു നാടന്‍ ഭക്ഷണരീതിയാണ്. ഇതില്‍ ഒരു പ്രദേശത്തെ ജനങ്ങളുടെ സംസ്‌കാരം തന്നെ കുടികൊള്ളുന്നുണ്ട്.
യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക വന്‍കരകളില്‍പെടുന്ന മധ്യധരണാഴി പ്രദേശത്തെ 21 രാജ്യങ്ങളിലെ ഭക്ഷണരീതിയെയാണ് മെഡിറ്ററേനിയന്‍ ഡയറ്റ് എന്നു പറയുന്നത്. ഫ്രാന്‍സ്, സ്‌പെയിന്‍ , ഇറ്റലി, ഗ്രീസ്, മാള്‍ട്ട, ഈജിപ്ത്, പാലസ്തീന്‍ , തുര്‍ക്കി, ഇസ്രേയല്‍ , ലബനന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇതിലുള്‍പ്പെടുന്നു. ഈ രാജ്യങ്ങളില്‍ പാചകരീതിയിലും ഭക്ഷണകാര്യത്തിലും ചെറിയ വകഭേദങ്ങള്‍ ഉണ്ടെങ്കിലും ഇവരുടെ അടിസ്ഥാന സമീപനം ഒന്നാണ് .
ഇനി ഒരു രഹസ്യം പറയാം…..
മെഡിറ്ററേനിയന്‍ പ്രദേശത്തുള്ളവര്‍ക്ക് ആയുസ്സ് ഇമ്മിണി കൂടുതലാണ്. അങ്ങനെ വരണമെങ്കില്‍ ഇവര്‍ക്ക് രോഗങ്ങളും രോഗങ്ങളും കുറവായിരിക്കും. അതെ!. ദീര്‍ഘകാല രോഗങ്ങളായ ക്യാന്‍സര്‍, പ്രമേഹം, ഹൃദ്രോഗം, സ്‌ട്രോക്ക് മുതലായ അസുഖങ്ങള്‍ മെഡിറ്ററേനിയന്‍ പ്രദേശത്ത് വളരെ കുറവാണ് .
നാടന്‍ ഭക്ഷണം, സ്വാഭാവിക ഭക്ഷണക്രമം അതാണ് മെഡിറ്ററേനിയന്‍ ഡയറ്റിന്റെ മുഖമുദ്ര. പ്രകൃതിദത്തമായ സാധനങ്ങള്‍ മാത്രമേ ഉപയോഗിക്കു .ഓരോ സീസണുകളില്‍ കിട്ടുന്ന ഭക്ഷണ സാധനങ്ങള്‍ക്കാണ് മുന്‍ഗണന. കൃത്രിമ ആഹാരങ്ങളും പാനീയങ്ങളും ഇവരുടെ മെനുവില്‍ ഇല്ല. പഴങ്ങളായാലും പച്ചക്കറിയായാലും മത്സ്യമായാലും പുതിയതായിരിക്കണം .
ഇനി എന്താണീ ഡയറ്റെന്ന് അറിയണ്ടേ? പറയാം! ഒലീവ് ഓയിലിന്റെ ഉയര്‍ന്ന ഉപയോഗം, സസ്യാഹാരം അടിസ്ഥാനമാക്കിയുള്ള വിഭവങ്ങള്‍ , പഴങ്ങള്‍ , പച്ചക്കറികള്‍ , പഴവര്‍ഗങ്ങള്‍, തവിടു കളയാത്ത ധാന്യങ്ങള്‍ ,നട്‌സ് എന്നിവ. കൂടാതെ മറ്റു മാംസാഹാരത്തെക്കാള്‍ മീന്‍വിഭവങ്ങള്‍ക്ക് കുറച്ചധികം പ്രാധാന്യമുണ്ട് .ഒപ്പം റെഡ് വൈന്‍, പാലുല്‍പന്നങ്ങള്‍ എന്നിവയുടെ മിതമായ ഉപയോഗവും. പാല്‍ കഴിക്കുമ്പോള്‍ തന്നെ കൊഴുപ്പ് കുറഞ്ഞതാണ് ഉപയോഗിക്കുക .വെണ്ണ അപൂര്‍വ്വമായി കഴിക്കുന്ന വസ്തുവാണ്. മുട്ടയുടെ ഉപയോഗവും കുറവാണ്. വളരെ കുറച്ചു മാത്രമേ ഇറച്ചി കഴിക്കു. ഉണ്ടെങ്കില്‍ തന്നെ കോഴിയിറച്ചിക്കാണ് മുന്‍ഗണന.
ഇന്ന് ഏറ്റവും അപകടകരമായ ഭക്ഷണരീതികള്‍ പിന്തുടരുന്ന പ്രദേശങ്ങളില്‍ ഒന്നാണ് നമ്മുടെ കൊച്ചു കേരളം. ജീവിതശൈലീ രേഗങ്ങളുടെ സ്വന്തം നാടായതും അതുകൊണ്ടാണ്. രോഗങ്ങളെ നമ്മള്‍ ക്ഷണിച്ചുവരുത്തുകയാണ്. എന്നിട്ട് ലക്ഷങ്ങള്‍ ചെലവിട്ട് ചികിത്സിച്ച് ആയുസ്സ് നീട്ടിയെടുക്കും. എന്നിട്ടെന്ത് കാര്യം? ജീവിക്കുന്ന കാലം ആരോഗ്യത്തോടെ ജീവിക്കണ്ടേ? അതിന് മെഡിറ്ററേനിയന്‍ പ്രദേശത്ത് ജീവിക്കുന്ന ജനങ്ങളെ കണ്ടു പഠിക്കാം.