| Saturday, 20th June 2026, 7:35 am

മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നും നാളെയും ലീവില്ല; നീറ്റ് പരീക്ഷാ ക്രമക്കേട് തടയാനെന്ന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍

നിഷാന. വി.വി

ന്യൂദല്‍ഹി: നീറ്റ് പുനപരീക്ഷ നടക്കാനിരിക്കെ ജൂണ്‍ 20, 21 തിയതികളില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവധി നല്‍കരുതെന്ന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ (എന്‍.എം.സി). വിദ്യാര്‍ത്ഥികള്‍ക്ക് യാതൊരു കാരണവശാലും അവധി നല്‍കരുതെന്നാണ് കമ്മീഷന്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പരീക്ഷയിലെ ക്രമക്കേടുകളും ആള്‍മാറാട്ടങ്ങളും തടയുന്നതിനും പരീക്ഷയുടെ സുതാര്യത ഉറപ്പാക്കുന്നതിനുമുള്ള പ്രതിരോധ നടപടിയുടെ ഭാഗമായാണ് ഈ തീരുമാനമെന്നാണ് കമ്മീഷന്റെ വിശദീകരണം.

മുന്‍കാലങ്ങളില്‍ ചില മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ നീറ്റ് പരീക്ഷാ ക്രമക്കേടുകളിലോ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലോ പങ്കാളികളായതായി കണ്ടെത്തിയിരുന്നുവെന്നും ഇത് ആവര്‍ത്തിക്കാതിരിക്കാനാണ് ഈ കടുത്ത നിയന്ത്രണമെന്നും പ്രസ്താവനയില്‍ പറയുന്നു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഹയര്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ നിര്‍ദേശപ്രകാരമാണ് എന്‍.എം.സി ഈ പൊതു അറിയിപ്പ് പുറപ്പെടുവിച്ചത്. പരീക്ഷ അട്ടിമറിക്കാന്‍ സാധ്യതയുള്ള ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പെടാതിരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യമായ ബോധവല്‍ക്കരണം നല്‍കാനും കോളേജുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മേയ് 3-ന് നടന്ന നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ജൂണ്‍ 21-ന് കനത്ത സുരക്ഷയോടെ പുനഃപരീക്ഷ നടത്താന്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി തീരുമാനിച്ചത്.ഇത് വലിയ വിവാദങ്ങള്‍ക്കും നിരവധി വിദ്യാര്‍ത്ഥികളുടെ ആത്മഹത്യയ്ക്കും കാരണമായിട്ടുണ്ട്.

എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പുകള്‍ക്കും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാര്‍ക്കും എന്‍.എം.സി സെക്രട്ടറി ഈ നിര്‍ദേശം കര്‍ശനമായി പാലിക്കാന്‍ കത്ത് നല്‍കിയിട്ടുണ്ട്.

Content Highlight: Medical students will not have leave today or tomorrow; National Medical Commission says to prevent NEET exam irregularities

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more