| Wednesday, 25th February 2026, 10:39 pm

ആരോഗ്യമന്ത്രിയുടെ കഴുത്തിന് ക്ഷതമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍; പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും

രാഗേന്ദു. പി.ആര്‍

കണ്ണൂര്‍: കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ കഴുത്തിന് ക്ഷതമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. മന്ത്രിയെ വിദഗ്ധ ചികിത്സയ്ക്ക് വിധേയമാക്കണമെന്നും മെഡിക്കല്‍ സംഘം പറഞ്ഞു. എം.ആര്‍.എ സ്‌കാനിങ് ഉള്‍പ്പെടെ നടത്തണമെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശം.

വീണ ജോര്‍ജിനെ പരിശോധിക്കുകയും ടെസ്റ്റുകള്‍ നടത്തുകയും ചെയ്തതായി മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നു. വിദഗ്ധ ചികിത്സയ്ക്കായി മന്ത്രിയെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന കെ.എസ്.യു പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരിക്കേറ്റത്. തുടര്‍ന്ന് മന്ത്രി വീണ ജോര്‍ജിനെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മന്ത്രിയുടെ കഴുത്തിനും കൈക്കുമാണ് പരിക്കേറ്റത്.

സംഭവത്തില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. അഞ്ച് പേര്‍ അറസ്റ്റിലാകുകയും ചെയ്തു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് അടക്കം അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്.

എം.സി. അതുല്‍, സി.എച്ച്. മുബാസ്, മുഹമ്മദ് യാസീന്‍, അക്ഷയ് മാട്ടൂല്‍, ബിഥുല്‍ എന്നിവരാണ് അറസ്റ്റിലായത്. നിലവില്‍ ഇവര്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലാണ് ഉള്ളത്.

പ്രതിഷേധം നടന്നത് റെയില്‍വേ സ്റ്റേഷന്റെ അകത്തായതിനാല്‍ വരും മണിക്കൂറുകളില്‍ ഇവരെ റെയില്‍വേ പൊലീസിന് കൈമാറുമെന്നാണ് വിവരം.

നിലവില്‍ സംസ്ഥാനത്തുടനീളം സി.പി.ഐ.എം-കോണ്‍ഗ്രസ് സംഘര്‍ഷം രൂക്ഷമാകുകയാണ്. കണ്ണൂര്‍ ഡി.ഡി.സി ഓഫീസിന് നേരെ കല്ലേറുണ്ടായതായി കോണ്‍ഗ്രസ് ആരോപിച്ചു.

വയനാട്, കോഴിക്കോട്, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുമായി ബന്ധപ്പെട്ട ഫ്‌ളക്‌സുകള്‍ കീറിയെറിഞ്ഞ നിലയില്‍ കണ്ടെത്തി.

വിവിധ ജില്ലകളിലെ കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് എസ്.എഫ്.ഐയും സി.പി.ഐ.എമ്മും മാര്‍ച്ച് നടത്തി. വരും ദിവസങ്ങളില്‍ പ്രതിഷേധം കടുപ്പിക്കുമെന്നാണ് ഇടത് വിദ്യാര്‍ത്ഥി സംഘടനകളുടെയും സി.പി.ഐ.എമ്മിന്റെയും നിലപാട്.

Content Highlight: Medical bulletin says Veena George has neck injury; will be shifted to Pariyaram Medical College

ഇനി ഓരോ പ്രധാന വാർത്തകളും നേരിട്ട് നിങ്ങളിലെത്തും. അം​ഗമാകൂ ഡൂൾന്യൂസ് വാട്സ്ആപ്പ് ചാനലിൽ

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more