തിരുവനന്തപുരം: വിളപ്പില്‍ശാല സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ മതിയായ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന പരാതിയെ തുടര്‍ന്നുള്ള വിവാദത്തില്‍ പ്രതികരണവുമായി ഡോക്ടറും എഴുത്തുകാരനുമായ മനോജ് വെള്ളനാട്.
കേരളത്തിലെ ഒരാശുപത്രിയില്‍ ഒരു രോഗി മരിച്ചാല്‍ ഒന്നുകില്‍ ‘ചികിത്സ കിട്ടാതെ’ മരിച്ചു, അല്ലെങ്കില്‍ ‘ചികിത്സാ പിഴവ്’ മൂലം മരിച്ചു എന്ന ചിന്താരീതിയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ട് കുറച്ചു നാളായെന്നും ഇതിന്റെ പ്രധാന പ്രായോജകര്‍ വാര്‍ത്തകള്‍ക്ക് വസ്തുതകള്‍ ബാധ്യത ആവരുതെന്ന് വല്ലാത്ത ശാഠ്യമുള്ള കേരളത്തിലെ മാധ്യമങ്ങള്‍ തന്നെയാണെന്നും അദ്ദേഹം പരിഹസിച്ചു.
രോഗിമരിച്ചത് ചികിത്സാ പിഴവ് മുലം തന്നെയാണോയെന്ന് വസ്തു
കളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കേണ്ടിയിരുന്നുവെന്നും എന്നാല്‍ മാധ്യമ വാര്‍ത്തകളില്‍ അതുണ്ടായില്ലെന്നും അദ്ദേഹം കുറ്റുപ്പെടുത്തി.
മാധ്യമ വാര്‍ത്തകളില്‍ വന്ന ആരോപണങ്ങള്‍ക്ക് എതിരായി വസ്തുതകളുടെ അടിസ്ഥാനത്തിലുള്ള വിശദീകരണവും അദ്ദേഹം പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്. രോഗിക്ക് ഗ്രില്ല് തുറന്ന് കൊടുത്തിട്ടില്ലെന്ന ആരോപണങ്ങള്‍ തെറ്റാണെന്നും രോഗി എത്തി രണ്ട് മിനിറ്റിനകം ഗ്രില്ല് തുറന്നതായി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ അറിയാമെന്നും അദ്ദേഹം പറഞ്ഞു.
ഡോക്ടര്‍ പരിശോധിക്കാന്‍ വൈകിയെന്നും വേണ്ട ചികിത്സ നല്‍കിയില്ലെന്നുള്ളതും വസ്തുതാ വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. രോഗിയെ നേരെ ഡോക്ടറുടെ കാബിനിലേക്കാണ് കൊണ്ട് പോയതെന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ കാണാമെന്നും ഒരു സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ശ്വാസം മുട്ടലുമായി വരുന്ന രോഗിക്ക് ചെയ്യാവുന്ന രണ്ട് തരം ഇഞ്ചക്ഷനും നെബുലൈസേഷനും ഓക്‌സിജനും രോഗിക്ക് നല്‍കിയതായി അറിയാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
‘സി.പി.ആര്‍ ബോധമുള്ള, പ്രതികരിക്കുന്ന, നടന്നു പോകുന്ന രോഗികള്‍ക്ക് കൊടുക്കുന്ന ചികിത്സയല്ല. അത് അബോധാവസ്ഥയില്‍ ഉള്ള പള്‍സ് ഇല്ലാത്ത രോഗികളിലേ ചെയ്യാന്‍ പറ്റൂ. മഹേഷിന്റെ പ്രതികാരത്തിലെ പട്ടാളക്കാരന്‍ ചെയ്യുന്നത് കണ്ട് അതാണ് സി.പി.ആര്‍ എന്ന് വിചാരിക്കരുത്,’ സി.പി.ആര്‍ നല്‍കിയില്ലെന്ന ആരോപണങ്ങള്‍ക്കുളള മറുപടിയായി അദ്ദേഹം പറഞ്ഞു.
രോഗി വരുന്നതും ഇതെല്ലാം സംഭവിക്കുന്നതും ആംബുലന്‍സില്‍ കയറി പോകുന്നതുമെല്ലാം മനുഷ്യസാധ്യമായ ശരിയായ വേഗതയില്‍ തന്നെയാണെന്നും എന്നിട്ടും രോഗി മെഡിക്കല്‍ കോളേജ് എത്തും മുമ്പേ മരിച്ചു. അത് ഭൗര്‍ഭാഗ്യകരമാണെന്നും എന്നുകരുതി അദ്ദേഹത്തെ വേണ്ട രീതിയില്‍ ചികിത്സിച്ച ആരോഗ്യ പ്രവര്‍ത്തകരും ആശുപത്രിയുമാണ് കാരണമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു.
‘അദ്ദേഹം വളരെ നേരത്തേ ഹൃദ്രോഗി ആയിരുന്നു. മരിക്കുന്നതിന് മൂന്നു ദിവസം മുമ്പും ഇതേ ആശുപത്രിയില്‍ ഇതേ ബുദ്ധിമുട്ടുമായി വരികയും വേണ്ട ചികിത്സ നല്‍കിയ ശേഷം തുടര്‍ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി ഹയര്‍ സെന്ററിലേക്ക് റെഫര്‍ ചെയ്തതുമാണ്. എന്നാല്‍ എന്തുകൊണ്ടോ അദ്ദേഹം അതിനൊന്നും പോയില്ല.
അപ്പോള്‍ എന്താണ് മരണകാരണം? ആര്‍ക്കും അറിയില്ല. അത് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലേ അറിയൂ. എന്നാല്‍ കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് അതിന്റെ ഒന്നും ആവശ്യമില്ല. അവര്‍ വിചാരണയും നടത്തി വിധിയും പറഞ്ഞു കഴിഞ്ഞു. ഇനി ഇതിന്റെ ശരിയായ വസ്തുതകള്‍ പുറത്തു വരുമ്പോള്‍ അവര്‍ എപ്പോഴെങ്കിലും വാര്‍ത്തയാക്കുമോ? ഏയ്, അതിലൊരു ത്രില്ലില്ല. ഇനി ശരിയായ വസ്തുത അറിയാന്‍ ഭൂരിപക്ഷം മലയാളികള്‍ക്കും താല്‍പ്പര്യമുണ്ടോ? ഒട്ടുമേ ഇല്ല എന്നതാണ് മറ്റൊരു സത്യം,’ അദ്ദേഹം പറഞ്ഞു.
ചികിത്സ വൈകലും ചികിത്സാ പിഴവുകളും സംഭവിക്കാവുന്ന കാര്യമാണ് കാരണം ഇതെല്ലാം ചെയ്യുന്നത് മനുഷ്യരാണ്. എന്നാല്‍ ഇതെല്ലാം വാര്‍ത്തയാക്കുന്നതിന് മുന്‍പ് വസ്തുതകള്‍ അന്വേഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘നമ്മുടെ പൊതുജനാരോഗ്യ സംവിധാനങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുളള എല്ലാവര്‍ക്കും വേണ്ടിയാണല്ലോ. അതിനെ അനാവശ്യമായി അപകീര്‍ത്തിപ്പെടുത്തിയതു കൊണ്ട് എന്ത് ഗുണമാണുള്ളത്?,’ അദ്ദേഹം ചോദിച്ചു.
Content Highlight: Media trial without investigating the real facts; Dr. Manoj Vellanad in the death of a 37-year-old at Vilappilsala CHC