| Wednesday, 6th August 2025, 6:51 pm

അനധികൃതമായി അവധിയെടുത്തു; 51 ഡോക്ടര്‍മാരെ പിരിച്ചുവിട്ട് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 51 ഡോക്ടര്‍മാരെ പിരിച്ചുവിട്ട് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്. അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടുനിന്നവര്‍ക്കെതിരെയാണ് നടപടി. ഡോക്ടർമാരെ പിരിച്ചുവിടാൻ ഉത്തരവിട്ടതായി വീണാ ജോര്‍ജ് അറിയിച്ചു.

ലീവെടുത്ത് മറ്റ് ജോലികള്‍ക്കും വിദേശത്തേക്ക് അടക്കം പോകുന്നുണ്ടെന്നും കാണിച്ച് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡോക്ടർമാർക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. അവധി റദ്ദാക്കി സര്‍വീസില്‍ തിരിച്ചുകയറണമെന്നായിരുന്നു നോട്ടീസിലെ പ്രധാന നിർദേശം.

പല തവണ അവസരം നല്‍കിയിരുന്നെന്നും എന്നാല്‍ ഇവരാരും തന്നെ സര്‍വീസില്‍ തിരിച്ചുകയറാനുള്ള സന്നദ്ധത കാണിച്ചില്ലെന്നും മന്ത്രി പറയുന്നു. തുടര്‍ന്നാണ് നടപടി എടുത്തത്.

ഇത്രയധികം നാളുകളായി സര്‍വീസില്‍ നിന്നും വിട്ടുനില്‍ക്കുന്നത് വകുപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ഇത്തരം ജീവനക്കാരെ സര്‍വീസില്‍ തുടരാന്‍ അനുവദിക്കുന്നത് അര്‍ഹരായ ഉദ്യോഗസ്ഥര്‍ക്ക് അവസരം നഷ്ടമാകുന്നതിന് കാരണമാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളിൽ നിലവിൽ ഡോക്ടര്‍മാരുടെ വലിയ കുറവ് ഉണ്ട്. ഇത്തരം സാഹചര്യത്തില്‍ മുന്നോട്ട് പോകാന്‍ ബുദ്ധിമുട്ടാണെന്ന വിവരം ഡോക്ടർമാരെ അറിയിച്ചിരുന്നു.

അതിനാലാണ് അടിയന്തിരമായി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് 51 ഡോക്ടര്‍മാരെയും പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. പകരം പി.എസ്.സി വഴിയുള്ള നിയമനം നടത്താനും അല്ലായെന്നുണ്ടെങ്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്താനുമാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിൻ്റെ നീക്കം.

2016 മുതൽ അനധികൃത അവധിയിലുള്ള 84 പേരുടെ വിവരങ്ങൾ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ വർഷം പട്ടികപ്പെടുത്തിയിരുന്നു. അവധിയിലുള്ളവരുടെ പേര്, സ്ഥാപനം, അവധി തുടങ്ങിയ തീയതി അടക്കം ഉൾപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയിരുന്നത്. ഈ ഡോക്ടർമാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും വീണ ജോർജ് അറിയിച്ചിട്ടുണ്ടായിരുന്നു. ജോലിയിൽ പുനർ പ്രവേശിക്കാൻ താത്പര്യമുള്ളവർക്ക് തിരികെ വരാമെന്നും വീണ അറിയിച്ചിരുന്നു.

Content Highlight: Medical Education Department dismisses 51 doctors for taking illegal leave

We use cookies to give you the best possible experience. Learn more