| Wednesday, 4th January 2017, 11:16 am

പനിക്ക് പിണറായിയുടെ പേരിലും ഹൃദ്രോഗത്തിന് കെ.കെ ശൈലജയുടെ പേരിലും മരുന്ന് : മനുഷ്യനെ കൊല്ലുന്ന വ്യാജ മരുന്നുകള്‍ കേരളത്തിലേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ഏത് പേരിലും രൂപത്തിലും മരുന്ന് നിര്‍മിക്കുന്ന തട്ടിപ്പുകമ്പനികള്‍ തമിഴ്‌നാട്ടില്‍ സജീവമാകുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റേയും ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ പേരില്‍ പോലും മരുന്നുകള്‍ നിര്‍മിച്ചുനല്‍കാമെന്നാണ് ഈ കമ്പനികളുടെ വാഗ്ദാനം.

പനിക്കും വേദനയ്ക്കുമുള്ള മരുന്ന് പിണരായി വിജയന്റെ പേരില്‍ നിര്‍മിച്ചു നല്‍കാമെന്നും ഹൃദ്രോഗത്തിനുള്ള മരുന്ന് കെ.കെ ശൈലജയുടെ പേരില്‍ നിര്‍മിച്ചുനല്‍കാമെന്ന് കമ്പനി ഉടമകള്‍ പറയുന്നു. മാതൃഭൂമി ന്യൂസ് നടത്തിയ മനുഷ്യനെ കൊല്ലാന്‍ വ്യാജ മരുന്നുകള്‍ എന്ന അന്വേഷണ പരമ്പരയിലാണ് ഈ തട്ടിപ്പുകള്‍ പുറത്തുവന്നത്.

പോണ്ടിച്ചേരിയിലെ മരുന്ന് കമ്പനിയിലെത്തിയ ചാനല്‍റിപ്പോര്‍ട്ടര്‍ കൗതുകമെന്ന നിലയ്ക്കാണ് മുഖ്യമന്ത്രിയുടെ പേരില്‍ മരുന്ന് നിര്‍മിച്ചുനല്‍കുമോ എന്ന് കമ്പനി ഉടമയോട് ചോദിക്കുന്നത്. എന്നാല്‍ ഞെട്ടിക്കുന്ന മറുപടിയായിരുന്നു ഇയാളില്‍ നിന്നും ചാനല്‍ റിപ്പോര്‍ട്ടര്‍ക്ക് ലഭിച്ചത്. നിങ്ങള്‍ പറയുന്ന ഏത് പേരിലും ഏത് രൂപത്തിലും ഏത് നിറത്തിലും ഞങ്ങള്‍ മരുന്ന് നിര്‍മിച്ചു നല്‍കാമെന്നും അതിനായി 20 പേജ് അടങ്ങുന്ന ഒരു കരാര്‍ പൂരിപ്പിച്ചു നല്‍കിയാല്‍ മതിയെന്നും ഇവര്‍ പറയുകയായിരുന്നെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.


ഏത് പേരിലുള്ള മരുന്നിനും നിര്‍മാണ കമ്പനി കരാര്‍ നല്‍കും. തമിഴ്‌നാട്ടിലെ പോണ്ടിച്ചേരിയിലാണ് ഇത്തരത്തിലുള്ള നിരവധി വ്യാജ മരുന്ന് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്. ബാംഗ്ലൂര്‍, ചെന്നൈ, ഗുജറാത്ത്, ജമ്മുകാശ്മീര്‍, ഹിമാചല്‍പ്രദേശ് തുടങ്ങി നിരവധി സംസ്ഥാനങ്ങളില്‍ ഇത്തരത്തിലുള്ള വ്യാജ മരുന്ന് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഡോക്ടര്‍മാരുടെ കൂടെ ഒത്താശയോടെയാണ് ഇത്തരം മരുന്നുകള്‍ വിപണിയിലെത്തുന്നത്. വ്യാജമായി നിര്‍മിച്ചു ലഭിക്കുന്ന മരുന്നുകള്‍ വിപണിയിലെത്തിക്കുന്ന ഒരു ശൃംഖല തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.  ഒരു ജില്ലയിലെ 20 ഓളം ഡോക്ടര്‍മാരെ വേണ്ടവിധം കാണുകയും അവര്‍ക്ക് വലിയ കമ്മീഷന്‍ ഓഫര്‍ ചെയ്ത് മരുന്നുകളുടെ കുറിപ്പടി വാങ്ങുകയുമാണ് ഇവര്‍ ചെയ്യുന്നത്.

ഇത്തരത്തില്‍ നിര്‍മിക്കുന്ന മരുന്നുകള്‍ ഡോക്ടര്‍മാര്‍ പരിശോധിക്കുന്ന ആശുപത്രികള്‍ക്ക് സമീപമുള്ള മെഡിക്കല്‍ ഷോപ്പുകളില്‍ എത്തിക്കും. കൊള്ളലാഭം കൊയ്യാനായി മെഡിക്കല്‍ ഷോപ്പ് ഉടമകളുടെ ഒത്താശയും ഇതിനുണ്ട്. ഇത്തരത്തില്‍ ലക്ഷക്കണക്കിന് മരുന്നുകള്‍ കേരളത്തിലെ വിപണിയിലും എത്തുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ 5000 ത്തില്‍ താഴെ മരുന്നുകള്‍ മാത്രമാണ് ഇതില്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more